Pages

05 November 2002

കുറെ നനുത്ത പ്രഭാതങ്ങളുടെ ഓര്‍മ്മയ്ക്ക്‌


ഒരു നനുത്ത പ്രഭാതത്തിലല്ലേ   
നാമാദ്യമായി കണ്ടുമുട്ടിയത്‌;
എനിക്കെതിരെ നീയും നിനക്കെതിരെ ഞാനും,
ഒന്നും മിണ്ടാതെ ഒളികണ്ണാല്‍ നോട്ടങ്ങള്‍ പായിച്ച് 
നാം കടന്നുപോയി.
പിന്നെയും എത്രയെത്ര നനുത്തപ്രഭാതങ്ങള്‍ 
നമ്മളിലൂടെ കടന്നുപോയി.
എന്നിട്ടും നാം തമ്മില്‍ ഒന്നും ഉരിയാടിയില്ല.
പ്രേമകടാക്ഷങ്ങള്‍പോലും  നാം പരസ്പരമെറിഞ്ഞില്ല.
എന്നിട്ടും എന്‍റെയുള്ളിലൊരു 
ദേവിശില്പമായി നീ വളര്‍ന്നു.
അറിയാതെയറിയാതെ 
നിന്നെ ഞാന്‍ പ്രേമിക്കുകയായിരുന്നു.
നിന്‍റെ സുന്ദരമായ രൂപം 
എന്‍റെ  നിദ്രകളില്‍ സ്വപ്നങ്ങളായി ഉണരുകയായിരുന്നു.
സ്നേഹസ്മൃദുസ്മേരങ്ങള്‍  മാത്രമേ 
എന്നിട്ടും ഞാന്‍ നിനക്കേകിയുള്ളൂ.
ഒന്നര വര്‍ഷത്തിന്റെ 
അഞ്ഞൂറ് നനുത്തപ്രഭാതങ്ങള്‍ 
എന്‍റെ പ്രണയത്തിലോടി മറഞ്ഞു.
ഈ രണ്ടാം വര്‍ഷത്തിലെ 
നനുത്തപ്രഭാതങ്ങളിലും ഞാന്‍
നിനക്കായി കാത്തിരിക്കുന്നു 
നിന്‍റെ പ്രണയവും തേടി.
വരുന്ന ഓരോ ഫെബ്രുവരി പതിന്നാലിന്റെയും  
നനുത്തപ്രഭാതങ്ങളില്‍ ഞാന്‍
കാത്തുനില്‍പ്പുണ്ടാകും  
നിന്‍റെ പ്രണയവും തേടി.
********************

30 September 2002

എന്‍റെ പ്രിയപ്പെട്ട പെണ്ണിന്



‘ഒരിക്കലും മറക്കാതിരിക്കാന്‍
നിന്നെയെന്‍ ഹൃദയത്തില്‍
ഞാന്‍ പ്രതിഷ്ഠിച്ചു.’

13 September 2002

സാന്ദ്രം


ഒരിക്കലും മറക്കാതിരിക്കാൻ 
നിന്നെയെൻ ഹൃദയത്തിൽ 
ഞാൻ പ്രതിഷ്ഠിച്ചു .



കടൽത്തീരം.
അസ്തമയം.
ഏകാകിനി.
അവളുടെ പിന്നിലായിട്ടാണ് ഞാനിരുന്നത്. കുറെ സമയമായി ഞാനവളെ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. ഇടയ്ക്ക് ഞാൻ എഴുന്നേറ്റു അവളുടെ മുന്നിലൂടെ നടന്നു.
വളരെക്കുറച്ചു ആളുകളെ ഇന്നുള്ളൂ. ഉള്ളത് തന്നെ ചെറുപ്പക്കാരാണ്. ഇടയ്ക്ക് ഒന്നോ രണ്ടോ വൃദ്ധരും. എല്ലാവരും അവിടവിടെയായി ഇരിക്കുന്നു. വളരെ മൂകമായ അന്തരീക്ഷം.
ഞാൻ തിരകളോട് ചേർന്ന് നിന്നു. തിരകൾ എന്റെ കാലുകളെ തഴുകി തിരിച്ചു പോയി.

ഞാൻ തിരിഞ്ഞ് അവളെ നോക്കി. ലാവണ്യവതിയായ പെണ്ണ്. ഒട്ടും പ്രസന്നമായിരുന്നില്ല അവളുടെ മുഖം. ദു:ഖത്തിന്റെ അലകൾ അവളിലുണ്ടെന്നു എനിക്ക് തോന്നി.
അവൾ ശ്രദ്ധിക്കുന്നുവെന്നു തോന്നിയപ്പോൾ ഞാൻ നോട്ടം പിൻവലിച്ചു .
കുറച്ചു  സമയം കൂടി ഞാൻ അവിടെ ഇരുന്നു.
ആൾരൂപങ്ങൾ നിഴലുകളായപ്പോൾ ഞാൻ എഴുന്നേറ്റു. അവൾ എപ്പോഴോ പോയിരുന്നു.

ഒരാഴ്ച കഴിഞ്ഞിരുന്നു അവളെ ഞാൻ രണ്ടാമത് കാണുമ്പോൾ. നഗരത്തിന്റെ തിരക്കിനിടയിൽ ആ തിരക്കിലലിഞ്ഞു അവൾ നടക്കുമ്പോൾ അപ്രതീക്ഷിതമായിട്ടാണ് എന്റെ മുന്നിൽ എത്തിപ്പെട്ടത്. ഷോപ്പിംഗ്‌ കഴിഞ്ഞിറങ്ങിയതാണെന്ന് വ്യക്തം.
പ്രസരിപ്പുള്ള  യുവതിയായിരുന്നു അവളപ്പോൾ. എങ്കിലും അവളിൽ ദു:ഖത്തിന്റെ ലാഞ്ചന ഞാൻ കണ്ടു.
അവളോട്‌ സംസാരിക്കാൻ എന്റെ ഉള്ളം തുടിച്ചു. പക്ഷേ , എന്തുകൊണ്ടോ, എനിക്കതിനു വൈമനസ്യം തോന്നി. അവൾ നടന്നകലുന്നത് ഞാൻ നോക്കി നിന്നു .

