ഒടിഞ്ഞ ചിറകുകളില്‍, ചിതറിയ തൂവലുകളില്‍ , ഒഴിഞ്ഞ കൂടില്‍ നമ്മള്, നമ്മുടെ സ്വപ്നങ്ങള്‍ അനാവൃതമാക്കിയിരിക്കുന്നു. pranayamaanentekavyam.blogspot.com
26 December 2003
07 December 2003
ഏഴു രാത്രികള്‍
ഞാന്‍ നിന്നെ സ്വപ്നം കണ്ടു.
തുടര്‍ച്ചയായി ഏഴു രാത്രികളില്‍
ഞാന്‍ ഏഴു നക്ഷത്രങ്ങളെ വീതം
എണ്ണിത്തിട്ടപ്പെടുത്തി , നിന്റെ
മുഖം മനതാരില്‍ പ്രതിഷ്ഠിച്ചു.
ആരോ പറഞ്ഞിരുന്നു,
ഇങ്ങനെ ചെയ്താല്‍ നീ
എന്റേതായിത്തീരുമെന്ന്,
നിന്നെ എനിക്ക് കിട്ടുമെന്ന്.
പക്ഷെ, ഇപ്പോള്‍ കേള്‍ക്കുന്നു,
നിന്റെ വിവാഹം നിശ്ചയിച്ചുവെന്നു.
എന്റെ സ്വപ്നങ്ങള്‍ക്ക് മീതെ
കറുത്തമേഘങ്ങള്‍ നിഴല്‍ വീശുന്നു.
കാക്കകള്‍ എന്നെ വിരുന്നു വിളിക്കുന്നു,
നാളെ നിന്റെ വിവാഹമാണത്രേ .
ഏഴു രാത്രികളിലായി ഞാന്‍
എണ്ണിത്തിട്ടപെടുത്തിയ
നാല്‍പ്പത്തിയൊമ്പത് താരകള്‍
എന്നോട് നുണ പറഞ്ഞിരിക്കുന്നു.
നാളെ മുതല്‍ എന്റെ പ്രണയം
എന്റെ ഹൃദയത്തിനകത്തെ
ചില്ലുകൂട്ടില്‍ അടയ്ക്കപ്പെടും.
നമ്മള് അന്യരാകും.
താരകളെ കണ്ട ഏഴു രാത്രികള്‍
വിദൂരമായ ഓര്‍മ്മയാകും.
ഞാന്‍ ലോകത്തില്‍ ഏകനാകും.
നീയൊരു നവവധുവാകും.
ഞാന്‍ ഞാനല്ലാതാകും.
ഇന്നത്തെ രാത്രി രാത്രിയല്ലാതാകും.
02 December 2003
01 December 2003
10 October 2003
പുതിയോരഹര്ന്നിശം?
കഴിയുന്ന ഒരു ദിവസം .
ഒരൊറ്റ മലമുകളില്‍ ഒരേ ദൈവത്തെ ആരാധിക്കാന്‍
കഴിയുന്ന ഒരു ദിനം.
നമ്മുടെയെല്ലാം നിദ്രകളെ പുളകിതമാക്കുന്ന ഒരേ സ്വപ്നങ്ങള്‍
നമ്മുടെയെല്ലാം നിദ്രകളെ പുളകിതമാക്കുന്ന ഒരേ സ്വപ്നങ്ങള്‍
കാണാന്‍ കഴിയുന്ന ഒരു ഇരവ്.
ഒരൊറ്റ താഴ്വാരത്ത് ഒത്തൊരുമയോടെ കിടന്നുറങ്ങാന്‍
കഴിയുന്ന ഒരു നിശ.
ജാതിമതവര്ഗചിന്തയില്ലാതെ നാമെല്ലാം ഒന്നായി
ജീവിക്കുന്ന ഒരഹസ്സ്.
നമുക്കെല്ലാം അഭിമാനത്തോടെ പറഞ്ഞു നടക്കാന്‍ ഒരൊറ്റ
കുലമുണ്ടാകുന്ന ഒരു പകല്‍.
ആത്മാവില്‍ , അന്തരാത്മാവില്‍ ഒരൊറ്റ ദീപനാളം മാത്രം
എരിയുന്ന ഒരു ശ്യാമം.
നമ്മെയെല്ലാം നോക്കി കണ്ണുചിമ്മുന്ന ഒരൊറ്റ നക്ഷത്രം മാത്രം
ഉദിക്കുന്ന നിശീഥം.
എന്നാണ്? എന്നാണ്? അങ്ങനെയൊരു സുദിനമുണ്ടാവുക ?
അങ്ങനെയൊരു രാവും?
23 September 2003
തണല്‍ തേടിയ പക്ഷികള്‍
//എന്റെ സ്വപ്നങ്ങള്‍ മരിച്ചു
എന്റെ ആശകള്‍ അസ്തമിച്ചു
ആഴിയുടെ ആഴങ്ങളില്‍
എനിക്ക് എന്നെ നഷ്ടപ്പെട്ടു//
അതൊരു വെളുത്ത
നിശീഥമായിരുന്നു. ആകാശം നിറയെ നക്ഷത്രങ്ങള്‍.
സമസ്തവും
നിശ്ശബ്ദമയം. അയാള്‍ എന്തൊക്കെയോ ഓര്‍ത്തു നടക്കുകയായിരുന്നു.
എത്ര
ദൂരമെന്നറിയില്ല. അയാള്‍ നടന്നുകൊണ്ടേയിരുന്നു. അയാള്‍ ഫ്ലോറിഡയിലെ റെയ്ചല്ഡ്രം (സാങ്കല്പ്പികം)
തെരുവിലെത്തി.
ഇരുളില്‍ ആരോ ഒരാള്‍
പാടുന്നുണ്ടായിരുന്നു. അതൊരു സ്ത്രീശബ്ദമാണെന്ന് അയാള്‍ വ്യക്തമായി
തിരിച്ചറിഞ്ഞു. അയാള്‍ നിരത്തിലൂടെ മുന്നോട്ടു നടന്നു. ഓരോ അടി നടക്കുന്തോറും ആ
പാട്ട് അയാള്‍ക്ക് വ്യക്തമായിക്കൊണ്ടിരുന്നു. ആ ഗാനം വിഷാദമയമാണെന്ന് അയാള്‍ക്ക്
ബോധ്യമായി. അവളുടെ ശബ്ദം വളരെ മനോഹരമാണെന്ന് അയാള്‍ അറിഞ്ഞു.
അവളോട് വളരെ
അടുത്തെത്തിയപ്പോള്‍ ആ പാട്ടിന്റെ വരികള്‍ അയാള്‍ക്ക് പൂര്‍ണ്ണമായും വ്യക്തമായി.
വിശാലമായ മണലാരണ്യത്തിലകപ്പെട്ട യാത്രികന് ദു:ഖത്തോടെ , നിരാശയോടെ
പാടുന്നതുപോലെ അയാള്‍ക്ക് തോന്നി. ആ ഗാനത്തിന്റെ വരികള്‍ അയാള്‍ ശ്രദ്ധിച്ചു.
“My dreams died,
My hopes vanished;
I am lost,
Lost fathoms deep.
Dreams are bubbles,
They are to burst.
Hopes are floating,
Anytime they sink.
They love the depths,
They kiss the
depths.”
ആ വരികളിലെ
അഗാധമായ വിഷാദവും ശൂന്യതയും അയാളെ അമ്പരപ്പിച്ചു. അയാള്‍ ഒരു നിമിഷം
നിന്നു. ആ വരികളെത്തന്നെ ചിന്തിച്ചു.
