Pages

31 January 2004

ആകാശത്തിനു കീഴെ ഒരു വ്രണിതഹൃദയന്‍റെ നെടുവീര്‍പ്പുകള്‍



ആകാശത്തിനു കീഴെ 
ഒരു 
വ്രണിതഹൃദയന്‍റെ നെടുവീര്‍പ്പുകള്‍


ഈ കറുത്ത മാനത്തിന് കീഴെ നാമിരുവരും മാത്രം 
നമ്മുടെ ഉൾക്കണ്ണുകളിൽ സ്വപ്നങ്ങളുടെ തിരയിളക്കം മാത്രം 
നമ്മുടെ ഹൃദയങ്ങളിൽ പ്രണയത്തിന്റെ മന്ത്രധ്വനികൾ മാത്രം 
ഇരുളിൽ, കനത്ത നിശ്ശബ്ദതയും ഏകാന്തതയും മാത്രം 
നമ്മുടെയരികിൽ നമ്മളും നമ്മുടെ പ്രണയവും മാത്രം.








            അനന്തമായ ആകാശത്തിനു കീഴെ അയാള്‍ ഏകനായിരുന്നു. അയാള്‍ ആകാശത്തിന്‍റെ  സാന്ദ്രനീലിമയിലേക്ക്‌ കണ്ണുംനട്ട് കുറെനേരം ഇരുന്നു.
            അയാളുടെ ദൃഷ്ടികള്‍ കടലിന്‍റെ അപാരതയിലേക്കു നീണ്ടു.
            ഈ കടല്‍ക്കരയില്‍ നിൽക്കുമ്പോൾ മുന്നിലുള്ളത് അനന്തമായ കടലും ആകാശവും മാത്രം. അവ്യക്തതയുടെ മഹാസാഗരം.
          എന്താണ് ചെയ്യേണ്ടത്? ആകാശത്തിലൂടെ പറന്നകലുന്ന പറവകളെപ്പോലെയാണ് ചിന്തകൾ. പൂർണ്ണവും സംതൃപ്തവുമായ ഒരു ഉത്തരം കിട്ടുന്നില്ല. മരിക്കാൻ തയ്യാറായി നിന്നിട്ടും അറിയാതെ ഒരു വിറയൽ. വേണ്ട എന്നൊരു ഉൾവിളി. കൊടുംകാട്ടിൽ ഒറ്റയ്ക്ക് നിൽക്കുന്നവന്റെ മനസ്സാണ് തനിക്കെന്നു തോന്നി.
          അയാൾ മനസ്സിനെ ശാന്തമാക്കാൻ ശ്രമിച്ചു. അയാളുടെ മനസ്സിൽ സുന്ദരമായ ഒരു മുഖം നിറഞ്ഞു. അയാളുടെ കണ്ണുകളിൽ രണ്ടു തുള്ളി കണ്ണുനീർ തുളുമ്പാൻ വെമ്പിനിന്നു.
          ആകാശം ഇരുളുകയായിരുന്നു. പുതിയൊരു പുലരിയ്ക്ക് വേണ്ടി ജനുവരിയിലെ അവസാനത്തെ രാത്രി അന്ധകാരത്തിൽ അലിഞ്ഞില്ലാതാവുകയായിരുന്നു.
          അയാൾ എഴുന്നേറ്റു. ഒരു നിമിഷം കൂടി കടലിനെ നോക്കിയശേഷം തിരിച്ചു നടന്നു.
          അയാൾ എത്തിയത് കടൽക്കരയിലുള്ള ഒരു മൂന്നാം കിട ബാറിലാണ്.
          ബാറിലിരുന്നു നാലാമത്തെ പെഗ്ഗ് തീർക്കുമ്പോൾ അയാൾക്ക്‌ കവിത എഴുതണമെന്നു തോന്നി. അയാൾ പോക്കറ്റിൽ നിന്ന് പേപ്പറും പേനയും എടുത്തു. അഞ്ചാം പെഗ്ഗ് നിറച്ചശേഷം അയാൾ എഴുതി.


ഈ കറുത്ത മാനത്തിന് കീഴെ നാമിരുവരും മാത്രം 
നമ്മുടെ ഉൾക്കണ്ണുകളിൽ സ്വപ്നങ്ങളുടെ തിരയിളക്കം മാത്രം 
നമ്മുടെ ഹൃദയങ്ങളിൽ പ്രണയത്തിന്റെ മന്ത്രധ്വനികൾ മാത്രം 
ഇരുളിൽ, കനത്ത നിശ്ശബ്ദതയും ഏകാന്തതയും മാത്രം 
നമ്മുടെയരികിൽ നമ്മളും നമ്മുടെ പ്രണയവും മാത്രം.