വീണ്ടും ഒരാഴ്ച കൂടി.
ഇത്തവണ അവളെ  ഞാൻ കണ്ടത് ഒരു ഐസ് ക്രീം പാർലറിൽ വച്ചാണ്. അവൾ അപ്പോഴും ഒറ്റയ്ക്കായിരുന്നു.
എല്ലാ സീറ്റിലും ആളുകളുണ്ടായിരുന്നു. അവളിരുന്ന മേശയ്ക്കരികിൽ മാത്രമേ കസേര ഒഴിവുണ്ടായിരുന്നുള്ളൂ.
ഞാൻ അവളുടെ അനുവാദത്തോടെ അവൾക്കെതിരെ ഇരുന്നു. ഒരു  ഐസ് ക്രീമിന് ഓര്‍ഡര്‍ കൊടുത്തിട്ട് ഞാൻ അവളെ ഉറ്റു നോക്കി. അറിയാതെ ഒരു വിറയൽ എന്നെ ബാധിച്ചു.
"ഹായ് ."
അവൾ ശിരസ്സുയർത്തി നോക്കി. അവളുടെ ചുണ്ടുകൾ നേർത്ത ശബ്ദത്തിൽ പ്രതിവചിച്ചു. "ഹായ് ."
"ഞാൻ രണ്ടു മൂന്നു തവണ കണ്ടിട്ടുണ്ട്."
അവൾ തല കുലുക്കി.
"എന്താ ... പേര്?"
"സാറാ ."
ഞാൻ എന്റെ പേര് പറഞ്ഞു.
ഞങ്ങൾ ഒരുപാടു സംസാരിച്ചു. അറിയാതെ എന്തോ ഒന്ന് എന്നെ വലയം ചെയ്യുന്നത് പോലെ എനിക്ക് തോന്നി.
"ഞാൻ കണ്ടപ്പോഴെല്ലാം ഒറ്റയ്ക്കായിരുന്നു. ദാ, ഇപ്പോഴുമതെ. ഒറ്റയ്ക്ക് നടക്കുന്നതാണോ ഇഷ്ടം."
അവൾ മറുപടി പറഞ്ഞില്ല. ശിരസ്സുയർത്താതെ ഐസ്ക്രീം നുണഞ്ഞു.
ഞാൻ അവളുടെ മറുപടിയ്ക്കായി കാത്തു. അവൾ മെല്ലെ മന്ത്രിച്ചു.
"ഞാൻ ഒറ്റയ്ക്കാണ്."
"പേരെന്റ്സ്?"
"നേരത്തെ മരിച്ചു പോയി."
"സോറി ടു ഹിയർ ദാറ്റ്‌."
"ഇറ്റ്സ് ഓക്കേ."
കുറച്ചു  സമയം ഞങ്ങൾ ഒന്നും മിണ്ടിയില്ല.
"ഞാൻ പോകുന്നു." അവൾ എഴുന്നേറ്റു.
ഞാൻ അവളെ നോക്കി തല കുലുക്കി. അവൾ പുറത്തേക്കു നടന്നു.

*

മനോഹരമായ ഈ ഗ്രാമത്തിന്റെ കൊടുംതണുപ്പിൽ സാറയെയും കെട്ടിപ്പിടിച്ചു കിടന്നപ്പോൾ ഞാൻ പഴയ കഥകൾ ഓർത്ത് പോയി.
"സാറാ."
"ങ്ഉം."
"നീയോർക്കുന്നുണ്ടോ?"
"എന്ത്?"
"നാമാദ്യമായി പരിചയപ്പെട്ടത്‌."
"ഉം."
അവൾ എഴുന്നേറ്റിരുന്നു.
"ഈ രാത്രി തണുപ്പ് കൂടുതലാണ്."
അവൾ ആരോടെന്നില്ലാതെ പറഞ്ഞു. പിന്നെ, എണീറ്റ്‌ ചെന്ന് മേശപ്പുറത്തിരുന്ന ബിയർ കുപ്പിയെടുത്ത്‌ നനുത്ത ബിയർ വായിലേക്ക് വീഴ്ത്തി.
കുപ്പി മേശപ്പുറത്തു വച്ചിട്ട് അവൾ ചോദിച്ചു.
"നിനക്ക് വേണോ, ഹോട്ട്?"
"ഐ വാണ്ട് യൂ."
"നോട്ടി."
അവളുടെ കവിളുകളിൽ നുണക്കുഴികൾ വിടർന്നു.
"നൗ യൂ ലുക്ക് സോ എൻറ്റൈസിങ്ങ് ."
അവൾ ചിരിച്ചു. എന്നിട്ട് വന്നു എന്റെ കരവലയത്തിലൊതുങ്ങി കിടന്നു.
"ഞാൻ നിന്നെ പ്രേമിച്ചു തുടങ്ങുന്നുണ്ടോ എന്നൊരു സംശയം."
"ഇത് പോലുള്ള സംശയങ്ങൾ വേണ്ട. എന്നെ സ്നേഹിക്കരുതെന്നു ഞാൻ നിന്നോട് നേരത്തെ തന്നെ പറഞ്ഞിട്ടില്ലേ."
അവളുടെ സ്വരത്തിൽ താക്കീതിന്റെ ധ്വനിയുണ്ടായിരുന്നു.
ഞാനവളുടെ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു. "സത്യമാണ് ഞാൻ പറഞ്ഞത്. എനിക്ക് നിന്നോട് പ്രേമമാണ്."
"എനിക്ക് ചില കാര്യങ്ങൾ ആവർത്തിക്കുന്നത് ഇഷ്ടമല്ല."
"ഓക്കേ." പിന്നെ, ഞാൻ ആ കാര്യത്തെ കുറിച്ച് അവളോട്‌ മിണ്ടിയില്ല.