“എന്റെ സ്വപ്നങ്ങള്‍
മരിച്ചു. എന്റെ ആശകള്‍ അസ്തമിച്ചു. ആഴിയുടെ ആഴങ്ങളില്‍ എനിക്ക് എന്നെ
നഷ്ടപ്പെട്ടു. സ്വപ്നങ്ങള്‍ ചിതറാനുള്ള കുമിളകളാണ് . ആശകള്‍ മുങ്ങിത്താഴാനുള്ളവയും.
അവ ആഴങ്ങളെ സ്നേഹിക്കുന്നു.”
അവള്
പാതയോരത്തെ സിമെന്റ് ബഞ്ചിലിരുന്നു പാടുകയാണ്. സ്വയം മറന്നു, കണ്ണുകള്‍
ഇറുക്കിയടച്ചു, തല ഒരു വശത്തേക്ക് ചരിച്ചു, വലതു കൈകൊണ്ടു തുടയില്‍
മെല്ലെ താളമിട്ടു അവള് പാടുകയാണ്.
“I am dead.
But my heart
Ain’t.
It went on
Tick-Dick
Tick-Dick…”
“ഞാന്‍ മരിച്ചു.
പക്ഷെ എന്റെ ഹൃദയം സ്പന്ദിച്ചുകൊണ്ടേയിരുന്നു. ടിക്ക്-ഡിക്ക്.” പാട്ടും വരികളും
സന്ദര്‍ഭവുമെല്ലാം മാറുകയാണ്. പക്ഷെ, സ്ഥായിയായ നിരാശാബോധം
നിലനില്ക്കുന്നു.
വഴിവിളക്കിന്റെ
പ്രകാശം അവളുടെ മേല്‍ പതിക്കുന്നുണ്ട്. അവള് സുന്ദരിയാണെന്ന് അയാള്‍ കണ്ടു.
അവള്‍ക്കു
മനോഹരമായ ചെമ്പിച്ച മുടിയാണ്ള്ളത്. വഴിവിളക്കിന്റെ പ്രകാശത്തില്‍ അത് തിളങ്ങുന്നുണ്ടെന്നു അയാള്‍ക്ക് തോന്നി. അവളുടെ പൂച്ചക്കണ്ണുകള്‍ തിളക്കമേറിയതും
സ്നേഹനിര്‍ഭരവുമായിരുന്നു. അവളുടെ അധരങ്ങള്‍ക്കു കടുംചുവപ്പു നിറമായിരുന്നു.
വെള്ളയില്‍ കറുത്ത പൂക്കളുള്ള ഫ്രോക്കായിരുന്നു അവള് ധരിച്ചിരുന്നത്.
കുറച്ചു
സമയമായി താനവളെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അയാളോര്‍ത്തു.അയാള്‍ വാച്ച് നോക്കി. സമയം മൂന്നു മണി കഴിഞ്ഞിരുന്നു.
രാത്രികള്‍ക്ക്
നീളം കൂടുതലുള്ള തണുത്ത ഡിസംബര്‍ മാസമായിരുന്നു അത്. ക്രിസ്മസ്
കഴിഞ്ഞിരുന്നു.രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ പുതിയവര്‍ഷം. പകല്‍വെളിച്ചം
വീണുതുടങ്ങാന് ഇനിയും രണ്ടോ മൂന്നോ മണിക്കൂറുകള്‍ ബാക്കിയുണ്ട്.
കറുത്ത മാനത്ത്
നക്ഷത്രങ്ങള്‍ പ്രോജ്ജ്വലതയോടെ മിന്നുന്നു. ചന്ദ്രപ്രകാശത്തിനു മങ്ങല്‍
വന്നുതുടങ്ങിയിരുന്നു.വൃത്താകൃതി പൂണ്ട ചന്ദ്രന്. അവിടവിടെ ചില
മേഘക്കീറുകള്‍. ഇടയ്ക്കെപ്പോഴോ ഒരു കൊള്ളിയാന്‍ മിന്നി.
താനൊരു
വിജനമായ ദ്വീപിലാണെന്നും അവിടെ ഒരു തണല്‍മരം മാത്രമേയുള്ളൂ എന്നും അയാള്‍
സങ്കല്പ്പിച്ചു.മരത്തിന്റെ അപ്പുറത്തും ഇപ്പുറത്തും താനും അവളും
ചക്രവാളത്തിലേക്ക് നോക്കി ഇരിക്കുകയാണെന്നും അയാള്‍ ചിന്തിച്ചു. തങ്ങൾക്കു ചുറ്റും തികച്ചും
ശൂന്യമായ, നിശ്ശബ്ദമായ അന്തരീക്ഷം.
“I am alone
In a vast desert
Of sorrows.
Nights and days
Went through me.
I was damn alone.”
“ദു:ഖങ്ങളുടെ കടുത്ത മണലാരണ്യത്തില്‍ ഞാന്‍ എകയായിരുന്നു.എന്നിലൂടെ രാവും പകലും കൊഴിഞ്ഞു വീണു.”
അയാള്‍ അവളുടെ
അടുത്തേക്ക് ചെന്ന്, അവളുടെ തോളില്‍ കൈ വച്ചു. അവള് ഞെട്ടി, കണ്ണുതുറന്നു,
അത്ഭുതസ്തബ്ധയായി തന്റെ മുന്നില്‍ നില്ക്കുന്ന അപരിചിതനെ നോക്കി.
അവളുടെ
കണ്ണുകളില്‍ നീര്‍കണങ്ങള്‍ തുളുമ്പാന്‍ വെമ്പിനില്ക്കുന്നത് അയാള്‍ കണ്ടു. അയാള്‍ ചില
നിമിഷങ്ങള്‍ അവളുടെ കണ്ണുകളില്‍ത്തന്നെ ഉറ്റുനോക്കി. പിന്നെ, അവള്‍ക്കു എതിര്‍ക്കാന്‍
കൂടി സമയമനുവദിക്കാതെ അവളുടെ ചുണ്ടുകളില്‍ ഗാഡമായി ചുംബിച്ചു. കുറെ നേരത്തേക്ക് അവര്‍
ഇരുവരും അനങ്ങിയില്ല. എപ്പോഴോ അയാളവളെ മുക്തയാക്കി.
അവള്
സ്തബ്ധയായി അയാളെ നോക്കി നിന്നു.
“ആരാണ് നിങ്ങള്‍.”
“ഫ്രെഡറിക്ക്.”
“നിങ്ങള്‍ എന്തിനെന്നെ ചുംബിച്ചു?”
“നീ അതര്‍ഹിക്കുന്നത് കൊണ്ട്.”
കുറച്ചു സമയത്തേക്ക് അവരൊന്നും
മിണ്ടിയില്ല. പിന്നെ, അയാള്‍ ചോദിച്ചു.
“നിന്റെ പേരെന്താണ്?”
“മരിയ കരോളിന.”
“നീ ആരാണ്? നിന്റെ വീട്? തൊഴില്‍?
മാതാപിതാക്കള്‍? ഈ ഏകാന്തതയുടെ പിന്നിലെ
രഹസ്യം? നിന്റെ ഗാനങ്ങളുടെ ആഴവും അര്‍ത്ഥവും? എന്തിനു നീ
വിഷാദരാഗങ്ങള്‍ മാത്രം മൂളുന്നു?”
അയാളുടെ
ചോദ്യങ്ങള്‍ കൂരമ്പുകളായി അവളുടെ ഹൃദയത്തില്‍ തറച്ചു. അയാള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
അവള്
നിസ്സംഗതയോടെ ആ ചോദ്യങ്ങളെല്ലാം കേട്ടുകൊണ്ടെയിരുന്നു. പക്ഷെ, ഒന്നിനും മറുപടി
പറഞ്ഞില്ല.
അയാള്‍
മറുപടിയ്ക്കായി കാത്തുനിന്നു.
“നിങ്ങളെങ്ങോട്ട്
പോകുന്നു?”
