Pages

25 December 1999

മൃത്യുഗീതം

 date:n.a.a

എങ്ങോ കത്തിയമരുകയാണൊരു ചിത
ഏതോ ഓര്‍മ്മകളില്‍ പൊതിഞ്ഞ ചിത
അഗ്നിതന്‍ താണ്ഡവത്തില്‍ മറയും
ഇരുളും തണുപ്പും, ഉഗ്രതാപത്താല്‍
വിറകൊള്ളുമീ ഓര്‍മ്മകള്‍ പരിധൂസരം.

ഉയരങ്ങളില്‍ കഴുകന്മാര്‍ പറക്കവേ
ഓര്‍മ്മകള്‍തന്‍ കനലെരിഞ്ഞൊടുങ്ങി
മറവിതന്‍ ശരമേറ്റു കീഴടങ്ങി തപ്തമെന്‍
മനസ്സിലെക്കാലത്തെയുമെന്നത്തെയും
പോലെ ഞാന്‍ കാത്തയെന്നോര്‍മ്മകള്‍

അവളായിരുന്നെന്‍ അനുരാഗപൂര്‍ണ്ണിമ
അവളായിരുന്നെന്‍ ഹൃദയസ്പന്ദനം 
വസന്തങ്ങളില്‍ ആറാടിയ സ്വപ്‌നങ്ങള്‍
അവളായിരുന്നെന്‍ ഹൃദയകാര്‍ത്തിക

ഓര്‍മ്മകള്‍തന്‍ സുവര്‍ണ്ണതേരിലേറി
ഏതോ അജ്ഞാത തീരത്തേക്ക് ഞാന്‍
പ്രിയേ, നിന്നെയോര്‍ത്ത് കുതിക്കവേ
മനസ്സില്‍ മായാതെ മങ്ങാതെ നിന്‍രൂപം
ഉഗ്രപ്രഭയോടെ  പ്രകാശിക്കുന്നു.
ആ പ്രകാശധാരയില്‍ ഞാന്‍ നോക്കവേ
എന്നെത്തന്നെ വിസ്മരിക്കുന്നു.

ഈ അജ്ഞാതതീരത്തിലെത്താന്‍
ഇനിയുമെത്ര കാലം കാത്തിരിക്കണം ഞാന്‍.
നീയോ മൃതേ, എന്‍ വേദനകണ്ടു
പുഞ്ചിരിക്കുന്നു, നീ ആഹ്ലാദിക്കുന്നു.
ഞാനനുഭവിക്കുന്ന വേദന എങ്ങനെയറിയും,
നീ നിത്യശാന്തിയില്‍ ലയിച്ചവള്‍, നിഹത.

നിന്റെ ചിത കത്തിയമരുകയാണെന്‍
ഹൃത്തിനെ അഗ്നിക്കിരയതാക്കുന്നു.
ഇനിയും കത്തിത്തീര്‍ന്നിട്ടില്ലീ ചിത
ഒരുനാളും കത്തിയമരുകയില്ലീ ചിത
അന്ത്യം വരേയ്ക്കും അതെന്നെയതിന്റെ
ഉഗ്രതാപത്താല്‍ ചുട്ടുപൊള്ളിക്കും.
എന്‍ വേദന തന്നുച്ചകോടിയില്‍
പുളയുന്നു ഞാന്‍ നിരന്തരം.

എന്നില്‍ നിന്നകന്നു നീ, എന്നെ ഏകനാക്കി
ധരയില്‍ എനിക്ക് തുണയിന്നാരുണ്ട്‌.
എന്നില്‍നിന്നെന്തിനു പിരിഞ്ഞു നീ
വിധിതന്‍ കരാളഹസ്തം നമ്മെ
അകറ്റിയതസൂയ കൊണ്ടോ, പ്രിയതമേ.