അടുത്ത ദിവസം വെളുപ്പിന് ആറിനു സാറയെന്നെ വിളിച്ചുണർത്തി.
"ഞാൻ പള്ളിയിൽ പോകുന്നു."
"ഒറ്റയ്ക്ക് പോകണ്ട. ഞാനും വരാം."
ഞങ്ങൾ ഒന്നിച്ചു പള്ളിയിൽ പോയി കുർബ്ബാനയിൽ പങ്കുകൊണ്ടു. വളരെ പഴയ ഒരു പള്ളിയായിരുന്നു അത്. നൂറ്റാണ്ടുകൾ പഴക്കമുള്ളത്. പാതി വശം ഇടിഞ്ഞു പൊളിഞ്ഞിരുന്നു.
അന്തരീക്ഷം  ശാന്തവും ദിവ്യവുമായിരുന്നു. സ്വർഗ്ഗീയമായ ഒരനുഭൂതി എന്നിൽ നിറഞ്ഞ പോലെ എനിക്ക് തോന്നി. ഒരു ദിവ്യഗീതത്തിൽ അലിഞ്ഞില്ലതാവുന്നതുപോലെ. സ്വർഗ്ഗീയമായ അപാരതയിൽ ഒഴുകി നടക്കുന്ന തൂവൽ പോലെ.
കുർബ്ബാന കഴിഞ്ഞിറങ്ങിയപ്പോൾ അവളുടെ മുഖത്ത് വളരെ ദീപ്തവും അജ്ഞേയവുമായ ഒരു പ്രകാശം സ്ഫുരിക്കുന്നുവെന്നു എനിക്ക് തോന്നി.
ഞങ്ങൾ തിരിച്ചു അവളുടെ വീട്ടിലേക്കു നടന്നു.
അടുത്ത ദിവസം ഞാൻ എന്റെ ജോലിതിരക്കുകളിലേക്ക് മടങ്ങി.