അയാൾ ആ കടലാസ്സ് ചുരുട്ടിക്കൂട്ടി. അത് കത്തിച്ച് ചാരം അഞ്ചാം     പെഗ്ഗിലിട്ടു. ഒറ്റവലിക്ക് അത് തീർത്ത് അയാൾ ആടിയാടി ഇരുളിലൂടെ നടന്നു.
          നിശീഥം ഫെബ്രുവരിയിലെ ആദ്യരാത്രിയിലെ ആദ്യമണിക്കൂറിലായിരുന്നു. കനത്ത ഇരുളിൽ ലക്ഷ്യരഹിതനെപ്പോലെ അയാൾ നടന്നു. അയാൾ  ചെന്നെത്തിയത് ഒരു ശ്മശാനത്തിലാണ്. ഗേറ്റിൽ പിടിച്ചു കുറേനേരം അകത്തേക്ക് നോക്കിനിന്നു. കല്ലറകൾക്കിടയിലൂടെ ഒരു നിഴൽ ചലിക്കുന്നത്‌ അയാൾ കണ്ടു. ആരോ തന്നെ വിളിക്കുന്നത്‌ പോലെ അയാൾക്കു തോന്നി.
          ഗേറ്റ് തള്ളി ത്തുറന്ന് അയാൾ അകത്തു കടന്നു. കല്ലറകൾക്കിടയിലൂടെ നടന്നു മാർബിളിൽ തീർത്ത മനോഹരമായ ശവകുടീരത്തിനു മുന്നിലെത്തി. അതിന്റെ മുന്നിലെ ഫലകത്തിന്മേൽ ഇങ്ങനെ എഴുതപ്പെട്ടിരുന്നു.

          അവൾ, എല്ലാ സ്വപ്നങ്ങളെയും ഹൃദയത്തിലൊതുക്കി, ഉറങ്ങുന്നു. അവളുടെ ചുണ്ടുകളിൽ ഇപ്പോഴും മായാതെ, മനോഹരമായ പുഞ്ചിരിയുണ്ട്.

          സ്വെറ്റ്ലാനാ ഫ്രാൻസിസ്ക്രൻടൌണ്‍. വയസ്സ് 20.

          അയാൾ ശവക്കല്ലറയ്ക്കു മുകളിൽ പകുതി ഉരുകിയ മെഴുകുതിരി തെളിയിച്ചു. ആ വെളിച്ചത്തിൽ അയാൾ ചുറ്റും നോക്കി, മറ്റൊരു കുഴിമാടത്തിനു മുന്നിൽ  ഒരു പെണ്‍കുട്ടി മുട്ടുകുത്തി നിൽക്കുന്നത് കണ്ടു. അയാൾ അവളുടെ അടുത്തേക്ക് ചെന്നു.
          കല്ലറയിലെ പേര് നോക്കി.

          നെൽസണ്‍ കേരീൻ.

          അയാളെ കണ്ടപ്പോൾ അവൾ എഴുന്നേറ്റു. രണ്ടു നിമിഷം അവളുടെ കണ്ണുകളിൽ നോക്കിയശേഷം അവളുടെ മുഖം കൈക്കുള്ളിൽ ഒതുക്കി ചുണ്ടുകളിൽ ചുംബിച്ചു. അവന്റെ നാവ് പാമ്പിനെപ്പോലെ തന്റെ നാവിനെ ചുറ്റിവരിയുന്നത്‌ അവളറിഞ്ഞു.
          അവൾ അയാളെ തട്ടി മാറ്റി.

          നിങ്ങൾ...നിങ്ങളാരാണ്‌?
          അലക്സാണ്ടർ മോണ്ട് ലിന്വാർഡു് .
          നിങ്ങളെന്തിനാണെന്നെ ചുംബിച്ചത്?
          എന്റെ കാമുകിയ്ക്ക്‌ വേണ്ടി.
          അവൾ?
          അയാൾ സ്വെറ്റ്ലാനയുടെ ശവകുടീരം ചൂണ്ടിക്കാട്ടി.
          നിന്റെ പേരെന്താണ്?
          എന.

