Pages

25 January 2002

മോഹം

ഒന്നു ചുംബിക്കാന്‍ മോഹം
     ഓമനേ , നിന്നെ
കരവലയത്തിലൊതുക്കുവാന്‍  മോഹം
     അധരദളപുടങ്ങളില്‍ 
ചുംബനചെംപുഷ്പങ്ങളര്‍പ്പിക്കാന്‍    മോഹം  
     നീര്‍മിഴികളില്‍
കവിതകളെഴുതുവാന്‍ മോഹം  
     കുചശൈലങ്ങളില്‍ 
ശിരസ്സമര്‍ത്തിക്കിടന്നു മയങ്ങാന്‍ മോഹം
     കപോലങ്ങളില്‍
ചിത്രങ്ങളെ ഴുതുവാന്‍ മോഹം
     കാര്‍കൂന്തലില്‍
മുഖമൊളിപ്പിക്കുവാന്‍ മോഹം
     തവ തളിര്‍മേനിയെ
ആലിംഗനം ചെയ്യുവാന്‍ മോഹം
     പ്രിയേ , നിന്നെ
പ്രണയതരളിതയാക്കുവാന്‍ മോഹം     
   

14 January 2002

ദേവപ്രീതി


രാവിന്‍റെ നിഴല്‍പ്പാടുകള്‍ നീളുന്നു
പുഴയുടെ ഗര്‍ഭം പിളരുന്നു
ഇരുണ്ട രാത്രിയില്‍ കത്തിമുനകള്‍ തിളങ്ങുന്നു
ഒറ്റക്കണ്ണനാമാകാശം ശൂന്യതയിലലയുന്നു
കാക്കകള്‍ ബലി ചോറിനായി കരയുന്നു
കഠാരകള്‍ ചോരയ്ക്ക് ദാഹിക്കുന്നു
ജാതി ജാതിയെ കൊല്ലുന്നു
മതം മതത്തെ ബലാല്‍സംഗം ചെയ്യുന്നു
നശിക്കുന്നതോ, മനുഷ്യകുലം മാത്രം.

ആരാണ് പുഴയുടെ 
ഗര്‍ഭം പിളര്‍ത്തിയത്?  
ആരാണ് കൂടുതല്‍ പേരെ 
കൊന്നൊടുക്കിയത്?
ആരുടെ കഠാരിയ്ക്കാണ്
ദാഹം മാറാത്തത്?
കൊല്ലൂ , ഹിന്ദുക്കളെ കൊല്ലൂ
ഇസ്ലാമുകളെ കൊല്ലൂ
എല്ലാവരെയും കൊല്ലൂ
കൊല്ലൂ , കൊല്ലൂ , കൊല്ലൂ...
ഞങ്ങള്‍ , ദൈവങ്ങള്‍
ചോര കുടിച്ചാനന്ദിക്കട്ടെ 
ഭൂമി ചുവക്കട്ടെ
ധരയുടെ പൊക്കിള്‍ച്ചുഴി 
രക്തം കൊണ്ട് നിറയട്ടെ
അവളുടെ മാറിടങ്ങള്‍
ചുടുനിണം ചുരത്തട്ടെ
ഞങ്ങള്‍ , ദൈവങ്ങള്‍
രക്തം കുടിച്ചു
ഉന്മാദ നൃത്തമാടട്ടെ.

09 January 2002

ഹൃദയശാരിക


ശകടാസുരന്മാര്‍ നിറഞ്ഞൊഴുകുമീ  നിരത്തില്‍
കാത്തുനില്‍ക്കുകയാണ് ഞാനൊരു  സ്വപ്നത്തെ,
എന്‍ ഹൃദയം കവര്‍ന്ന  സൌന്ദര്യകുസുമത്തെ.

നിമിഷങ്ങളൊന്നൊന്നായ്  പൊഴിഞ്ഞുകൊണ്ടിരുന്നു ,
ഞാന്‍ കാത്തുനില്‍ക്കും പെണ്ണവളെത്തിയില്ല.
ശകടാസുരന്മാര്‍  അലറിപ്പാഞ്ഞുകൊണ്ടിരുന്നു.