ഇതാ ഞാന്‍ കാത്തിരിക്കുന്നു
നിന്നിലേക്ക്‌ ഞാനലിയുന്ന
സുന്ദരമുഹൂര്‍ത്തത്തിനായി.
ചുറ്റിനുമോര്‍മ്മകള്‍ പറന്നീടവേ
അവ താപത്താലെന്നെ ചുട്ടുപൊള്ളിക്കുന്നു.
ഓര്‍മ്മകള്‍, ഓര്‍മ്മകള്‍ ഭ്രാന്തു പിടിക്കു-
മോര്‍മ്മകള്‍, നിന്റെ ഓര്‍മ്മകള്‍
അതെന്നില്‍ അഗ്നിപര്‍വ്വതമായി
പുകയട്ടെ, ആ പുകയില്‍ അലിഞ്ഞു
ഞാന്‍ മറ്റൊരഗ്നിപര്‍വ്വതമായി
പൊട്ടിത്തെറിച്ചു അന്ത്യം പ്രാപിക്കട്ടെ.

^^^^^^^^^^^^^^^^^^^^^^^^^^^^^^^

24 December 1999

നിശാഗന്ധികള്‍

 date: n.a.


ഉയരുന്നു അന്ധകാരം
വന്‍ കോട്ടമതില്‍ പോലെ.
ഇരുളില്‍ സര്‍വ്വവും
ശ്യാമളവര്‍ണ്ണം, അസാദ്ധ്യം
ഒരു വസ്തുവെ കാണാന്‍.

നിലയ്ക്കാതെ നിർഗ്ഗളിക്കും
നിർഘോഷങ്ങളിൽ
നിഖിലചേതസ്സും
ഭീയാലാനകം മുഴക്കവേ
നിദ്രാവിഹീനരാം
നരിജാലങ്ങൾ
ഊളിയിട്ടു ; ചിറകടിച്ചു,
പറന്നുകൊണ്ടിരിക്കുന്നു
മൂങ്ങകളും വവ്വാലുകളും.
എവിടെനിന്നോ കേൾക്കുന്നു
കാലൻകോഴികളുടെ കൂവൽ.

സംവേശരഹിതനായ്
ഞാനിരിക്കുകയാണ്
എൻ കാമിനിതൻ മരന്ദ-
മൊഴുകും സ്മരണകളിൽ.
അഗ്നിയായ് നീയെന്നിൽ
ആളിപ്പടർന്നിറങ്ങുന്നു,
എന്നോ അതിഥിയായ്
മാത്രം കടന്നുവന്ന നീ.

തീച്ചൂളയിലിരിക്കുന്നു ഞാൻ
നിന്നോർമ്മകളിൽ നീറി-
പ്പിടയുന്നു ഞാൻ, അനിശം.
ഒരു പല്വലത്തിൽ നിന്നും
ഉയരുന്നില്ല മന്ദമാരുതൻ പോലും!
എൻ കരളിനാശ്വാസമേകുവാൻ
ഇല്ലയെങ്ങുനിന്നും ഗീതങ്ങൾ.

നികടത്തായ് നീയുണ്ടെങ്കിൽ
നിർശോകനായ് നിന്നേനെ
നിന്റെയീ നിർജ്ജരൻ.
വിഷധരങ്ങൾ  ചീറ്റുമീ
വിഷമേറ്റു  വീഴുന്നു ഞാൻ,
വിഷഹാരിയായ് വിണ്ടലകന്യകേ
വനവൃക്ഷങ്ങളോളം വേണി
വരാംഗത്തിലുള്ളവളേ ,
വീചികൾ ഹൃദയത്തിലുയർത്തി
വരൂ, നീ വരൂ.

നിഗ്രഹിച്ചു ഞാന്‍ സ്വപ്നങ്ങളെ,
അവ രക്തഭീജനെപ്പോല്‍
ഉയിര്‍ക്കുന്നു വീണ്ടും.
സൂര്യേന്ദുവിൻ  തിമിരവും
നിന്‍ കുന്തളത്തെ തോല്‍ക്കും.
നിന്‍ മിഴികളിലെ നീലിമ
വിഹായസ്സിനെ ജയിക്കും.
നിന്‍ സുന്ദരവദനകാന്തി
എന്‍ സങ്കല്‍പങ്ങളെ ജയിക്കും.