          എന ഒരിക്കൽ ക്കൂടി ശവകുടീരത്തിലേക്ക് നോക്കിയശേഷം പറഞ്ഞു.
          ഞാൻ പോകുന്നു.
          അവൾ നടന്നു. ഗേറ്റിനു പുറത്ത് ഇരുളിൽ മറഞ്ഞ് ഒരു കാർ കിടപ്പുണ്ടായിരുന്നു. അവൾ അതിൽ കയറി. കാർ ഇരുട്ടിന്റെ ഹൃദയം പിളർത്തി അകന്നു പോയി.
          അതൊരു കറുത്ത മെഴ്സിഡെസ് കാറാണെന്ന് അയാൾ കണ്ടു.
          കോടമഞ്ഞ് മെല്ലെ പരക്കുന്നത് അയാളറിഞ്ഞു.
          സ്വെറ്റ്ലാനാ നീ പോയ ശേഷം ഞാൻ കനത്ത ഏകാന്തതയിലാണ്. എനിക്ക് ഈ ജീവിതം അസഹ്യമായി തോന്നുന്നു. ഓമനേ, നിന്റെ സാമീപ്യമില്ലാതെ  എനിക്ക് ജീവിക്കാനാവില്ല. അത് കൊണ്ട് ഞാൻ നിന്റെ അരികിലേക്ക് വരുന്നു.
          അയാൾ പേഴ്സിൽ നിന്നും ഒരു കാപ്സ്യൂൾ എടുത്തു വായിലിട്ടു കടിച്ചു.
          അന്തരീക്ഷം കോടമഞ്ഞിൽ മറഞ്ഞിരിക്കുകയായിരുന്നു. പതുക്കെ, വളരെ പതുക്കെ മഞ്ഞു അലിഞ്ഞു തീർന്നു .
          അടുത്ത ദിവസത്തെ പ്രഭാതം ഉദിച്ചത് അലക്സാണ്ടറിന്റെ മൃതശരീരത്തെ ഉറ്റുനോക്കിക്കൊണ്ടായിരുന്നു.


**********

26 January 2004

വിനീതം


ആ നീലമേഘത്തിന്‍റെ സുതാര്യതയിലോമനേ
       ഞാന്‍ കണ്ടതു നിന്നെയല്ലോ.
കാര്‍മേഘം നീങ്ങിത്തെളിഞ്ഞ മാനത് ഞാന്‍
       കണ്ടതു നിന്‍ രൂപമല്ലയോ.
സ്വപ്നങ്ങളൊളിച്ചിരിക്കുമെന്‍ ഹൃദന്തത്തിലെ 
       ദേവീശില്‍പം നീയല്ലോ.
കരളുരുകി ക്കേഴുമെന്‍ ഹൃദയത്തിനാശ്വാസം 
       നിന്‍ സാമീപ്യമല്ലയോ.
നീയെന്നില്‍നിന്നെത്ര ദൂരെയായാലും പ്രിയേ 
       നിന്‍ ആത്മാവെന്നരികിലില്ലേ.
എന്നാത്മാവിന്‍റെയലകളിലൊഴുകുന്നതോ നിന്‍റെ
       പ്രണയത്തിന്‍റെ മൃദുലഗീതങ്ങളും.

04 January 2004

ഓമനേ, നിന്നെ ഞാന്‍ ഇങ്ങനെ വര്‍ണ്ണിക്കുന്നു


സുന്ദരം സുരഭിലകാര്‍കൂന്തല്‍
അര്‍ദ്ധചന്ദ്രാകൃതം നെറ്റിത്തടം
വശ്യം നീലോല്‍പലമിഴികള്‍
കുറുതും എഴുന്ന നാസിക മോഹനം
പവിഴാധരയുഗ്മം പത്മദളം
ഗളം വലംപിരിശംഖാകാരം
വര്‍ണം കാര്‍വര്‍ണോപമം
നിന്‍ വദനം സുഭഗമോഹനം.

പയോധരയുഗ്മം സാനുതുല്യം
കരിവീട്ടിക്കാതല്‍ കരദ്വയം
പേലവാംഗുലികള്‍  നൃത്തമുദ്രകള്‍
വിടര്‍ന്ന ചെന്താമരയാമണിവയര്‍  
മോഹമേകും മദനപുഷ്പച്ചുഴി 
നിന്‍ ദേഹം മതിമോഹകം.
  
ചന്ദനക്കാതല്‍ കാല്‍രണ്ടു
ലക്ഷണയുക്തം പാദങ്ങള്‍.