നിരത്തിലൂടെ എത്രയോ പേര്‍, ലക്‌ഷ്യമില്ലാതെയും
വിദൂരമാം ലക്‌ഷ്യങ്ങള്‍ തേടിയും ,പൂര്‍ത്തിയാകാത്ത 
ജോലിയുടെ ശേഷിപ്പ് തീര്‍ക്കാന്‍ ധൃതിയിലും,
ആരെയും ശ്രദ്ധിക്കാതെ പോകുന്നു.

സ്ത്രീകള്‍, പുരുഷന്മാര്‍, യുണീഫോം ധരിച്ച 
കുട്ടികള്‍; വൈവിധ്യങ്ങളാം  വസ്ത്രങ്ങള്‍ 
ധരിച്ചുകൊണ്ടവര്‍ കടന്നുപോയ്ക്കൊണ്ടിരുന്നു.

എല്ലാം ചലിക്കുന്നു, മനുഷ്യരും വാഹനങ്ങളും 
ഞാനുമെന്‍ ഹൃദന്തവും മാത്രം നിശ്ചലമായി 
നിരത്തിന്‍  സമീപം  നിലകൊള്ളുന്നു.

ഒടുവിലെന്‍ നീണ്ട കാത്തിരിപ്പിനു ശേഷം 
അവള്‍ വന്നു, ചുണ്ടില്‍ മന്ദസ്മേരവുമായ്,
എന്‍റെ പ്രണയിനി, മാനസമണിയററാണി.

ആ വദനദര്‍ശനം മതിയെന്‍ ജീവിതം 
സഫലമാകുവാന്‍, ആത്മാവിനു നിര്‍വൃതി നേടാന്‍.
അവളെയെന്നെന്നും കണ്മുന്നില്‍ കാണ്മാന്‍ 
മമമാനസം വേപഥുപൂണ്ടിരിപ്പൂ.

എന്‍ ഹൃദയശാരികയവളെത്ര സുന്ദരി ,
അവളുടെ സൌന്ദര്യമെത്ര അവാച്യം 
നീണ്ട കാര്‍കൂന്തലിന്‍ കാളിമയെത്ര അഗാധം 
അമാവാസിയെക്കാളെത്ര ഇരുണ്ടവര്‍ണ്ണം.

അതിമനോഹരങ്ങളാം നേത്രങ്ങളിലെ
തിളക്കത്തെ ജയിക്കാനൊന്നുമില്ലീ ധരയില്‍.
പേടമാന്‍കണ്ണുകളും അവളുടെ മിഴികള്‍ക്കരികില്‍
സ്വര്‍ണ്ണസിംഹാസനത്തിന്നരികിലെ കല്‍മണ്ഡപം .

ലക്ഷണമൊത്തതാണവളുടെ നാസിക.
രുധിരവര്‍ണ്ണമെഴുമധരങ്ങളെജ്ജയിക്കാന്‍ 
പ്രകൃതിയിലെ ചുവപ്പുനിറത്തിനുമാവില്ല.

കവിളുകളിലെ മനോഹരങ്ങളാം നുണക്കുഴികള്‍ 
പത്തരമാറ്റുതങ്കത്തെയും തോല്‍പ്പിക്കും.
ആ മുഖചൈതന്യമെത്ര  അവര്‍ണ്ണനീയം.

എന്‍ പ്രേമമയൂരമേ, ഹൃദയശാരികേ, 
ഹൃദയഹാരിണീ, പ്രണയസൌഗന്ധികമേ,
സ്വപ്നശലഭമേ, മാനസമണിവീണാനാദമേ,
പ്രണയകുസുമമേ, അഭിലാഷസാഗരമേ,
പ്രേമസ്വരൂപിണി, നവവിപഞ്ചികേ,
നിന്നെയെത്ര വര്‍ണ്ണിച്ചീടിലും മതിയാമോ 
പ്രിയേ, എന്നിലെ കവിയ്ക്ക്.

നീയാണെന്നെ കവിയാക്കി മാറ്റിയത് 
നിന്‍റെ പ്രേമം മൂലം ഞാന്‍ കവിയായി.
ഓമനേ, നിന്നെക്കുറിച്ചെത്ര പാടിയാലും 
നിറുത്തുമോ മമ മാനസം, ലോകം ശൂന്യമായാലും 
അവസാനിക്കുമോ നമ്മുടെ പ്രണയബന്ധം.
കവിയാണ്‌ ഞാനോമനേ, നിന്നെ വര്‍ണ്ണിക്കട്ടെ.

