Pages

24 June 2001

ചെങ്കനല്‍


 
എന്‍റെ ദു:ഖങ്ങള്‍ പങ്കുവയ്ക്കാന്‍
പ്രിയേ നീയെവിടെ?
തുടിക്കുന്ന നെഞ്ചിന്‍ വേദനകള്‍
നിന്നെക്കുറിച്ചു മാത്രം.
വിതുമ്പുന്ന അധരം ചൊല്ലുന്നതും
നിന്‍റെ പേര് മാത്രം.

അശ്രു പൊഴിക്കുന്നു നേത്രങ്ങള്‍
ഇടറുന്നു ശബ്ദങ്ങള്‍;
നിന്‍റെ സാമീപ്യത്തിനു
കൊതിക്കുന്നു ഞാന്‍.

എരിവേനല്‍പക്ഷിയാ-
യലയുന്നു ഞാന-
കലെയേതോ കോണില്‍ മറഞ്ഞിരിക്കും
നിന്നെയും തേടി.

വിരഹത്താല്‍ കേഴുന്ന മാനസത്തിന്‍
വേദന നീ അറിയുന്നില്ലല്ലോ.
ഇടമുറിയാതെ മിടിച്ചയെന്‍
ഹൃദയതന്ത്രികള്‍ നിലച്ചതും
മിന്നിത്തിളങ്ങിയയെന്‍ നേത്രങ്ങ-
ലശ്രു പൊഴിക്കുന്നതുമ-
കലങ്ങളില്‍ മറഞ്ഞിരുന്നു
നീയറിയുവതെങ്ങനെ?

എന്‍റെ ആത്മാവിലെ
ദീപസ്തംഭമായിരുന്നു നീ.
എന്‍റെ ഹൃദയത്തിന്‍റെ
ആനന്ദസാഗരമായിരുന്നു നീ.

നീയില്ലാതെയെന്‍റെയാ-
ത്മാവെങ്ങനെയാനന്ദിക്കും.
ഏകാന്തതയുടെ വിരസതയില്‍
തപ്തമാനസനായിരിപ്പൂ ഞാന്‍,
നീയെന്‍ ചാരെയണയുന്ന
സുന്ദരമുഹൂര്‍ത്തവും കാത്ത്.

നിമിഷങ്ങളും ദിവസങ്ങളും
മാസങ്ങളും കടന്നുപോയ്,
കടലിന്‍റെ തിരകള്‍ കരയെ
ഉമ്മവച്ചു മടങ്ങും പോലെ.

എന്നില്‍ നിറയുന്ന കൊടുങ്കാറ്റും
നിന്‍റെ ശബ്ദത്തില്‍ നിശ്ചല-
മെന്നിലെരിയുന്ന കനലും
നിന്‍റെ തലോടലില്‍ വജ്രം.
നേത്രാമ്പുകള്‍  നിന്‍റെ
ദര്‍ശനമാത്രയില്‍ പവിഴങ്ങള്‍.

എന്നിട്ടുമിന്നു ഞാന്‍
വിരഹത്താല്‍ കേഴുന്നു,
നിന്‍റെയോര്‍മ്മകളില്‍ മുഴുകി
ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നു.

എന്‍റെ സ്വപ്നങ്ങളില്‍ മറ്റൊരു
നായികയെങ്ങനെ വരു-
മെന്നുമെന്നും നിന്നെമാത്ര-
മോര്‍ക്കുന്നു ഞാന്‍.
നിന്‍റെ ശാലീനസൌന്ദര്യം
മറ്റാരിലും കണ്ടെത്താ-
നെനിക്ക് സാധിക്കില്ലെ-
ന്നെന്‍റെയാത്മം ചൊല്ലുന്നു.
നിന്‍റെ തരളഗാത്രമിനിയെന്നു
ഞാന്‍ ദര്‍ശിക്കും.
നിന്‍റെ മനോഹരവദന-
മിനിയെന്നു ഞാന്‍ കാണു-
മിനിയെന്നു നീയെന്നരികില്‍
വരുമെന്നെ തഴുകും.
എന്‍റെ കാത്തിരിപ്പ-
വസാനിക്കുന്നതെന്നാവും.
നിന്‍റെ സാമീപ്യം
കൊതിക്കുകയാണ് ഞാന്‍.