ഒടുവില്‍ അവള്
ചോദിച്ചു.
ആ ചോദ്യം
അയാളെ ഞെട്ടിച്ചു.
എങ്ങോട്ട്?
അതിനു
പൂര്‍ണ്ണവും സംതൃപ്തവുമായ ഒരുത്തരം അയാള്‍ക്കുണ്ടായിരുന്നില്ല. എങ്കിലും അവളെ
തൃപ്തയാക്കാന് അയാള്‍ പറഞ്ഞു.
“ഞാന്‍ മരിക്കാന്‍
പോകുന്നു.”
അവളുടെ മറുപടി
പൊട്ടിച്ചിരിയായിരുന്നു.
“വളരെ
നല്ലതാണ്. വളരെ, വളരെ നല്ലത്.”
അവള്
ഉദ്ദേശിക്കുന്നതെന്തെന്നറിയാതെ അയാള്‍ കുഴങ്ങി.
“മരണം
മനോഹരമാണ്. ഞാനും അതാഗ്രഹിക്കുന്നു.”
അയാള്‍
വിസ്മയത്തോടെ അവളെ നോക്കി.
“വരൂ, നമുക്ക്
പോകാം.” കരോളിന മന്ത്രിച്ചു.
അവളെഴുന്നേറ്റു.
“എങ്ങോട്ട്?”
“മരിക്കാന്‍.”
അയാള്‍
ശബ്ദിച്ചില്ല. അവളുടെ കണ്ണുകളില്‍ നോക്കി രണ്ടു നിമിഷം നിന്നു. പിന്നെ, മുന്നോട്ടു
നടന്നു. അവള് പിന്നാലെയും.
*****
12 September 2003
നിന്നെ കാത്തിരിക്കുകയായിരുന്നു
ഒടിഞ്ഞ ചിറകുകളില്‍,
ചിതറിയ തൂവലുകളില്‍ ,ഒഴിഞ്ഞ കൂടില്‍
നമ്മള്,
നമ്മുടെ സ്വപ്നങ്ങള്‍ അനാവൃതമാക്കിയിരിക്കുന്നു.
തണുത്ത ഡിസംബര്‍ മാസം.
സമയം സന്ധ്യ
കഴിഞ്ഞിരുന്നു.
രാജീവനും നാണുവും ആ പഴയ വീടിനു മുന്നിലെത്തി. അവര്‍ കൊണ്ടുവന്ന സാധനങ്ങള്‍ തകര്‍ന്ന
തുളസിത്തറയ്ക്ക് സമീപം വച്ചു .
നാണു പോകാനായി തിരിഞ്ഞു. പിന്നെ ,എന്തോ ഓര്‍ത്ത മട്ടില്‍ തിരിഞ്ഞുനിന്നു ശങ്കയോടെ രാജീവനോട് ചോദിച്ചു.
‘സാറിനു ഈ രാത്രി ഇവിടെത്തന്നെ താമസിക്കണമെന്ന്
നിര്‍ബന്ധമാണോ?’
രാജീവന്
ചോദ്യഭാവത്തില്‍ നാണുവിനെ നോക്കി.നാണു അത് കണ്ടില്ലെന്നു തോന്നി. രാജീവന് കാരണം ചോദിച്ചു.
‘എന്തേ നാണു അങ്ങനെ പറഞ്ഞെ?’
നാണു ചുറ്റും നോക്കി.
വളരെ ശ്രദ്ധയോടെ രഹസ്യം പറയുന്ന മട്ടില്‍ നാണു മന്ത്രിച്ചു.
‘ഇവിടെ ഒരു
പ്രേതമുണ്ട്.’
രാജീവന് ചിരിച്ചു. ‘അത്
നാണുവിനെങ്ങനെ അറിയാം. നീ ഇവിടെ വന്നിട്ട് അഞ്ചാറു മാസമല്ലേ ആയുള്ളൂ.’
രാജീവന് ഗ്രാമത്തില്‍
വണ്ടിയിറങ്ങിയപ്പോള്‍ അയാളെ കാത്തു നാണു നിന്നിരുന്നു. അവിടെ നിന്നും ആ പഴയ വീട്ടിലേക്കു അര കിലോമീറ്റര്‍
ദൂരമുണ്ടായിരുന്നു. അവര്‍ സംസാരിച്ചുകൊണ്ടിരുന്നതിനിടയില്‍ എപ്പോഴോ നാണു
പറഞ്ഞിരുന്നു, അയാള്‍ അഞ്ചാറു മാസം മുമ്പാണ് ആ ഗ്രാമത്തില്‍ വന്നതെന്ന്.നാണു പോസ്റ്റ്മാനാണ്. രാജീവന് പോസ്റ്റ്മാസ്റ്ററും. നടക്കുന്നതിനിടയില്‍ രാജീവന് കാര്യമായൊന്നും
സംസാരിച്ചിരുന്നില്ല. അയാള്‍ ഗ്രാമം മുഴുവന്‍ കണ്ണുകളില്‍ ആവാഹിക്കുകയായിരുന്നു.
ഗ്രാമത്തിന്റെ ഓരോ ശ്വാസത്തെയും
തന്റെ ഹൃദയത്തില്‍ നിറയ്ക്കുകയായിരുന്നു.രാജീവനെ ശ്രദ്ധിച്ചപ്പോള്‍ അയാള്‍ മുമ്പ് ഈ
ഗ്രാമത്തിലുണ്ടായി രുന്നവനാണെന്നു നാണുവിനു തോന്നി.
‘ഈ നാട്ടുകാര്‍ക്ക്
മുഴുവനും ഈ കാര്യം അറിയാം. ഒരു രാത്രി ഞാനീ വഴിയിലൂടെ വന്നപ്പോള്‍
കണ്ടതുമാണ്. വെളുത്ത സാരിയുടുത്ത ഒരു പെണ്ണ്. അവളുടെ മുഖം ഞാന്‍ കണ്ടില്ല.
അവള് ആരെന്നറിയാന്‍ ഞാനവളുടെ പിന്നിലെത്തി. ആ നിമിഷം തന്നെ അവള്
അപ്രത്യക്ഷയായി. ഞാന്‍ പിന്നെ അവിടെ നിന്നില്ല. ഓടി. എവിടെയോ തട്ടി
വീണതോര്‍മ്മയുണ്ട്. എഴുന്നേല്ക്കുമ്പോള് നേരം വെളുത്തിരുന്നു. ചുറ്റും
ആളുകളുമുണ്ടായിരുന്നു.’
അയാള്‍
പറഞ്ഞുനിര്‍ത്തി. രാജീവന് അയാളെത്തന്നെ നോക്കിനില്ക്കുകയായിരുന്നു. ഇരുളിന്
കട്ടികൂടിക്കൊണ്ടിരുന്നു
രാജീവന്റെ ചുണ്ടില്‍ ഒരു
മന്ദഹാസം വിരിഞ്ഞു.
‘സാറേ.’ നാണു
വീണ്ടും പറഞ്ഞു. ‘ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇന്ന് എന്റെ വീട്ടില്‍
കൂടാം.’
‘വേണ്ട.”
തറപ്പിച്ചാണ് രാജീവന് അത് പറഞ്ഞത്. നാണു അത്ഭുതത്തോടെ അയാളെ നോക്കി. പക്ഷെ,
മുഖം കാണാനാവാത്ത വിധം ഇരുളിന് കട്ടിയേറിയിരുന്നു .
‘ശെരി , നാണു
പൊയ്ക്കോളൂ.’