04 January 2002

ചെമ്പനിനീര്‍



ഓര്‍ക്കുന്നുവോ പ്രേമഭാജനമേ, നാമാ-
ദ്യമായിക്കണ്ടുമുട്ടിയ സായംസന്ധ്യ.
ആര്‍ക്കനസ്തമിക്കും നേരം നാമിരുവരും 
ആഴിക്കരികിലൂടെ നടന്നുകൊണ്ടിരുന്നതും 

അലയടിച്ചുവരുന്ന തിരമാലകള്‍ തഴുകി 
തവ തങ്കക്കൊലുസുകള്‍ പുഞ്ചിരിച്ചതും 
നിന്‍ കരിങ്കൂന്തലിലൂടെയെന്‍ വിരലുകളി-
ഴഞ്ഞതും നിന്‍ മടിയില്‍ക്കിടന്നു ഞാന്‍ 

മയങ്ങിയതുമോര്‍മ്മയില്‍ തെളിയുന്നുവോ.
എത്രയോ യുവജോഡികള്‍ നമുക്കരികിലൂടെ-
ക്കടന്നുപോയി; ആരിലും ശ്രദ്ധ പതിപ്പിക്കാതെ 
നാമും നമ്മുടേതു മാത്രമാം ലോകത്തില്‍ 

നമ്മുടെതാം ചിന്തകളില്‍ മുഴുകിയലഞ്ഞു.
നാമാരെയും കണ്ടില്ല , നമ്മെയെല്ലാരും 
കണ്ടെന്നാകിലുമാരെയും ശ്രദ്ധിച്ചില്ല നാം,
നമ്മെയെല്ലാരും ശ്രദ്ധിച്ചിരുന്നെങ്കിലും .

അന്നിരുള്‍ വീഴുന്ന നേരമായിരുട്ടില്‍ 
നീയെന്‍ വലതുകവിളിലേകിയ ചുടു-
ചുംബനമിന്നുമെന്‍ സ്മൃതിപഥത്തിലുണ്ട്.
അന്ന് നാമിരുവരും വേര്‍പിരിഞ്ഞകലും

മുമ്പ് നിനക്ക് ഞാനേകിയ ചെമ്പനിനീര്‍
പുഷ്പമിന്നും അമൂല്യസമ്പത്തായിക്കരുതി 
നീ സൂക്ഷ്മതയോടെ  സൂക്ഷിച്ചിരിക്കുന്നോ?
അടുത്ത പ്രഭാതത്തിലോമനെ, നിന്നെ 

കാണുവാന്‍ വന്നപ്പോളെന്‍റെ കരങ്ങളില്‍ 
ചെമന്ന പനിനീര്‍പ്പൂക്കളെത്രയെണ്ണ -
മുണ്ടായിരുന്നെന്നു നീയോര്‍ക്കുന്നുണ്ടോ?
നാമിരുവര്‍ക്കുമിടയിലെയീയന്തരമിതെത്ര 

കാലം തുടരുമെന്നെനിക്കോ നിനക്കോ അറിയില്ല.
തവദു:ഖാര്‍ത്തമാനസം കാണുവാനെനിക്കില്ലേതും
കരുത്തും കെല്‍പ്പുമെന്നറിക സഖീ, കാണില്ല നിന്നെ.
എങ്കിലും കാണാതെ ഞാന്ജീവിക്കുവതെങ്ങനെ.

നിന്‍ ദര്‍ശനമാണെന്നുച്ച്വാസവായു.
എന്നാണു മല്‍പ്രിയെ, നാമിരുവര്‍ക്കുമിടയിലെ 
വേര്‍പാടിന്‍ ഗോപുരം തകര്‍ന്നടിയുക.
എന്നാണു നിന്നെ ഞാന്‍ ഒരു ചെണ്ട്

ചെമ്പനീര്‍പ്പൂക്കളും നീ ചുണ്ടില്‍ 
ചുംബനകുസുമങ്ങളുമായി വീണ്ടും കാണുക.
ആ ദിവസത്തിന്‍റെ കാരാഗൃഹവാടങ്ങള്‍
തുറക്കപ്പെടാനായി പ്രാര്‍ത്ഥിക്കുന്നു മേ.