അകലങ്ങളില്‍നിന്നു നീ-
യരികില്‍ വരൂവെന്‍റെ
ഹൃദയത്തില്‍ നീ
വീണ്ടും സന്തോഷം നിറയ്ക്കൂ-
യെന്‍റെയാത്മാവിലെ മണിദീപിക
തെളിയ്ക്കൂ നീ വീണ്ടും.
താളത്തിലെന്‍റെ
ഹൃദയതന്ത്രികള്‍ മിടിയ്ക്കുവാന്‍
നിന്‍റെ സാമീപ്യത്തിനുമാത്രമേ
കഴിയൂയെന്നോമനെ,-
യെന്‍റെ ആത്മാവിന്‍റെ
രോദനങ്ങളവസാനിക്കാന്‍
മന്ദസ്മേരവുമായ് നീ-
യെന്നരികില്‍ വരൂ.

നിന്‍റെ പാദപദനശബ്ദത്തിനായ്‌
ഞാന്‍ കാത്തിരിക്കുന്നു.
ആ നെഞ്ചിലെ താളത്തിനായ്
ഞാന്‍ കാതോര്‍ത്തിരിക്കുന്നു.
ആ മുഖത്തിന്‍റെ ദര്‍ശനത്തിനാ-
യെന്നുള്ളം കൊതിക്കുന്നു.
ആ മിഴികളുടെ തിളക്കം
കാണാന്‍ ഞാനാഗ്രഹിക്കുന്നു.

പുഞ്ചിരിയൂറുന്നധരങ്ങളുമായി,
വിടര്‍ന്ന മിഴികളുമായി,
പ്രണയത്തിന്‍റെ
സ്നേഹസാന്ത്വനസ്പര്‍ശവുമായി
നീയെത്രയും പെട്ടെന്നെന്‍
സമീപത്തെത്തിയിരുന്നെങ്കി-
ലെന്‍റെ സ്വപ്നങ്ങളെല്ലാം
വര്‍ണചിറകുകളോടെ
വാനില്‍ പാറിപ്പറക്കു-
മാകാശപ്പറവകളെപ്പോലെ  .

എന്‍റെ ഹൃദയത്തിലെരിയുന്ന
ചെങ്കനലിനെ കെടുത്താന്‍
നിന്‍റെ തൂമന്ദഹാസത്തിനും
സ്നേഹസ്പര്‍ശത്തിനും മാത്രമേ
സാധിക്കുകയുള്ളൂയെന്നെന്‍
മാനസമാവര്‍ത്തിക്കുന്നു.
നിന്‍റെ വിരഹത്തിന്‍ ദു:ഖത്താല്‍
തപിച്ചെരിഞ്ഞതാണെന്‍റെ
ഹൃദയത്തിലെരിയുന്ന
വേദനയുടെ ചെങ്കനല്‍.
കരളിന്നാശ്വാസമേകുമീ
തരളസാന്ത്വനസ്പര്‍ശം
ഒരുനാളും നിലയ്ക്കാതെ
നിലനിന്നിരുന്നെങ്കില്‍.
ജീവിതാന്ത്യം വരെയും നീ-
യെന്നോടൊപ്പമീ ധരയി-
ലെന്‍മാനസചോരയാ-
യെന്‍ പ്രിയപത്നിയാ-
യെന്‍ ജീവശ്വാസമായ്,
ഹൃദയത്തിനുടമയാ-
യെന്‍റെയാത്മാവിന്‍റെ
അന്ധകാരമവസാനിപ്പിക്കും നാളമായ്;
കൂടെചേരുമോയെ-
ന്നമൃതവാഹിനിയായ്.