*

പിന്നീട് ഞങ്ങൾ കണ്ടു മുട്ടുന്നത് ആറു മാസം കഴിഞ്ഞാണ്. ഇതിനിടയിൽ ഒരുപാടു തിരഞ്ഞെങ്കിലും അവളെ കണ്ടെത്താനായില്ല.
ജൂണ്‍ മാസത്തിലെ നനഞ്ഞ സന്ധ്യയിൽ മഴ നനഞ്ഞ് അവൾ വന്നു, ഞാൻ ഏകനായി താമസിക്കുന്ന എന്റെ വീട്ടിൽ.
വന്നപാടെ അവൾ പറഞ്ഞു. "എന്റെ തല മുഴുവൻ നനഞ്ഞു. നീ തന്നെ തോർത്തി താ."
ഞാൻ അവളുടെ തല തുവർത്തി കൊടുത്തു.
"പോയി ഡ്രസ്സ് മാറ്. ഇല്ലെങ്കിൽ പനി പിടിക്കും."
അവൾ അകത്തേക്ക് പോയി. അഞ്ചു മിനിറ്റ് കഴിഞ്ഞു വസ്ത്രം മാറി വന്നു.
"എന്തൊക്കെയുണ്ട് പുതിയ വിശേഷങ്ങൾ?"
"നതിംഗ്."
"ഒന്നുമില്ലേ?"
"ഒരു പഴയ വിശേഷം മാത്രം."
"എന്ത്?"
"അതു പറഞ്ഞാൽ നീ വിഷമിക്കും."
"സാരമില്ല. എന്നാലും പറയൂ."
"സമയം അടുത്ത് കഴിഞ്ഞു. എപ്പോൾ വേണമെങ്കിലും..."
ഞാൻ ഞെട്ടി. ഒരു നിമിഷത്തേക്ക് എനിക്ക് ശബ്ദം നഷ്ടപ്പെട്ടു.
"സത്യമാണോ?"
"യെസ്." അവൾ തലകുലുക്കി.
"എങ്കിൽ ഇനിയെങ്കിലും നമുക്ക് വിവാഹിതരാകാം. ഐ ആം റെഡി."
അവൾ കടുപ്പിച്ചു എന്നെ നോക്കി.
"പ്ലീസ് സാറാ, ഒരു ദിവസമെങ്കിൽ ഒരു ദിവസം. നിന്റെ ഭർത്താവെന്ന സ്ഥാനം. നിന്നെ ഞാൻ അത്രയ്ക്ക് സ്നേഹിക്കുന്നു. എന്നെ വിശ്വസിക്കൂ."
"ഫോർ ഗോഡ്സ് സേക് , സ്റ്റോപ്പ്‌ ദിസ് നോണ്‍സെൻസ്."
"ഞാൻ നിന്നെക്കാൾ മൂന്നു വയസ്സിനിളയതായതുകൊണ്ടാണോ? നമ്മുടെ ഈ ബന്ധത്തിന് ഒരു പേര്. അത്രയേ, ഞാൻ ആവശ്യപ്പെടുന്നുള്ളൂ."
അവൾ എഴുന്നേറ്റു അകത്തേക്ക് പോയി. ഞാൻ എന്ത് ചെയ്യണമെന്നറിയാതെ ഇരുന്നു.
പത്തു മിനിറ്റിനു ശേഷം അവൾ വന്നു, പുറപ്പെടാൻ തയ്യാറായി.
"നീ?"
"പോകുന്നു."
"എന്തേ?" അവൾ മിണ്ടിയില്ല.
"നാളെ പോയാൽ മതി."
 "ഇല്ല. പോയേ പറ്റൂ."
"നിന്റെ ഇഷ്ടം പോലെ."
അവൾ ചിരിച്ചു.
"നമുക്ക് ഇങ്ങനെ മതി. യാതൊരു ബന്ധനങ്ങളും ഇല്ലാത്ത ബന്ധം. എല്ലാ പേരുകൾക്കും അതീതമായ ഒന്ന്. നമ്മുടെ ഹൃദയങ്ങൾ തമ്മിലുള്ളത്."
അവൾ പുറത്തോട്ടിറങ്ങി. ഒന്നുകൂടി യാത്ര ചോദിക്കാനെന്ന മട്ടിൽ തിരിഞ്ഞു നിന്നു. എന്നിട്ട് പറഞ്ഞു. "നമ്മൾ തമ്മിൽ ഇനി കണ്ടെന്നു വരില്ല."
"വൈ?"
"ഡോക്ടർ പറഞ്ഞു ... ഇതെന്റെ അവസാനത്തെ ..."
"സാറാ." ഞാൻ അവിശ്വസനീയതയോടെ വിളിച്ചു.
അവൾ ചിരിച്ചു, വിഷാദം കലർന്ന ചിരി. "ആഴ്ചയാണ്."
"നീയെന്തേ വന്നത്?"
"നിന്റെ മടിയിൽ തല ചായ്ച്ച് മരിക്കാൻ വേണ്ടി." അവൾ വിവരിക്കാനാവാത്ത വേദന അനുഭവിക്കുന്നുണ്ടെന്ന് തോന്നി.
"എന്നിട്ട്, നീ  ..." എന്റെ ശബ്ദം ചിലമ്പിക്കുന്നത് ഞാനറിഞ്ഞു. "...പോകുന്നതെന്തേ?"
"നീയെന്നെ ഇത്രയധികമായി സ്നേഹിക്കുമെന്നു ഞാൻ കരുതിയിരുന്നില്ല. ഞാൻ മരിച്ചുകൊണ്ടിരിക്കുമ്പോൾ നിന്റെ മുഖത്തുണ്ടാകുന്ന വേദന കാണാൻ എനിക്കു വയ്യ ..." അല്പസമയം അവൾ മിണ്ടാതിരുന്നു. പിന്നെ തുടർന്നു. "നിനക്ക് ഞാൻ പല തവണ വാണിംഗ് തന്നതാണ്. ഞാൻ മരിക്കാനിരിക്കുന്നവളാണ്, എന്നെ സ്നേഹിക്കരുതെന്ന്. എന്നിട്ടും നീ ..." അവളുടെ മുഖത്തെ പേശികൾ വലിഞ്ഞു മുറുകി. പതുക്കെ അവൾ സ്വയം നിയന്ത്രിച്ചു.
"എന്റെ പ്രണയം വിടരും മുമ്പേ കൊഴിയുകയാണല്ലോ."
"ഞാൻ ഇപ്പോൾ സംതൃപ്തയാണ്, പൂർണ്ണമായും." അവൾ ദീർഘമായി നിശ്വസിച്ചു. "ഞാൻ പൊയ്ക്കോട്ടേ?"
അവളുടെ മുഖത്തെ വികാരങ്ങൾ വായിച്ചെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞങ്ങളുടെ കണ്ണുകൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.
തോരാതെ പെയ്യുന്ന മഴയിലേക്ക്‌ അവളിറങ്ങി.
" ഞാൻ ... ഞാൻ നിന്നെ ഒന്നു ചുംബിച്ചോട്ടേ?" ഞാൻ ചോദിച്ചു.
അവൾ തലയിളക്കി. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. അവൾ പുഞ്ചിരിച്ചു. എന്നിട്ട് എന്നെ കെട്ടിപിടിച്ചു. ഞാൻ അവളുടെ മുഖം കൈകളിലാക്കി, ചുണ്ടുകളിൽ, കണ്ണുകളിൽ, നെറ്റിയിൽ മതിവരും വരെ ചുംബിച്ചു. ഞങ്ങൾ രണ്ടുപേരും കരയുന്നുണ്ടായിരുന്നു.

കരച്ചിലിനിടയിൽ അവൾ പറയുന്നത് ഞാൻ അവ്യക്തമായി കേട്ടു. "ഞാൻ മരിക്കുമെന്ന റിഞ്ഞിട്ടും നീയെന്തിനെന്നെ ഇത്രയേറെ സ്നേഹിച്ചു." എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു.
സാറാ എന്റെ ആലിംഗനത്തിൽ നിന്ന് മോചിതയായി.
"ഇനി ഞാൻ സ്വസ്ഥമായി മരിക്കട്ടെ." അവൾ പറഞ്ഞു. പിന്നെ, തിരിഞ്ഞു നോക്കാതെ നടന്നു. അവളുടെ രൂപം മറയുന്നത് വരെ ഞാൻ നോക്കി നിന്നു.