രാജീവന് ബാഗ് തുറന്നു സിഗരറ്റെടുത്തു. അപ്പോഴേക്കും നാണു നടന്നു നീങ്ങിയിരുന്നു. അയാളുടെ
കൈവശമുണ്ടായിരുന്ന ടോര്‍ച് അയാള്‍ക്ക് മുന്നില്‍ പ്രകാശം ചൊരിഞ്ഞു. ഇടയ്ക്കിടെ നാണു
തിരിഞ്ഞു നോക്കി. ടോര്‍ച്ചിന്റെ വെളിച്ചം കാഴ്ച്ചയില്‍നിന്നു മറയുന്നതുവരെ രാജീവന് അങ്ങോട്ടുതന്നെ നോക്കിനിന്നു.
***
ഇരുളിന് വീണ്ടും
കട്ടിയേറി.
രാജീവന് അവിടെത്തന്നെ
നില്‍ക്കുകയായിരുന്നു. അയാള്‍ പതുക്കെ ആദ്യത്തെ പടവിലേക്ക് വലതുകാലെടുത്തു
വച്ചു. ആ നിമിഷം വീടിന്റെ പടിഞ്ഞാറ് വശത്ത് നിന്നിരുന്ന കൂവളവൃക്ഷത്തിന്റെ
ഒരു ശിഖരം വലിയ ശബ്ദത്തോടെ ഒടിഞ്ഞു വീണു.
രാജീവന്റെ ചുണ്ടില്‍
അപ്പോഴും മായാതെ ഒരു പുഞ്ചിരിയുണ്ടായിരുന്നു. അയാള്‍ രണ്ടാമത്തെ പടിയില്‍
കാലെടുത്തു വച്ചു. കിഴക്കുവശത്ത് നിന്ന് ഹൂങ്കാരശബ്ദം കേട്ടു തുടങ്ങി.അതു
കൊടുങ്കാറ്റിന്റെതാണെന്നു രാജീവനറിഞ്ഞു.
അയാള്‍ മൂന്നാമത്തെ
പടിയിലേക്ക് കാലെടുത്തു വച്ചു. ചരല്‍ക്കല്ലുകള്‍ വാരിയെറിഞ്ഞതുപോലെ ആകാശത്തില്‍
നിന്ന് മഴത്തുള്ളികള്‍ താഴെ വീണു.
രാജീവന് അതു
ശ്രദ്ധിക്കാത്തത് പോലെ വരാന്തയിലേക്ക് കയറി. കാറ്റും മഴയും അതിന്റെ
കരുത്തിന്റെ പാരമ്യത്തിലെത്തി. രാജീവന് ഒരു നിമിഷം ശങ്കിച്ച് നിന്നു. പിന്നെ,
ഒരൂഹത്തോടെ വലതു ഭാഗത്തോട്ടു നീങ്ങി. ഇരുളില്‍ കൈകൊണ്ടു ചുവരില്‍ പരതി.
അയാളുടെ കൈ സ്വിച്ബോര്‍ഡില്‍ തടഞ്ഞു.
അയാള്‍
സ്വിച്ചമര്‍ത്തി. വരാന്തയില്‍ വെളിച്ചം നിറഞ്ഞു. പൊടുന്നനെ കാറ്റും മഴയും നിന്നു.
ഗ്രാമമൊന്നാകെ
പരിഭ്രാന്തരായി അങ്ങോട്ട് ഓടിവരുന്നുണ്ടായിരുന്നു. ദൂരെനിന്നെ അവര്‍ കണ്ടു, ആ
വീട്ടില്‍ വെളിച്ചം.
രാജീവന് വാതില്‍
തള്ളിത്തുറന്നു. കറകറ ശബ്ദത്തോടെ വാതില്‍പ്പാളികള്‍ അകന്നു മാറി.
കെട്ടിനിന്നിരുന്ന ദുര്‍ഗന്ധം പുറത്തേക്ക് വമിച്ചു. അത് അസഹ്യമായിരുന്നെങ്കിലും രാജീവന്
ശ്രദ്ധിച്ചില്ല. അയാള്‍ പതുക്കെ മാറാലയെല്ലാം വകഞ്ഞുമാറ്റി. തന്റെ വസ്തുക്കളെല്ലാം അകത്തെയ്ക്കെടുത്തു വച്ചു.
പിന്നെ, വാതിലടച്ചു തഴുതിട്ടു. മുറിയിലെ ഒരു മൂലയില്‍ കിടന്നിരുന്ന
കയറുകട്ടിലില്‍ കയറിക്കിടന്നു. ആ കട്ടിലിനു ഒരു യുവതിയുടെ
ഗന്ധമുണ്ടായിരുന്നു. രാജീവന് ഒരു ചെറിയ മയക്കത്തിലേക്ക് വഴുതി വീണു.
‘വന്നു അല്ലേ.’
വളരെ കാതരമായ ശബ്ദം അയാള്‍ കേട്ടു. ഏതോ ഇരുണ്ട ഗുഹാന്തര്ഭാഗത്തുനിന്നാണ്
ആ ശബ്ദം വന്നതെന്ന് അയാള്‍ക്ക് തോന്നി. എന്തെങ്കിലും സംസാരിക്കാന്‍ അയാള്‍ അശക്തനായിരുന്നു.
തന്റെ നെഞ്ചില്‍
ഒരു നനുത്ത കൈത്തലം അമരുന്നതും
ചുടുനിശ്വാസം കവിളില്‍ പതിക്കുന്നതും ഇളംചൂടുള്ള ശരീരം അരികിലെത്തുന്നതും അയാളറിഞ്ഞു. അതോടൊപ്പം
തരളമായ ഒരു ചുംബനത്തിന്റെ സുഖം അയാള്‍ ആസ്വദിച്ചു.
‘പതിമൂന്നു
വര്‍ഷം…നീണ്ട പതിമൂന്നു വര്‍ഷമായി ഞാന്‍ നിന്നെ കാത്തിരിക്കുകയായിരുന്നു…ഒടുവില്‍
ഇതാ നീ വന്നിരിക്കുന്നു.’
അയാളുടെ ചെവിയില്‍
ഒരു മൃദുമന്ത്രണം കാറ്റായ് ലയിച്ചു. അയാള്‍ക്ക് എന്തൊക്കെയോ
പറയണമെന്നുണ്ടായിരുന്നു.
ആ ശബ്ദം , അതു
തന്നെ കീഴ്പെടുത്തുകയാണെന്ന് രാജീവനറിഞ്ഞു.
അതേ നിമിഷം,
വാതിലില്‍ മുട്ടു കേട്ടു. തന്റെ അരികില്‍നിന്നും എന്തോ ഒന്ന് അകന്നുപോകുന്നത് രാജീവന് നേര്‍ത്ത
നിദ്രയിലും തിരിച്ചറിഞ്ഞു.
***
പിന്നെയും കുറച്ചു
സമയമെടുത്തു രാജീവനു കട്ടിലില്‍ നിന്നുമെഴുന്നേല്‍ക്കാന്‍. അയാള്‍ മെല്ലെ നടന്നു
വാതിലിനടുത്തെത്തി സാക്ഷയെടുത്തു. വാതിലിനു പുറത്തു ജനക്കൂട്ടത്തെ കണ്ടു
അയാള്‍ ഞെട്ടി. ചോദ്യഭാവത്തില്‍ അവരെ നോക്കിക്കൊണ്ട് അയാള്‍ വരാന്തയിലേക്കിറങ്ങി.
അവര്‍ക്കിടയില്‍ അയാള്‍ നാണുവിനെ കണ്ടു.
‘എന്തേ?’
‘നല്ല കാറ്റും
മഴയും ആയിരുന്നു.’
‘അതുകൊണ്ട്?’
‘ഈ വീട് നല്ല
പഴക്കമുള്ളതാണ്. ഈ കാറ്റിനേം മഴേം പിടിച്ചുനില്‍ക്കാനുള്ള ശേഷി ഇതിനില്ല.’