പിണങ്ങിപ്പിരിയാനും  മാത്ര-
മായോ നമ്മള്‍ ചേര്‍ന്നത്‌.
നിന്‍റെ മാനസസാര്‍വ്വഭൗമന്‍,
നിന്‍റെ മാനസകണ്ഠീവരൻ ഞാൻ.
ഇന്നു നീ അകലെ, ഞാനോ
ആതങ്ക വിവശനായ്‌
ആളീ , നിന്നെയോർത്തിരിക്കുന്നു .

ഗൗരവർണ്ണേ, പ്രിയതമേ,
വനപ്രിയനാദസ്വരൂപിണി
എങ്ങനെ നിന്നെ ഞാൻ
മറന്നിടും, നിന്റെ പ്രണയ
സൗരഭ്യം നീയെന്നിൽ
ചാർത്തിയതെങ്ങനെ
ഞാൻ വിസ്മൃതിയിലാക്കും.

നിശയുടെ വേദനപൂർണ്ണ
യാമങ്ങൾ എന്നുള്ളിൽ
നിറഞ്ഞുനിൽക്കുമ്പോൾ
ചുറ്റിനും ഘോരഘോഷങ്ങൾ
എന്നെ ചുട്ടുപൊള്ളിക്കവേ
ശ്വേതവർണ്ണേ നിൻവദനം
നീഹാരകണികയായ്
ജലതരംഗങ്ങളായ്
എന്നെ തണുപ്പിക്കുന്നു.

വിരഹവേദനയാൽ
സമസ്തവും മേചകമായി .
ഇരുളിൽ എവിടെയോ
നിശാഗന്ധികൾ പൂത്തുവിടർന്നു .
സൃഗാലവൃന്ദം അവയ്ക്ക് ചുറ്റും
നിനദമുയർത്തിയിരിക്കവേ
എൻഹൃത്തിൽ ഊർമികൾ
സ്മരണകൾതൻ തിരകൾ
പാരാവാരതരംഗങ്ങൾ
നിറഞ്ഞു നിൽക്കവേ
മറ്റൊരു നിശാഗന്ധിയായ്
ഞാനുമീയന്ധകാരത്തിൽ
വസിരമായി ലയിച്ചു.

##################### 

മധുരപ്രതീക്ഷകള്‍

 date:n.a.


മറന്നില്ല ഞാന്‍ നിന്നെ 
വര്‍ഷങ്ങളേറെക്കഴിഞ്ഞിട്ടും.
മറക്കില്ല ഞാന്‍ നിന്നെയൊരിക്കലും.

നീയെന്‍ ഹൃദയത്തിന്‍ 
സേതുബന്ധനത്തില്‍ കുടുങ്ങീടവേ 
മറവിയെന്ന അനുഗ്രഹമേകാന്‍ 
എന്തേ ഈശ്വരനോര്‍ത്തില്ല.

നിന്നോര്‍മ്മയാല്‍ ഞാന്‍ തപ്ത-
മാനസനായ്ക്കഴിയുവാനോ; ജന്മം
ഈ ധരയില്‍ അലയുവാന്‍,
വിധിച്ചതെനിക്കിതോ ദേവകള്‍.

എന്‍റെയോരോ ഹൃദയസ്പന്ദനവും
നിന്‍റെ പേര് വിളിച്ചോതുന്നു.
എന്‍ തിരുനെറ്റിയില്‍ കുറിച്ചതോ
നിന്‍റെയാ പേര് മാത്രം.

നീയിന്നെന്‍റെ ആത്മാവിന്‍റെ
വിലാപകാവ്യമായിത്തീര്‍ന്നിതാ.
ഏതോ അപൂര്‍ണ്ണഗാനമാണ് നീ.
എന്‍ നെഞ്ചിലെ ചൂടില്‍
നിന്നോര്‍മ്മകളെന്തേ കരിഞ്ഞില്ല.