ഞാൻ അവളെ ഒരുപാടു സ്നേഹിച്ചിരുന്നു. അവൾ എന്നെയും. ഒരിക്കലും പ്രണയം പ്രകടിപ്പിച്ചില്ലെന്നു മാത്രം. എന്നെ അനുവദിച്ചുമില്ല.
 അവളുടെ അസുഖം ഒരിക്കലും ഭേദമാകില്ലെന്നു അറിഞ്ഞുകൊണ്ട് തന്നെ ഞാൻ അവളെ സ്നേഹിച്ചു.

പ്രണയത്തെ അതിന്റെ എല്ലാ തീക്ഷ്ണതയോടും കൂടി നീയെനിക്കു കാണിച്ചു തന്നു. പക്ഷേ, ഒടുവിൽപ്രണയതീവ്രതയുടെ ഉത്തുംഗതയിൽ നഷ്ടബോധത്തോടെ നിൽക്കാനാണ് എന്റെ വിധി. ആ വേദന അവളുടെ കണ്ണുകളിലും ഞാൻ കണ്ടു.
ഇണയെ നഷ്ടപ്പെടുന്ന പ്രേയസിയുടെ തകർന്ന ഹൃദയത്തിന്റെ നൊമ്പരം എങ്ങും അലയടിക്കുന്നു. എനിക്ക് ചുറ്റും ഘനശൂന്യത മാത്രമാണെന്ന് എനിക്ക് തോന്നി. അന്ധകാരത്തിന്റെ മഹാസാഗരം. ഏകാന്തതയുടെ മഹാപ്രപഞ്ചം.
കാത്തിരിക്കാൻ ഒന്നുമില്ല എന്നാ പരമസത്യം എനിക്ക് ചുറ്റും ഭ്രാന്തമായി അലയടിക്കുന്നു. ഒന്ന് മാത്രം അവശേഷിക്കുന്നു. അവളുടെ വേർപാടിന്റെ നിമിഷങ്ങൾ. അവളുടെ മരണത്തിന്റെ സന്ദേശം. കാത്തിരിക്കാൻ അവൾ ബാക്കിവച്ച ഒരേ ഒരു കാര്യം.  അതിന്റെ ചിന്ത എന്നിൽ ഉൾക്കിടിലം സൃഷ്ടിച്ചു.

*

അടുത്ത ദിവസം വൈകിട്ട് ആറേ പതിനഞ്ചിന് ഹോസ്പിറ്റലിൽ നിന്ന് എനിക്കൊരു ഫോണ്‍ കോൾ വന്നു, സാറയുടെ മരണസന്ദേശവും പേറി.
അന്ന് രാത്രി ഞാൻ സാറയുടെ വിയർപ്പിന്റെ ഗന്ധമുള്ള ഗൌണ്‍ കെട്ടിപ്പിടിച്ചു കിടന്നു. എന്റെ വീടിനു പുറത്തു, വഴിയിൽ ഒരു ഭ്രാന്തൻ പാടുന്നുണ്ടായിരുന്നു.

ഞാൻ ഓർ‍മകളുടെ ഭ്രമണപഥത്തിൽ അലഞ്ഞു.
സ്വപ്നങ്ങളുടെ തീഗോളങ്ങളൾ‍ എന്നെ വലയം ചെയ്തു.
വാചാലമായ അന്ധകാരത്തിൽ നീ,
നീ മാത്രം തരളമായ ഗാനം പോലെ ഒഴുകുന്നു.




*****


26 August 2002

തെറ്റ്



നിന്‍റെ  ഉദരത്തിലുരുവായതോ 
ഞാന്‍ ചെയ്ത തെറ്റ് ?
ഒരു പുരുഷന്‍റെ കാമ - 
ദാഹത്തിന്നിരയായ 
നിന്നിലെ നിന്നിലൊരു
ഭ്രൂണമായ്‌വ്വളര്‍ന്നതോ
ഞാന്‍ ചെയ്ത തെറ്റ് ?
പത്തുമാസം നിന്‍റെ 
ഗര്‍ഭഗൃഹത്തില്‍ക്കഴിഞ്ഞതോ,
നിന്‍റെ മുലകള്‍ ചുരന്ന 
പാല്‍ കുടിച്ചതുമോ ,
നിന്‍റെ തണലില്‍ വളര്‍ന്നതോ 
ഞാന്‍ ചെയ്ത തെറ്റ് ?
പൊട്ടിക്കരഞ്ഞുകൊണ്ട് 
ഞാന്‍ പെറ്റുവീണ,
നിന്‍റെ മാതൃത്വം സഫലമാക്കിയ 
ആ ധന്യനിമിഷമോ
എന്‍റെ ശാപമുഹൂര്‍ത്തം ?

എന്താണ് ഞാന്‍ ചെയ്ത തെറ്റ് ?
പത്തുമാസം എന്‍റെ ഭാരം 
നിന്നെക്കൊണ്ടു ചുമപ്പിച്ചതോ ?
അതോ, പേറ്റുനോവെന്ന  
വേദനയനുഭവിക്കാന്‍
നിന്നെ ഇടയാക്കിയതോ 
യൌവ്വനയുക്തയായി 
പാറിപ്പറന്ന നിന്നെ 
മാതൃത്വത്തിന്റെ 
ബന്ധനത്തിലേക്ക്
വലിച്ചിഴച്ചതോ ഞാന്‍
ചെയ്ത തെറ്റ്?

ഒരു ശലഭമായി പാറിപ്പറക്കേണ്ടി -
യിരുന്ന നിന്നെ മാതൃത്വത്തിന്‍റെ
ചങ്ങലകളാല്‍ ബന്ധനസ്ഥയാക്കി 
നിന്‍റെ ആനന്ദകരമായ 
ആ കാലഘട്ടത്തെ വെറും 
സ്വപ്നങ്ങളാക്കി  മാറ്റിയതുമോ 
ഞാന്‍ ചെയ്ത തെറ്റ് ?
അതോ ഒന്നുമറിയാതെ 
കാലചക്രത്തിരിച്ചിലിനിടയില്‍    
നിന്‍റെ ഉദരത്തില്‍ കടന്നു 
നിന്‍റെ സന്തതിയായതോ?