‘എന്നിട്ടും ഈ
വീട് ബാക്കിയുണ്ടല്ലോ.’
‘ദൂരേന്നെ വെട്ടം
കണ്ടു. അതുകൊണ്ട് കൂടിയാ വന്നു നോക്കാമെന്ന് വിചാരിച്ചത്.’
രാജീവന് അവരെ നോക്കി
പുഞ്ചിരിച്ചു.
‘എന്തെങ്കിലും
അലോസരമുണ്ടായോ?’. നാണു ചോദിച്ചു.
‘ഇല്ല. ആകെ
പൊടിപിടിച്ചു കിടക്കുന്നതുകൊണ്ടുള്ള അസ്വാസ്ഥ്യം മാത്രമേയുള്ളൂ.’
അവരെല്ലാം അയാളെ
ഉറ്റുനോക്കുകയായിരുന്നു. പലര്‍ക്കും തോന്നി, ഇയാളെ മുമ്പ് കണ്ടിട്ടുണ്ടെന്ന്. അവര്‍
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓര്‍മ്മകളുടെ ചില്ലുകൂട്ടില്‍
പരതുകയായിരുന്നു.
കൂട്ടത്തില്‍ ഒരാള്‍
ചോദിച്ചു. ‘ഇയാള്ടെ പേരെന്താ?’
രാജീവന്റെ ചുണ്ടിലെ
ചിരി മാഞ്ഞു. കണ്ണുകള്‍ അഗ്നികുണ്ഡങ്ങളായി. ചുണ്ടുകള്‍ വിറകൊണ്ടു. അയാള്‍ മന്ത്രണം
കണക്കെ പറഞ്ഞു. ‘രാജീവന്.’
ഗ്രാമമൊന്നാകെ
നടുങ്ങി.
പതിമൂന്നു
വര്‍ഷം മുമ്പ് വരെ ഗ്രാമത്തിന്റെ ഏടുകളില്‍ ആ പേരുണ്ടായിരുന്നു. അന്ന് ആ
പേരിനൊപ്പം ഉണ്ടായിരുന്നത് ഇപ്പോഴത്തെ അഗ്നിയല്ല. പ്രേമവും കുസൃതിയും അങ്ങനെ
അങ്ങനെ പലതുമായിരുന്നു.
‘ഒരാള്‍പോലും ഈ
പരിസരത്ത് നില്‍ക്കരുത്. നില്‍ക്കുന്നവനൊക്കെ അതിന്റെ ഫലം അനുഭവിക്കും.’ രാജീവന്
അലറുകയായിരുന്നു.
ആള്‍ക്കൂട്ടം
പതുക്കെ നീങ്ങിത്തുടങ്ങി. അന്തരീക്ഷത്തില്‍ അവ്യക്തമായ് പിറുപിറുക്കലുകള്‍
നിറഞ്ഞു. ഒടുവില്‍ നാണു മാത്രമായി.നാണു അയാളെ കുറച്ചുനേരം കൂടി നിര്‍ന്നിമേഷനായി
നോക്കിനിന്നു. പിന്നെ, തിരിഞ്ഞു നടന്നു.
***
രാജീവന് വീണ്ടും
കട്ടിലില്‍ കിടന്നു. അയാള്‍ക്ക് വീണ്ടും ആ
ഗന്ധം അനുഭവപ്പെട്ടു, ഒരു യുവതിയുടെ ഗന്ധം. നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ നേര്‍ത്ത
നിദ്രയ്ക്കടിപ്പെട്ടു.
‘ഞാന്‍ നിന്നെ
കാത്തിരിക്കുകയായിരുന്നു.’ ആ നനുത്ത ശബ്ദം അയാള്‍ അരികില്‍ കേട്ടു. ഇരുളില്‍
കുപ്പിവളകളുടെ കിലുക്കം. നെഞ്ചില്‍ കൈവിരലുകള്‍ ഓടിനടക്കുന്നത് അയാളറിഞ്ഞു.
‘എന്തേ ഒന്നും
മിണ്ടാത്തത്?’
പതിമൂന്നു
വര്‍ഷമായി താന്‍ കേള്‍ക്കാന്‍ കൊതിച്ച ശബ്ദം. അയാളുടെ ഹൃദയത്തില്‍ ആനന്ദം
അലയടിച്ചു. എന്നിട്ടും അയാള്‍ ശബ്ദിച്ചില്ല.
ആ കൈകള്‍
നെഞ്ചില്‍നിന്നും കഴുത്തിലേക്കു ഇഴഞ്ഞു. കഴുത്തില്‍ നിന്നും ചുണ്ടുകളെ ഉരുമ്മി
കവിളിലൂടെ കാറ്റായൊഴുകി മുടിയിഴകളിലെത്തി.
അയാള്‍ എന്തോ
പറയാനായി വായ് തുറന്നു. പക്ഷെ, ശബ്ദം കിട്ടിയില്ല.
ചൂടുള്ള
നിശ്വാസങ്ങള്‍ അയാളുടെ മുഖത്ത് പതിച്ചു. തന്റെ അധരത്തില്‍ ഒരു ചുംബനം
താളമാകുന്നത് അയാളറിഞ്ഞു. എതിര്‍ക്കാന്‍ അയാള്‍ അശക്തനായിരുന്നു. ആ ചുണ്ടുകള്‍
പരല്‍മീന്‍ പോലെ അയാളുടെ മുഖത്താകെ ഓടിനടന്നു. ഒരായിരം ചുംബനങ്ങളില്‍
അയാളുടെ മുഖം അലിഞ്ഞു.
‘മൃദുലേ.’ ഏതോ
ഒരു നിമിഷത്തില്‍ രാജീവന് മന്ത്രിച്ചു. അവളുടെ ചെവിയില്‍ അത് മാറ്റൊലിക്കൊണ്ടു. ആ
നിമിഷത്തില്‍ അവളുടെ കരങ്ങള്‍ അവന്റെ ശിരസ്സില്‍ അമര്‍ന്നു. അവളുടെ ചുണ്ടുകള്‍ ഗാഡചുംബനത്തില് വേപഥുക്കൊണ്ടു .
‘ഈ
നിമിഷം…ഇതിനായിട്ടാണ് ഞാന്‍ മടങ്ങി വന്നത്.’ അതേ നിമിഷത്തില്‍ അവനുണര്‍ന്നു
അവളെ പുണര്‍ന്നു.
‘അടുത്ത നിമിഷം
മുതല്‍ നമ്മള് ആത്മാവില്‍ ഒന്നാകും. ഭൂമിയില്‍ നിന്നും ഒരായിരം കാതമകലെ
അജ്ഞേയമായ മറ്റൊരു ദേശത്ത് നാം ഒന്നിക്കും.’ ഒരു മൃദുസ്വനം തന്റെ കാതുകളെ
തഴുകുന്നത് അവന് കേട്ടു.
ഗ്രാമമൊന്നാകെ
ഒരു കൊടുങ്കാറ്റു നിറഞ്ഞു. പതുക്കെ പതുക്കെ ഇരുളില്‍ അത് അലിഞ്ഞില്ലാതെയായി.
ഗ്രാമം കോടമഞ്ഞില്‍ അദൃശ്യമായി.
***
ബ്രാഹ്മമുഹൂര്‍ത്തം.
നാണു ഉണര്‍ന്നു
കുളിച്ചിരുന്നു. അസ്ഥിക്കുള്ളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പിനെ അയാള്‍
വകവെച്ചില്ല. അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നത് തലേന്നത്തെ കാര്യമായിരുന്നു.
ആരോ പറഞ്ഞത് അയാള്‍
ഓര്‍ത്തു.
‘ രാജീവനും മൃദുലയും
തമ്മില്‍ പ്രേമമായിരുന്നു. അത് ഇവിടത്തെ ഓരോ പുല്‍ത്തരിപോലും അറിഞ്ഞിരുന്നു.’