എന്‍റെ അധരങ്ങളില്‍ നിന്നും
നിന്‍റെ ശബ്ദനാദങ്ങളിതാ
ഉയരുന്നു ചുറ്റിനും കോട്ടപോലെ.
നിന്‍റെ മൃദുമന്ത്രണങ്ങള്‍ ഞാന്‍
കേള്‍ക്കുന്നു; ഞാന്‍ ഭ്രാന്തനായോ?

ഏകാന്തയാമങ്ങളില്‍ ഞാന്‍
നിന്നെയെന്‍റെ കിനാക്കളില്‍ കണ്ടു.
നിര്‍മ്മലേ, നീയെന്നെ തലോടി.

സുപ്തോത്ഥിതഭാവതിലെന്‍
കണിയാണ് നീ, എല്ലാ ദിനവും
നിന്നോടുള്ള പ്രണയമെന്നെ
മത്തനാക്കുന്നു, നിന്‍ മധു
നുകര്‍ന്ന് ഞാന്‍ മത്തനായി.

നീയെന്‍റെ മടിയില്‍ തലചായ്ച്ചു
കിടന്നിരുന്ന സന്ധ്യകളോര്‍മ്മകള്‍.
എന്‍റെ വിരിഞ്ഞമാറില്‍
നിന്‍ വിരലുകള്‍ തഴുകുന്നതും
നീയെന്‍റെ കപോലങ്ങളില്‍
സമര്‍പ്പിച്ച ഓരോ ചുംബനവും
എങ്ങനെയാണ് വിസ്മൃതിയിലാവുക.

എന്നില്‍ നിന്ന് നീ ഏറെ ദൂരെ-
യാണെങ്കിലും, തപ്തനെങ്കിലും
നിന്‍റെ ഓര്‍മ്മകളില്‍ മാത്രമാണ്
ഞാനിപ്പോഴും ജീവിക്കുന്നത്.

നിന്‍റെ വരവിനായ് കാത്തിരിക്കുന്നു
തുടിക്കുമെന്‍ മനം.
ആ പൊന്‍പുലരികള്‍ക്കായ്‌ ഞാന്‍
കാത്തിരിക്കുന്നു; ഓ ജീവനേ
അത്ഭുതം കൂറുന്നു ഞാനെങ്ങനെ
നീയില്ലാതെ ഇത്രയും കാലം
ജീവിച്ചിരുന്നൂ ഈ പൃഥ്വിയില്‍.

യുഗങ്ങളേറെക്കഴിഞ്ഞതുപോലെ.
പക്ഷേ, ഓരോ യുഗവും ഞാന്‍
നിന്നെ മാത്രം ധ്യാനിച്ച കാമുകന്‍.
നിന്‍റെയോര്‍മ്മകള്‍ നല്‍കിയതാണീ
പുതുജീവന്‍, ജീവിച്ചിരിക്കുന്നു
ഞാന്‍ നിന്നെ വരവേല്‍ക്കാന്‍.

നിന്‍ ചുംബനത്തിന്‍ ലഹരി
അകന്നു പോയെന് ചുണ്ടില്‍നിന്നും
നിന്‍ പരിരംഭണത്തിന്‍ സുഖം
അകന്നുപോയെന്‍ ദേഹത്തില്‍
നിന്നും, ആത്മാവകന്നപോല്‍.

നിന്നെ പുണരാന്‍ ത്രസിക്കുമെന്‍
കൈകളില്‍ നിന്‍ ദേഹത്തിന്നിളം
ചൂടിപ്പോഴും തങ്ങിനില്‍പ്പുണ്ടോ?
നിന്‍ നേത്രങ്ങളിലെ ശാന്തത
ഇപ്പോഴും എന്‍റെ ചുണ്ടുകളിലുണ്ടോ?