ആദ്യമായി നിന്നെ 
അമ്മേയെന്നു വിളിച്ചതോ 
ഞാന്‍ ചെയ്ത തെറ്റ് ?
നിന്നില്‍ അഭയം കണ്ടെത്തിയതോ 
ഞാന്‍ ചെയ്ത തെറ്റ് ?
നിന്‍റെ മടിയില്‍ തലചായ്ച്ചു-
റങ്ങിയതോ ഞാന്‍ ചെയ്ത തെറ്റ് ?
എന്താണ് ഞാന്‍ ചെയ്ത തെറ്റ് ?
എന്താണ് ഞാന്‍ ചെയ്ത തെറ്റ് ?

09 July 2002

സിസേറിയന്‍



ഇരുള്‍ മൂടിയ മഹാഗുഹപോ-
ലോരോപ്പറേഷന്‍ തിയേറ്റര്‍.
അതിന്നകത്തു കശാപ്പിനായി
കൊണ്ടുപോകുന്ന ചെമ്മരിയാടി-
നേപ്പോലൊരു ഗര്‍ഭിണി.
പിന്നാലെ, സാത്താന്റെ
വേഷമണിഞ്ഞൊരു മനുഷ്യന്‍ 
അകത്തേക്കു പ്രവേശിക്കുന്നു.
ആളുകള്‍ ബഹുമാനപുരസ്സര- 
മയാളെ ഡോക്ടറെന്നു വിളിക്കുന്നു.
അയാള്‍ക്ക്‌ പിന്നാലെ 
മാലാഖമാരെ അനുസ്മരിപ്പിക്കുന്ന 
കുറെ തരുണീമണികളും .

ഗുഹാകവാടം അടഞ്ഞു.
കശാപ്പുകാര്‍ മുഖം മൂടികള്‍ ധരിച്ചു
കശാപ്പിനു തയ്യാറെടുത്തു.
ലോഹങ്ങള്‍ കൂട്ടിമുട്ടുന്ന
ശബ്ദകോലാഹലങ്ങളുള്ളില്‍
മന്ത്രധ്വനികള്‍ പോലുയരുന്നു. 
സ്ത്രീയുടെ ഗര്‍ഭത്തിനു മുകളി-
ലൊരു പന്തം പ്രകാശിക്കുന്നു.
അത് പ്രകാശം നല്‍കുന്നത്
ഗര്‍ഭ ഗൃഹത്തിനു മാത്രമാണ്.

നിരാലംബയാമജം കശാപ്പുകാരെ
ഭീതിയോടെ നോക്കുന്നു.
ആരുടെ വദനത്തിലും ദയ 
കാണായ്കയാല്‍ ചകിതയായി,
അവള്‍ ബോധരഹിതയായി.

പിശാചിന്‍റെ കരങ്ങളില്‍ കഠാര.
അയാള്‍ വനിതയുടെ 
ഗര്‍ഭഗൃഹം പിളര്‍ന്നു .
ചോര ഒരു പുഴപോലെ
അവളുടെ ശരീരത്തിലൂടൊഴുകി.
കുറച്ചുകൂടി കഴിഞ്ഞവേളയില്‍
ഒരു കുഞ്ഞിന്‍റെ കരച്ചില്‍ കേള്‍ക്കായി.
പിളര്‍ന്ന ഗര്‍ഭവാടം ഭദ്രമായി 
അടച്ചു, സാത്താന്‍ നെറ്റിമേല്‍
തങ്ങിയ വിയര്‍പ്പു തുടച്ചു.
അധരങ്ങളില്‍ ക്രൂരവും
സംതൃപ്തവുമാം പുഞ്ചിരിയോടെ
ഗുഹാകവാടം തുറന്ന്
പുറത്തെ അന്ധകാരത്തില്‍
അയാള്‍ അപ്രത്യക്ഷനായി.   

25 January 2002

മോഹം

ഒന്നു ചുംബിക്കാന്‍ മോഹം
     ഓമനേ , നിന്നെ
കരവലയത്തിലൊതുക്കുവാന്‍  മോഹം
     അധരദളപുടങ്ങളില്‍ 
ചുംബനചെംപുഷ്പങ്ങളര്‍പ്പിക്കാന്‍    മോഹം  
     നീര്‍മിഴികളില്‍
കവിതകളെഴുതുവാന്‍ മോഹം  
     കുചശൈലങ്ങളില്‍ 
ശിരസ്സമര്‍ത്തിക്കിടന്നു മയങ്ങാന്‍ മോഹം
     കപോലങ്ങളില്‍
ചിത്രങ്ങളെ ഴുതുവാന്‍ മോഹം
     കാര്‍കൂന്തലില്‍
മുഖമൊളിപ്പിക്കുവാന്‍ മോഹം
     തവ തളിര്‍മേനിയെ
ആലിംഗനം ചെയ്യുവാന്‍ മോഹം
     പ്രിയേ , നിന്നെ
പ്രണയതരളിതയാക്കുവാന്‍ മോഹം     
   

14 January 2002

ദേവപ്രീതി


രാവിന്‍റെ നിഴല്‍പ്പാടുകള്‍ നീളുന്നു
പുഴയുടെ ഗര്‍ഭം പിളരുന്നു
ഇരുണ്ട രാത്രിയില്‍ കത്തിമുനകള്‍ തിളങ്ങുന്നു
ഒറ്റക്കണ്ണനാമാകാശം ശൂന്യതയിലലയുന്നു
കാക്കകള്‍ ബലി ചോറിനായി കരയുന്നു
കഠാരകള്‍ ചോരയ്ക്ക് ദാഹിക്കുന്നു
ജാതി ജാതിയെ കൊല്ലുന്നു
മതം മതത്തെ ബലാല്‍സംഗം ചെയ്യുന്നു
നശിക്കുന്നതോ, മനുഷ്യകുലം മാത്രം.