മറ്റൊരാള്‍
കൂട്ടിച്ചേര്‍ത്തു. ‘അവരുടെ ബന്ധം ഇഷ്ടപ്പെടാത്ത ഒരേയൊരു വ്യക്തിയെ ഈ
നാട്ടിലുണ്ടായിരുന്നുള്ളൂ, മൃദുലയുടെ അച്ച്ചന്‍ സുദര്‍ശനന്‍പിള്ള.’
‘രാജീവന്
അനാഥനായിരുന്നു.’
പ്രായമായ ഒരാള്‍
കഥയവസാനിപ്പിച്ചു. ‘ആ വീട്ടില്‍ വച്ചാണ് മൃദുലയെ സുദര്‍ശനന്‍പിള്ള കഴുത്ത് ഞെരിച്ചു കൊന്നത്. രാജീവനെ നാട്ടില്‍ നിന്നും തല്ലിയോടിക്കുകയും ചെയ്തു.’
നാണു പിന്നെയും
എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു. ചിലതിനു മറുപടി കിട്ടി. ചിലതിനു കുറെ മൂളലുകളായിരുന്നു
ഉത്തരം. ചിലത് ആകാശത്തില്‍ അലഞ്ഞു തിരിഞ്ഞു, ഗതി കിട്ടാത്ത പ്രേതാത്മാക്കള്‍
പോലെ.
‘പക്ഷെ,
വ്യക്തമായ ഒരു കാരണം പറയൂ.’
അവസാനമെന്നപോലെ നാണു ചോദിച്ചു. ഒരു പക്ഷെ, അവരെക്കുറിച്ച് ഇനിയൊരു ചോദ്യം
തന്നില്നിന്നുണ്ടാവില്ല എന്നയാള്‍ അനുമാനിച്ചു.
ഏറെനേരം ആ
ചോദ്യത്തിനു ഉത്തരമുണ്ടായിരുന്നില്ല. നാണു ഓരോ മുഖങ്ങളിലേക്കും നോട്ടമയച്ചു. ആ
മുഖങ്ങളില്‍ അപരിചിതത്വം നിറഞ്ഞിരുന്നു. രാജീവനെയും മൃദുലയെയും അവര്‍
മറന്നതുപോലെ തോന്നി.
ആരോ ഒരാള്‍
അയാളുടെ ചെവിയില്‍ പറഞ്ഞു. 'മരിക്കുമ്പോള്‍ മൃദുല ഗര്‍ഭിണിയായിരുന്നു.’
ഒരു
ചെറുപ്പക്കാരന് പറഞ്ഞു. 'രണ്ടാഴ്ചയ്ക്കു ശേഷം സുദര്‍ശനന്‍പിള്ള ഹൃദയസ്തംഭനം മൂലം
മരിച്ചു. എന്തോ കണ്ടു ഭയന്നതുപോലെയായിരുന്നു ആ മുഖം. അവള് ആദ്യമായും
അവസാനമായും പ്രതികാരം ചെയ്തതാണത് . അതിനുശേഷം എത്രകാലമായി,
ഇതുവരെ അവള് ആരെയും ഉപദ്രവിച്ചിട്ടില്ല.’
ആ
നിമിഷത്തിലാണ് ഗ്രാമമാകെ ഒരു കൊടുങ്കാറ്റു ആഞ്ഞടിച്ചത്. അതിന്റെ
ഹൂങ്കാരാരവം അവരെയാകെ കിടിലം കൊള്ളിച്ചു. മരങ്ങളാകെ ഇളകിയാടി. ഗ്രാമം
അസ്വസ്ഥതയോടെ കൊടുങ്കാറ്റിനെ നോക്കിക്കണ്ടു.
കുറച്ചു
നിമിഷങ്ങള്‍.
കൊടുങ്കാറ്റു
ശാന്തമാവുകയായിരുന്നു. അസ്വസ്ഥതകള്‍ അലിഞ്ഞില്ലാതെയാവുകയായിരുന്നു.
കോടമഞ്ഞും നിശ്ശബ്ദതയും അതിനുമീതെ നിറഞ്ഞു.
നാണു വീണ്ടും ഒരു
ചോദ്യത്തിനു തയ്യാറെടുത്തു. വേണ്ടായെന്നു മനസ്സിലുറപ്പിച്ചതാണ് . പക്ഷെ,
ചോദിക്കേണ്ടി വന്നിരിക്കുന്നു.
അയാള്‍ക്ക്
ചോദിക്കേണ്ടി വന്നില്ല. അതിനു മുമ്പേ ഒരാള്‍ പറഞ്ഞു.’എല്ലാ കഥകള്‍ക്കും വിരാമമായി.
ഇനി ഈ കഥ ഗ്രാമത്തിന്റെ ചരിത്രത്തില്‍ അലിയാനുള്ളതാണ്.’
നാണുവിനു പിന്നെയും
എന്തോ ചോദിക്കണമെന്നുണ്ടായിരുന്നു . അയാള്‍ അത് വേണ്ടെന്നു വച്ചു. ഇനി താന്‍ രാജീവനെ
കാണുമോ എന്നുപോലും അയാള്‍ക്ക് സംശയമായിരുന്നു. അയാള്‍ക്ക് ആ വീട്ടിലേക്കു ഒരിക്കല്‍
കൂടി പോകണമെന്ന് തോന്നി. പക്ഷെ, ഈ രാത്രി അയാള്‍ക്കതിനു ധൈര്യം വന്നില്ല .
തലയ്ക്കു
മുകളിലൂടെ ഒരു നരിച്ചീര്‍ പറന്നകന്നപ്പോഴാണ് നാണുവിനു പരിസരബോധമുണ്ടായത്,
നടന്നു താന്‍ ആ
വീടിനു മുന്നിലെത്തിയെന്നു നാണു കണ്ടു.
ആകാശത്തിലെ
ചുവപ്പുരാശി ഇനിയും മാഞ്ഞിട്ടില്ല. ഗ്രാമം സുഖകരമായ ആലസ്യത്തില്‍നിന്നും
ഇനിയും ഉണര്‍ന്നിട്ടില്ല.
‘രാജീവാ’. നാണു
വിളിച്ചു. അതിനു മറുപടിയുണ്ടായിരുന്നില്ല. അത് അഷ്ടദിക്കുകളിലേക്കും
അലിഞ്ഞുചേര്‍ന്നു.
ഇനിയൊരിക്കലും
മറുപടി ഉണ്ടാവുകയില്ലെന്നറിഞ്ഞുകൊണ്ട് നാണു പലയാവര്‍ത്തി ആ പേര് ഉരുവിട്ടു.
*****
01 June 2003
ജോര്‍ജ് നിന്റെ മരണത്തിനു ഒരനുബന്ധക്കുറിപ്പ്
30 April 2003
രജനീഗന്ധികള്‍ വിടരുന്നു
മോഹങ്ങളുള്ളില്‍ പൂക്കുന്നു
ഒരു നൂറു നൂറു കിനാക്കളുമായ്
മോഹപ്പറവകള് പാറുന്നു
ഓര്മ്മകളോര്മ്മകള് നൊമ്പരങ്ങള്‍
വിരഹം ഹൃദയത്തിന് വേദനകള്‍
തുടിക്കുന്ന മനസ്സിന് വിങ്ങലുകള്‍
നീറുന്ന നെഞ്ചിന് ഞാണൊലികള്
വേനലില്‍ പൊഴിയുന്ന പൂവുകളില്‍
നിന് തേങ്ങലുകള്‍ ഞാന്‍ കേള്‍ക്കുന്നു.