*****

ഓ പ്രിയനേ, ഋതുക്കള്‍ നമുക്കായി
കൊഴിഞ്ഞുവീണതറിഞ്ഞില്ലേ നീ.
വസന്തങ്ങൾ നമുക്കായി പൂ ചൊരിഞ്ഞതും
വർഷങ്ങൾ മഴയായി പൊഴിഞ്ഞതും
എത്ര ദ്രുതഗതിയിലായിരുന്നു.

ഓ പ്രിയനേ, നിന്റെ ഒര്മകളെന്നെ
ആനന്ദത്തിന്റെ വീഞ്ഞ് കുടിപ്പിച്ചു.
നിന്റെ ചുംബനത്തിന്റെ ലഹരി
എന്റെ തലയ്ക്കു പിടിച്ചിരിക്കുന്നു.

നിന്റെ പക്കലെത്താൻ എന്നുള്ളം
സദാ ത്രസിച്ചുകൊണ്ടിരിക്കുന്നു.
നിന്നിൽ നിന്നകന്ന ഓരോ നിമിഷവും
എനിക്ക് ഏകാന്തതടവറയിലെ
യുഗങ്ങളെപ്പോലെയായിരുന്നു.

നിന്റെ മാറിൽ തലചായ്ക്കാൻ
ഞാൻ എത്രയും പെട്ടെന്ന് നിൻ
സവിധത്തി ലെത്തും, നിന്റെ ദൃഢമായ
ആലിംഗനങ്ങൾക്കായി എന്റെ
മൃദുലമായ ദേഹം വിറകൊള്ളുന്നു.

നിൻ  ഘനഗംഭീരശബ്ദം
ഞാൻ ചുറ്റിനും കേൾക്കുന്നിതാ.
ഏകാന്ത യാമങ്ങളിൽ ഞാൻ
നിന്നെയെൻ കിനാക്കളിൽ കണ്ടു.
സത്തമാ, നീയെന്നെ പുണർന്നു .

എൻ മാറിടത്തിന്റെ തുടിപ്പുകൾ
നിന്റെ നാമം വിളിച്ചോതുന്നു.
നീ എന്നിൽനിന്നും എത്രയോ
അകലെയാണ്, പക്ഷേ , നിന്റെ
ആത്മാവ് എന്നരികിൽത്തന്നെ
നങ്കൂരമിട്ട കപ്പൽകണക്കുണ്ട്.

നിന്റെ ചാരെ ഞാനണയുന്ന
പൊൻ പുലരികൾക്കായ്‌ ഞാൻ
കാത്തിരിക്കുന്നു; എന്റെ നാഥാ,
ആ പുലരികൾ ദ്രുതഗതിയിൽ
ചാരെ അണഞ്ഞെങ്കിൽ.
മധുരപ്രതീക്ഷകളായ് അവ
എന്നെ ആനന്ദഭരിതയാക്കുന്നു.


***********************************

12 December 1999

മേഘപാളികള്‍

date: n.a.

ഞാനൊരു ദു:ഖഗായകന്‍
ഞാനൊരു വിരഹകാമുകാന്‍
നിന്നെയോര്‍ത്ത് തപിക്കുമൊരു
വേഴാമ്പലിന്‍ സംഗീതമാണ്‌ ഞാന്‍.

നീറിപ്പിടയുന്ന ഓര്‍മ്മകള്‍
വിരഹത്തിന്‍ നിറക്കൂട്ടുകള്‍
ചാലിച്ചെടുക്കുമ്പോള്‍, അതിലെ
കാളിമയുടെ തനിരൂപമാണ് ഞാന്‍.
പിടയുന്ന എന്‍ പ്രാണന്‍റെ
മിന്നലാകുന്ന സൌന്ദര്യമാണ് നീ .

ഇടമുറിഞ്ഞു മിടിക്കുമെന്‍
ഹൃദയത്തില്‍, ഇടതടവില്ലാതെ
മിടിക്കുന്ന താളമാണ് നീ.