ആരാണ് പുഴയുടെ 
ഗര്‍ഭം പിളര്‍ത്തിയത്?  
ആരാണ് കൂടുതല്‍ പേരെ 
കൊന്നൊടുക്കിയത്?
ആരുടെ കഠാരിയ്ക്കാണ്
ദാഹം മാറാത്തത്?
കൊല്ലൂ , ഹിന്ദുക്കളെ കൊല്ലൂ
ഇസ്ലാമുകളെ കൊല്ലൂ
എല്ലാവരെയും കൊല്ലൂ
കൊല്ലൂ , കൊല്ലൂ , കൊല്ലൂ...
ഞങ്ങള്‍ , ദൈവങ്ങള്‍
ചോര കുടിച്ചാനന്ദിക്കട്ടെ 
ഭൂമി ചുവക്കട്ടെ
ധരയുടെ പൊക്കിള്‍ച്ചുഴി 
രക്തം കൊണ്ട് നിറയട്ടെ
അവളുടെ മാറിടങ്ങള്‍
ചുടുനിണം ചുരത്തട്ടെ
ഞങ്ങള്‍ , ദൈവങ്ങള്‍
രക്തം കുടിച്ചു
ഉന്മാദ നൃത്തമാടട്ടെ.

09 January 2002

ഹൃദയശാരിക


ശകടാസുരന്മാര്‍ നിറഞ്ഞൊഴുകുമീ  നിരത്തില്‍
കാത്തുനില്‍ക്കുകയാണ് ഞാനൊരു  സ്വപ്നത്തെ,
എന്‍ ഹൃദയം കവര്‍ന്ന  സൌന്ദര്യകുസുമത്തെ.

നിമിഷങ്ങളൊന്നൊന്നായ്  പൊഴിഞ്ഞുകൊണ്ടിരുന്നു ,
ഞാന്‍ കാത്തുനില്‍ക്കും പെണ്ണവളെത്തിയില്ല.
ശകടാസുരന്മാര്‍  അലറിപ്പാഞ്ഞുകൊണ്ടിരുന്നു.

നിരത്തിലൂടെ എത്രയോ പേര്‍, ലക്‌ഷ്യമില്ലാതെയും
വിദൂരമാം ലക്‌ഷ്യങ്ങള്‍ തേടിയും ,പൂര്‍ത്തിയാകാത്ത 
ജോലിയുടെ ശേഷിപ്പ് തീര്‍ക്കാന്‍ ധൃതിയിലും,
ആരെയും ശ്രദ്ധിക്കാതെ പോകുന്നു.

സ്ത്രീകള്‍, പുരുഷന്മാര്‍, യുണീഫോം ധരിച്ച 
കുട്ടികള്‍; വൈവിധ്യങ്ങളാം  വസ്ത്രങ്ങള്‍ 
ധരിച്ചുകൊണ്ടവര്‍ കടന്നുപോയ്ക്കൊണ്ടിരുന്നു.

എല്ലാം ചലിക്കുന്നു, മനുഷ്യരും വാഹനങ്ങളും 
ഞാനുമെന്‍ ഹൃദന്തവും മാത്രം നിശ്ചലമായി 
നിരത്തിന്‍  സമീപം  നിലകൊള്ളുന്നു.

ഒടുവിലെന്‍ നീണ്ട കാത്തിരിപ്പിനു ശേഷം 
അവള്‍ വന്നു, ചുണ്ടില്‍ മന്ദസ്മേരവുമായ്,
എന്‍റെ പ്രണയിനി, മാനസമണിയററാണി.

ആ വദനദര്‍ശനം മതിയെന്‍ ജീവിതം 
സഫലമാകുവാന്‍, ആത്മാവിനു നിര്‍വൃതി നേടാന്‍.
അവളെയെന്നെന്നും കണ്മുന്നില്‍ കാണ്മാന്‍ 
മമമാനസം വേപഥുപൂണ്ടിരിപ്പൂ.

എന്‍ ഹൃദയശാരികയവളെത്ര സുന്ദരി ,
അവളുടെ സൌന്ദര്യമെത്ര അവാച്യം 
നീണ്ട കാര്‍കൂന്തലിന്‍ കാളിമയെത്ര അഗാധം 
അമാവാസിയെക്കാളെത്ര ഇരുണ്ടവര്‍ണ്ണം.

അതിമനോഹരങ്ങളാം നേത്രങ്ങളിലെ
തിളക്കത്തെ ജയിക്കാനൊന്നുമില്ലീ ധരയില്‍.
പേടമാന്‍കണ്ണുകളും അവളുടെ മിഴികള്‍ക്കരികില്‍
സ്വര്‍ണ്ണസിംഹാസനത്തിന്നരികിലെ കല്‍മണ്ഡപം .

ലക്ഷണമൊത്തതാണവളുടെ നാസിക.
രുധിരവര്‍ണ്ണമെഴുമധരങ്ങളെജ്ജയിക്കാന്‍ 
പ്രകൃതിയിലെ ചുവപ്പുനിറത്തിനുമാവില്ല.