നീയില്ലാത്തയീ രാത്രികളില്‍
ഞാന്‍ പ്രേമവും ദുഖവും ഇടകലര്‍ത്തി
നിനക്കായ് മാത്രമീ ജീവിതവും
എന്‍ ഹൃദയത്തിന് താളവും രാഗമതും
സ്വപ്നത്തിന് മാദകമായ ഗന്ധം
എന്നുള്ളില്‍ നിന്നോര്മ്മയുണര്ത്തുന്നു.
അപരിചിതന്
"ആരുമറിയാതെ ഞാന്‍ വന്നു,
ഞാനറിയാതെ നീ പോയ്മറഞ്ഞു."
I
സ്റ്റോപ്പില്‍ ബസ് നിര്‍ത്തി.
അവിടെ ഇറങ്ങാന്‍ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒരു അപരിചിതന്റെ മുഖഭാവത്തോടെ അയാള്‍ ചുറ്റും നോക്കി.
ബസ് പോയിക്കഴിഞ്ഞിരുന്നു.
അയാള്‍ ആസ്വാദ്യതയോടെ ശ്വാസമെടുത്തു. ഗ്രാമത്തിന്റെ ഗന്ധം.
അയാള്‍ക്ക് മുപ്പതു വയസ്സ് പ്രായമുണ്ട്. ചുവപ്പില്‍ വെള്ളവരകളുള്ള ഷര്‍ട്ടും ഇളം നീല ജീന്‍സുമായിരുന്നു അയാളുടെ വേഷം.
ചുവപ്പ്, ആരതിയുടെ ഇഷ്ടനിറം.
അയാള്‍ ഒരു നിമിഷം ആരതിയെ ഓര്‍ത്തു.
ക്ലീന്‍ ഷേവ്, കാറ്റില്‍ പാറിപ്പറക്കുന്ന തലമുടി.ദൂരയാത്രയുടെ ക്ഷീണം മുഖത്ത് വ്യക്തമായിരുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തന്റെ ഗ്രാമത്തിനു വന്ന മാറ്റങ്ങളെ അയാള്‍ കൌതുകത്തോടെ നോക്കിക്കണ്ടു.
ഒട്ടൊരു ശങ്കയോടെ അയാള്‍ നടത്തമാരംഭിച്ചു.
പഴയ ചെമ്മണ്‍പാത ഇന്നില്ല, പകരം ടാറിട്ട റോഡാണ്. നിരത്തിനിരുവശവും ഉണ്ടായിരുന്ന മുള്‍വേലികളും അപ്രത്യക്ഷമായിരിക്കുന്നു. അവിടെയെല്ലാം ഒരാള്‍പൊക്കമുള്ള മതിലുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
അയാള്‍ നടന്നു അമ്പലത്തിനു മുന്നിലെത്തി. ഒരു നിമിഷം കണ്ണടച്ച് നിന്നശേഷം മുന്നോട്ടു നടന്നു.അമ്പലക്കുളത്തിന്റെ അടുത്തെത്തി.
അയാള്‍ ഒരു നനുത്ത പുഞ്ചിരിയോടെ കവിളില്‍ തലോടി. അയാള്‍ ആരതിയെ ഓര്‍ത്തു; അവളുടെ ആദ്യ ചുംബനത്തെയും.
അയാള്‍ നെടുതായി നിശ്വസിച്ചു.വീണ്ടും നടന്നു. പിന്നെ, എന്തോ ഓര്‍ത്തിട്ടെന്ന പോലെ തിരിഞ്ഞ് അയാള്‍ അമ്പലക്കുളത്തിനടുത്തേക്ക് നടന്നു.
അവിടെ അയാള്‍ എന്തോ അന്വേഷിച്ചു. കണ്ടെത്തിയപ്പോള്‍ സംതൃപ്തിയോടെ തലകുലുക്കി. അതൊരു ചാമ്പമരമായിരുന്നു.
II
"ഞാന്‍ നിന്നെ പ്രേമിച്ചോട്ടെ?"
അവന് ചോദിച്ചു.
അവള് ചിരിച്ചു. അവളുടെ കവിളില്‍ നുണക്കുഴി വിടരുന്നത് അവന് കണ്ടു. അവന് പതുക്കെ അവളുടെ കവിളില്‍ തലോടി.
"എനിക്കൊരു ചുംബനം തരുമോ?"
അവള് നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
"ഒന്ന്."
അവള് രണ്ടു നിമിഷം അവന്റെ കണ്ണുകളില്‍ത്തന്നെ നോക്കി.പിന്നെ, നനുത്ത പുഞ്ചിരിയോടെ അവന്റെ അടുത്തേക്ക് ചെന്നു.
അവളുടെ ശരീരം അവനെ മുട്ടി.
അവന്റെ കൈകള്‍ അവളെ വലയം ചെയ്തു.
അവളുടെ ചുണ്ടുകള്‍ അവന്റെ കവിളില്‍ അമര്‍ന്നു.
III
അമ്പലക്കുളത്തിനടുത്ത് അവര്‍ ഒരു ചാമ്പത്തൈ നട്ടു.
IV
“പ്രഭു, ഇനി നീ എന്റെ മകളുടെ
പുറകെ നടക്കരുത്.”
ആരതിയുടെ അച്ഛന് മാധവമേനോന് പറഞ്ഞു.
അയാളുടെ ശബ്ദം പേടിപ്പെടുത്തും വിധം വിറച്ചിരുന്നു.
അവന് ശിരസ്സ് കുനിച്ചു.
“ഞാന്‍ പറഞ്ഞത് മനസ്സിലായോ
നിനക്ക്?”
അവനൊന്നും മിണ്ടിയില്ല. എങ്കിലും
അവന്റെ കണ്ണുകളില്‍ ഒരു കാമുകന്റെ എതിര്‍ക്കാനുള്ള അഭിവാഞ്ജ സ്ഫുരിച്ചിരുന്നു.
“ഇനി നിനക്ക് പോകാം. അവളുടെ
വിവാഹം ഞാന്‍ നിശ്ചയിച്ചു.”
“ഇല്ല, അവള് വിവാഹം
കഴിക്കുന്നെങ്കില്‍ അത് എന്നെ മാത്രമായിരിക്കും.”
അവന്റെ വാക്കുകളില്‍ നിറയെ
നിശ്ചയദാര്‍ഡ്യമായിരുന്നു.
മാധവമേനോന് ക്രുദ്ധനായി അവനെ നോക്കി. എന്നിട്ട്
ചോദിച്ചു.
ആരതിയെ വിവാഹം ചെയ്യാന്‍ എന്ത്
യോഗ്യതയാണ് നിനക്കുള്ളത്? അവളെ പോറ്റാനുള്ള കഴിവ് നിനക്കുണ്ടോ? അവളുമായി
വിവാഹം നിശ്ചയിച്ചിരിക്കുന്ന മഹേഷ് അമേരിക്കയില്‍ ജോലി ചെയ്യുന്നു. അവനു
കോടികളുടെ ആസ്തിയുണ്ട്, നിനക്കോ?”
അവന്റെ ശിരസ്സ് താണു.
V
“എന്നെ വിവാഹം ചെയ്തില്ലെങ്കില്‍ ഞാന്‍
ആത്മഹത്യ ചെയ്യും.”
അവള് പറഞ്ഞു. അവള് കരയുന്നുണ്ടായിരുന്നു.
അവന് അവളെ നോക്കുക മാത്രം ചെയ്തു.
“എന്തെ ഒന്നും മിണ്ടാത്തത്. എന്നോട് സ്നേഹമില്ലേ?”
ഒരു ഇളംകാറ്റ് അവരെ തലോടി
കടന്നുപോയി.
അയാള്‍ മനസ്സിലെന്തോ ഉറപ്പിച്ചതുപോലെ തലകുലുക്കി.
അവള് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
അവന് അവളുടെ നെറുകയില്‍ ചുംബിച്ചു.