ഓര്‍മ്മകള്‍ നെയ്യുന്ന ചിലന്തി-
വലയില്‍ കുടുങ്ങുമ്പോള്‍
ഞാനെന്ന ഷഡ്പദത്തെ 
രക്ഷിക്കുവാന്‍ നിനക്കേ കഴിയൂ.
നീയാണെന്റെ പൊന്‍വെളിച്ചം
എന്‍റെ ജീവന്‍റെ സുവര്‍ണ്ണരാഗം.

മേഘപാളികളില്‍ നീ
മറഞ്ഞിരിക്കിലും, നിന്‍
മുഖമെന്‍ മാനസത്തില്‍
പതിഞ്ഞിരിക്കുന്നു.

നിന്‍റെ അമൃതമാം
ഗാനവീചികള്‍ എന്നെ
തലോടിയുറക്കുന്നു,
അവ മേഘപാളികളെത്തുളച്ചു
എന്‍റെ സമീപമെത്തുന്നു.

എന്‍റെ ജീവസങ്കല്പമേ, നീയില്ലാതെ
ഞാനെങ്ങനെ ജീവിക്കും.

^^^^^^^^^^^^^^^^^^^^^^^^^^^^^^^^

പ്രണയിനി

date: n.a.

നിന്‍റെ സൌന്ദര്യത്തിനു
മുന്നിലൊന്നുമല്ല ഞാന്‍.
നീയെന്ന ഗാനത്തിനു
മുന്നില്‍ തൃണമാണ്‌ ഞാന്‍.
എങ്കിലും സഖീ, നിന്നെ
പ്രേമിച്ചുപോയീ ഞാന്‍.
നിന്‍റെയാ കത്തുന്ന
അംഗലാവണ്യത്തിനോട്
കിടപിടിയ്ക്കാനെനി-
ക്കൊന്നുമില്ലയെങ്കിലും
പ്രേമിച്ചു പോയീ ഞാന്‍.

രുധിരം കൊണ്ടെഴുതീ
നിന്‍ നാമമെന്‍ ഹൃത്തില്‍.
എന്‍ കരളില്‍ നിന്‍റെ
ഓര്‍മ്മകള്‍ പുഞ്ചിരിക്കുന്നു,
നീ പുഞ്ചിരിക്കുമ്പോലെ.
നിന്‍റെ നുണക്കുഴിക്കവിളുകള്‍
എന്‍റെ ചിന്തകള്‍ക്കുണര്‍-
വ്വേകുന്നു, നിറം പകരുന്നു.

ഓ പ്രണയിനി, നീയെന്‍
ഹൃത്തിലെ മണിമാളിക
നിന്‍റെ സ്വന്തമാക്കി.
ഭ്രാന്തമായ ചിന്തകള്‍
വേട്ടയാടുകയാണെന്നെ;
പക്ഷെ, തോഴീ നീ
എന്‍റെ ആശ്വാസതീരമാണ്.

ഗന്ധര്‍വ്വഗീതമായ്‌
ഉയരുന്നു നിന്‍ കളമൊഴി-
നാദം; എന്‍റെ ഹൃത്തിലെ
ചുവരുകളില്‍ത്തട്ടി
ഉച്ചസ്ഥായിയിലായിയിതാ
പ്രതിധ്വനിക്കുന്നു.

പ്രണയിനീ, എന്‍റെ ഓര്‍മ്മ
നിന്‍റെ നിദ്രയെ അലോ-
സരപ്പെടുത്തുന്നുവോ? ഞാന്‍
നിനക്ക് ഒരു ശല്യം
പോലെയാകുന്നുവോ?
ക്ഷമിക്കൂ സഖീ, നിന്നെ
പ്രേമിച്ചുപോയീ ഞാന്‍.

ഒരു നാള്‍ നീയുമിതു
മനസ്സിലാക്കും; അന്ന്
നീ നിന്‍ഹൃത്തിനോട്
ചോദിക്കും, എന്നെ
പ്രേമിക്കാനെന്തേ നീയിത്ര
വൈകി; കാത്തിരിക്കും
പ്രണയിനി ഞാനാ ദിനത്തിനായി.

!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!