കവിളുകളിലെ മനോഹരങ്ങളാം നുണക്കുഴികള്‍ 
പത്തരമാറ്റുതങ്കത്തെയും തോല്‍പ്പിക്കും.
ആ മുഖചൈതന്യമെത്ര  അവര്‍ണ്ണനീയം.

എന്‍ പ്രേമമയൂരമേ, ഹൃദയശാരികേ, 
ഹൃദയഹാരിണീ, പ്രണയസൌഗന്ധികമേ,
സ്വപ്നശലഭമേ, മാനസമണിവീണാനാദമേ,
പ്രണയകുസുമമേ, അഭിലാഷസാഗരമേ,
പ്രേമസ്വരൂപിണി, നവവിപഞ്ചികേ,
നിന്നെയെത്ര വര്‍ണ്ണിച്ചീടിലും മതിയാമോ 
പ്രിയേ, എന്നിലെ കവിയ്ക്ക്.

നീയാണെന്നെ കവിയാക്കി മാറ്റിയത് 
നിന്‍റെ പ്രേമം മൂലം ഞാന്‍ കവിയായി.
ഓമനേ, നിന്നെക്കുറിച്ചെത്ര പാടിയാലും 
നിറുത്തുമോ മമ മാനസം, ലോകം ശൂന്യമായാലും 
അവസാനിക്കുമോ നമ്മുടെ പ്രണയബന്ധം.
കവിയാണ്‌ ഞാനോമനേ, നിന്നെ വര്‍ണ്ണിക്കട്ടെ.

04 January 2002

ചെമ്പനിനീര്‍



ഓര്‍ക്കുന്നുവോ പ്രേമഭാജനമേ, നാമാ-
ദ്യമായിക്കണ്ടുമുട്ടിയ സായംസന്ധ്യ.
ആര്‍ക്കനസ്തമിക്കും നേരം നാമിരുവരും 
ആഴിക്കരികിലൂടെ നടന്നുകൊണ്ടിരുന്നതും 

അലയടിച്ചുവരുന്ന തിരമാലകള്‍ തഴുകി 
തവ തങ്കക്കൊലുസുകള്‍ പുഞ്ചിരിച്ചതും 
നിന്‍ കരിങ്കൂന്തലിലൂടെയെന്‍ വിരലുകളി-
ഴഞ്ഞതും നിന്‍ മടിയില്‍ക്കിടന്നു ഞാന്‍ 

മയങ്ങിയതുമോര്‍മ്മയില്‍ തെളിയുന്നുവോ.
എത്രയോ യുവജോഡികള്‍ നമുക്കരികിലൂടെ-
ക്കടന്നുപോയി; ആരിലും ശ്രദ്ധ പതിപ്പിക്കാതെ 
നാമും നമ്മുടേതു മാത്രമാം ലോകത്തില്‍ 

നമ്മുടെതാം ചിന്തകളില്‍ മുഴുകിയലഞ്ഞു.
നാമാരെയും കണ്ടില്ല , നമ്മെയെല്ലാരും 
കണ്ടെന്നാകിലുമാരെയും ശ്രദ്ധിച്ചില്ല നാം,
നമ്മെയെല്ലാരും ശ്രദ്ധിച്ചിരുന്നെങ്കിലും .

അന്നിരുള്‍ വീഴുന്ന നേരമായിരുട്ടില്‍ 
നീയെന്‍ വലതുകവിളിലേകിയ ചുടു-
ചുംബനമിന്നുമെന്‍ സ്മൃതിപഥത്തിലുണ്ട്.
അന്ന് നാമിരുവരും വേര്‍പിരിഞ്ഞകലും

മുമ്പ് നിനക്ക് ഞാനേകിയ ചെമ്പനിനീര്‍
പുഷ്പമിന്നും അമൂല്യസമ്പത്തായിക്കരുതി 
നീ സൂക്ഷ്മതയോടെ  സൂക്ഷിച്ചിരിക്കുന്നോ?
അടുത്ത പ്രഭാതത്തിലോമനെ, നിന്നെ 

കാണുവാന്‍ വന്നപ്പോളെന്‍റെ കരങ്ങളില്‍ 
ചെമന്ന പനിനീര്‍പ്പൂക്കളെത്രയെണ്ണ -
മുണ്ടായിരുന്നെന്നു നീയോര്‍ക്കുന്നുണ്ടോ?
നാമിരുവര്‍ക്കുമിടയിലെയീയന്തരമിതെത്ര 

കാലം തുടരുമെന്നെനിക്കോ നിനക്കോ അറിയില്ല.
തവദു:ഖാര്‍ത്തമാനസം കാണുവാനെനിക്കില്ലേതും
കരുത്തും കെല്‍പ്പുമെന്നറിക സഖീ, കാണില്ല നിന്നെ.
എങ്കിലും കാണാതെ ഞാന്ജീവിക്കുവതെങ്ങനെ.

നിന്‍ ദര്‍ശനമാണെന്നുച്ച്വാസവായു.
എന്നാണു മല്‍പ്രിയെ, നാമിരുവര്‍ക്കുമിടയിലെ 
വേര്‍പാടിന്‍ ഗോപുരം തകര്‍ന്നടിയുക.
എന്നാണു നിന്നെ ഞാന്‍ ഒരു ചെണ്ട്

ചെമ്പനീര്‍പ്പൂക്കളും നീ ചുണ്ടില്‍ 
ചുംബനകുസുമങ്ങളുമായി വീണ്ടും കാണുക.
ആ ദിവസത്തിന്‍റെ കാരാഗൃഹവാടങ്ങള്‍
തുറക്കപ്പെടാനായി പ്രാര്‍ത്ഥിക്കുന്നു മേ.