VI
അവന്
നാട് വിട്ടു.
VII
പ്രഭു
നെടുതായി നിശ്വസിച്ചു.
അഞ്ചു
വര്‍ഷം.
അവന് ഓര്‍ത്തു.
നീണ്ട അഞ്ചുവര്‍ഷങ്ങള്‍.
എന്തിനാണിപ്പോള്‍
ഒരു മടക്കം.
അറിയില്ല.
അവന് തന്നോട് തന്നെ പറഞ്ഞു.
മരത്തില്‍
നിന്നും ഒരു ചാമ്പങ്ങ പറിച്ചുതിന്നുകൊണ്ട് അയാള്‍ മുന്നോട്ടു നടന്നു. വഴി
വിജനമായിരുന്നു.
അവന്
നടന്നു ആരതിയുടെ വീടിനു മുന്നിലെത്തി. അയാള്‍ ഒരു നിമിഷം ശങ്കിച്ചു നിന്നു.
പിന്നെ, ഗേറ്റ് തുറന്നു അകത്തേക്ക് നടന്നു.
കൂട്ടില്‍ ഒരു
അല്സേഷ്യന് കുറച്ചു.
അയാള്‍
വരാന്തയിലെത്തി. കോളിങ്ങ് ബെല്‍ അമര്‍ത്തി.അകത്തു കിളി ചിലച്ചു.വാതില്‍ തുറന്നു മാധവമേനോന് പുറത്തേക്ക് വന്നു.
നാല്
കണ്ണുകളും തമ്മിലിടഞ്ഞു.
അവന്
അത്ഭുതത്തോടെ മാധവമേനോനെ നോക്കി. അയാള്‍ക്ക് മുപ്പതു വയസ്സെങ്കിലും കൂടിയതായി
അവനു തോന്നി. രോമമെല്ലാം നരച്ചിരിക്കുന്നു. നടുവിന് ചെറുതായി വളവുണ്ട്.
കണ്ണുകള്‍ കുഴിഞ്ഞിരിക്കുന്നു. കവിള് ഒട്ടിയിട്ടുണ്ട്.
അവന്
ഖേദത്തോടെ മുഖം തിരിച്ചു. വരേണ്ടിയിരുന്നില്ല എന്ന് തോന്നി.
“നീയോ?”
ഏതോ
ഗുഹയുടെ അകത്തുനിന്നാണ് ആ ശബ്ദം വന്നതെന്ന് അവനു തോന്നി.
“ആരതിയെ
കാണാന്‍ വന്നതാണ്. അവള് ഇവിടെയുണ്ടോ, അതോ ഭര്‍ത്താവിന്റെ വീട്ടിലാണോ?”
മാധവമേനോന്റെ
കണ്ണുകളില്‍ രണ്ടു മിഴിനീര് തിളങ്ങി. അയാള്‍ കണ്ണ് തുടച്ചു. എന്നിട്ട് അവനെ
അകത്തേക്ക് ക്ഷണിച്ചു.
“വരൂ.”
അവന്
അയാള്‍ക്ക് പിന്നാലെ അകത്തേക്ക് പ്രവേശിച്ചു.
മാധവമേനോന് ചുവരിലെ
ഒരു ഫോട്ടോയിലേക്ക് കൈ ചൂണ്ടി…
…..
…
.
26 April 2003
ഈ നിമിഷം ഞാന്‍ നിന്നെ കാണുന്നു
ഈ നനഞ്ഞ പകലിനെ
നമ്മള് സ്വപ്നം കാണുന്നു.
ഈ ഇളംതണുപ്പില്‍ കുളിരണിയാന്‍
നമ്മള് ആഗ്രഹിക്കുന്നു.
നമുക്ക് തമ്മില്‍ത്തമ്മില്‍
എന്ത് തോന്നുന്നു?
നമുക്കിടയില്‍ ഉണരുന്നത്
സ്വപ്നങ്ങളോ മിഥ്യകളോ?
ഒരു മരത്തിന്നിരുവശവുമായിരുന്നു
നമ്മള് നിന്നിരുന്നതെങ്കിലും
നമ്മുടെ മനസ്സുകള്‍ക്കിടയില്‍
അകലമുണ്ടായിരുന്നില്ല.
നമുക്കിടയില്‍ മൌനമായിരുന്നെങ്കിലും
മാനസങ്ങള്‍ സ്വൈര്യസംഭാഷണം
നടത്തുകയായിരുന്നു.
ഒരു മഞ്ഞുപാളിയിലൂടെ-
യെന്നപോലെ ഈ നിമിഷം
ഞാന്‍ നിന്നെ കാണുന്നു,
നിന്റെ കണ്ണിലെ തിളക്കവും.
ഈ നിമിഷം ഒരായിരം
നിമിഷങ്ങളുടെ തുടക്കമാണ്.
എന്താന്നാല്‍ ഈ നിമിഷം
എന്നില്‍നിന്നു ഒരിക്കലും
അകലുകയില്ല.
പുഴ പറയുന്നു
മരിച്ചു കൊണ്ടിരിക്കുന്നു.
എന്റെ ഓളങ്ങള്‍
എന്തിനെന്നറിയാതെ
അലയുന്നു.
ഇന്നിന്റെ പ്രചണ്ഡതയില്‍
എന്റെ സംഗീതം
ഉടഞ്ഞമരുന്നു.
ദുരാശ നിറഞ്ഞ യുഗം,
പാപം പേറുന്ന ഭൂമി.
പേടിയോടെ ആകാശം
കണ്ണുപൊത്തുന്നു.
എന്റെ തിരകള്‍
വിറകൊള്ളുന്നു. "
കാളകൂടം കഴുത്തിലേന്തി
പുഴ പിന്നെയും ഒഴുകുന്നു,
ഒരു നിമിഷം നേരത്തെ
മരിച്ചിരുന്നെങ്കി-
ലെന്ന വൃഥാശയുമായ്.
08 April 2003
Please return to my heart
She first, kissed my heart
Making me feel I'm in heaven.
Then she looked into my eyes
Telling me, 'I hate you'.
And she went away from me.
I sat alone in the dark.
My solitude and gloomy night
I felt I am in a vast desert.
I waited for the warmth of her touch
And the cool glance of her eyes.
I can't live without you
I swear my dear, I love you.
I'm waiting for you
Please return to my heart.
20 January 2003
ദേവകന്യക
ഓ സൌന്ദര്യമേ!
അരുണാഭമായ നിന്
കവിളുകളില്‍ വിടരുന്ന
നുണക്കുഴികളില്‍
നിറഞ്ഞിരിക്കുന്നത്
രതിപരാഗങ്ങളോ
പ്രണയമധുസാഗരമോ?
മഹാസാഗരങ്ങള്‍
അലിഞ്ഞമര്‍ന്ന നിന്
മിഴിയിണകളില്‍
ഇതള്‍വിരിയുന്നത്
അനുരാഗവൃന്ദാവനമോ
അനുപമസൌന്ദര്യമോ?
കടും ചുവപ്പാര്‍ന്ന
നിന്നധരങ്ങള്‍
മന്ത്രിക്കുന്നത്
ശൃംഗാരകവിതകളോ
പ്രണയമന്ത്രങ്ങളോ?
ഭൌമസൌന്ദര്യമത്രയും
ഉള്‍ക്കൊള്ളുന്നതോ
നിന്നുടെ മേനി.
പ്രകൃതിയുടെ
സപ്തവര്‍ണ്ണങ്ങളും
അലിഞ്ഞുചേര്‍ന്ന
നീയൊരു
ദേവകന്യകയോ
സാലഭഞ്ഞ്ജികയോ ?
Subscribe to:
Posts (Atom)


















