Pages

09 July 2002

സിസേറിയന്‍



ഇരുള്‍ മൂടിയ മഹാഗുഹപോ-
ലോരോപ്പറേഷന്‍ തിയേറ്റര്‍.
അതിന്നകത്തു കശാപ്പിനായി
കൊണ്ടുപോകുന്ന ചെമ്മരിയാടി-
നേപ്പോലൊരു ഗര്‍ഭിണി.
പിന്നാലെ, സാത്താന്റെ
വേഷമണിഞ്ഞൊരു മനുഷ്യന്‍ 
അകത്തേക്കു പ്രവേശിക്കുന്നു.
ആളുകള്‍ ബഹുമാനപുരസ്സര- 
മയാളെ ഡോക്ടറെന്നു വിളിക്കുന്നു.
അയാള്‍ക്ക്‌ പിന്നാലെ 
മാലാഖമാരെ അനുസ്മരിപ്പിക്കുന്ന 
കുറെ തരുണീമണികളും .

ഗുഹാകവാടം അടഞ്ഞു.
കശാപ്പുകാര്‍ മുഖം മൂടികള്‍ ധരിച്ചു
കശാപ്പിനു തയ്യാറെടുത്തു.
ലോഹങ്ങള്‍ കൂട്ടിമുട്ടുന്ന
ശബ്ദകോലാഹലങ്ങളുള്ളില്‍
മന്ത്രധ്വനികള്‍ പോലുയരുന്നു. 
സ്ത്രീയുടെ ഗര്‍ഭത്തിനു മുകളി-
ലൊരു പന്തം പ്രകാശിക്കുന്നു.
അത് പ്രകാശം നല്‍കുന്നത്
ഗര്‍ഭ ഗൃഹത്തിനു മാത്രമാണ്.

നിരാലംബയാമജം കശാപ്പുകാരെ
ഭീതിയോടെ നോക്കുന്നു.
ആരുടെ വദനത്തിലും ദയ 
കാണായ്കയാല്‍ ചകിതയായി,
അവള്‍ ബോധരഹിതയായി.

പിശാചിന്‍റെ കരങ്ങളില്‍ കഠാര.
അയാള്‍ വനിതയുടെ 
ഗര്‍ഭഗൃഹം പിളര്‍ന്നു .
ചോര ഒരു പുഴപോലെ
അവളുടെ ശരീരത്തിലൂടൊഴുകി.
കുറച്ചുകൂടി കഴിഞ്ഞവേളയില്‍
ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കായി.
പിളര്‍ന്ന ഗര്‍ഭവാടം ഭദ്രമായി 
അടച്ചു, സാത്താന്‍ നെറ്റിമേല്‍
തങ്ങിയ വിയര്‍പ്പു തുടച്ചു.
അധരങ്ങളില്‍ ക്രൂരവും
സംതൃപ്തവുമാം പുഞ്ചിരിയോടെ
ഗുഹാകവാടം തുറന്ന്
പുറത്തെ അന്ധകാരത്തില്‍
അയാള്‍ അപ്രത്യക്ഷനായി.