നിനക്കായ്‌ മാത്രം
മിടിക്കുമെന്‍ ഹൃദയവീചികള്‍.
നിന്‍റെ സന്തോഷത്തില്‍
ത്രസിച്ചാനന്ദിക്കുമെന്നാത്മം.
എന്‍റെ ഹൃദയമണിക്കോവില്‍
നിനക്കായ്‌ മാത്രം തുറക്കുന്നു.
ഹൃദയമണിയറയുടെയ-
റകള്‍ നിന്‍റെ മാത്രം സ്വന്തം.
ആത്മവിപഞ്ചികയുടെ
തന്ത്രികള്‍ നിനക്കു മീട്ടാന്‍ മാത്രം.

നീവരും ശബ്ദവിന്യാസം
കേള്‍ക്കുവാന്‍ കാതുകൂര്‍പ്പിച്ചു,
നിന്‍റെ രൂപം കാണാന്‍
കണ്ണുതുറന്നിരിക്കുന്നു ഞാന്‍.
ഈ മാനസത്തിലെരിയും
ചെങ്കനലണയാന്‍ നിന്‍റെ സാമീപ്യ-
മാണെനിക്കേറ്റവുമത്യാവശ്യ-
മെന്‍ പ്രിയസഖി.

*******************************

22 June 2001

ഒരു ജന്മം മാത്രം


നീലവാനം പൂത്തുലഞ്ഞു ,
സ്വപ്നം പൂവണിഞ്ഞു.
കാമിനിയെന്‍ ചാരെ മൃദുസ്മേര-
വദനയായണയുമ്പോളെ-
ന്തു ചൊല്ലണം ഞാ, നെങ്ങനെ-
യവളെ നേരിടണ, മറിയില്ലെ -
നിക്കൊന്നുമേ; പ്രണയിനി,
നീയെന്‍റെ ജീവന്‍റെ സൌരഭം.
നീയെന്‍റെ ഹൃദയത്തിന്‍ സ്പന്ദനം.
നീയെന്നാത്മാവിന്‍ രോദനം.
നീയെന്‍റെ കരളിന്‍റെ തേങ്ങല്‍.

സ്വപ്നം വിടരുന്ന ഓര്‍മ്മയാണവള്‍
സന്തോഷമേകും സന്ദേശമാണവള്‍
കപോലങ്ങളെ പുല്‍കുമവള്‍.
അറിയാതെ നാമ്പിട്ട ആശയാ-
യെന്‍ കരവലയത്തിലൊതുങ്ങും 
മോഹമായെന്നാത്മാവായ്.

നിന്നെ മോഹിക്കാന്‍ മാത്രം
യോഗ്യനല്ലെങ്കിലും
നിന്നെ സ്വന്തമാക്കാന -
ര്‍ഹതയെനിക്കില്ലെങ്കിലും
മാനസത്തില്‍ മൊട്ടിട്ട
മോഹമാശതന്‍
വളത്താല്‍ വളര്‍ന്നു
വന്‍വൃക്ഷമായ് , വേരുകള്‍ 
തനുവാകെ നിറഞ്ഞിരിക്കുന്നു.
ഇനി നിന്നെ മറക്കുന്ന-
തിലുമെനിക്കെളുപ്പം
സ്വയമേ മരണത്തിന്‍
പിടിയിലെന്‍ ദേഹത്തെ-
യെല്‍പ്പിക്കുന്നതത്രേ.

നീയെന്‍റെ ജീവന്‍റെ താളം 
നീയെന്‍റെ ജീവന്‍റെ രാഗം 
നീയെന്‍റെ ജീവന്‍റെ ഗാനം 
നീയെന്‍റെ ജീവന്‍റെ നീര്‍ച്ചാല്‍ 
എന്നുമെന്നിലെയെന്നെ 
തലോടും സ്വരരാഗമാധുര്യം നീ 
നീയെന്‍റെ വിരഹഗീതം 
നീയെന്‍റെ ആത്മവിലാപം 
നീയെന്‍റെ ജീവസുഗന്ധം 
നീയെന്‍റെ ഹൃദയസൌരഭ്യം 
നീയെന്‍റെ സ്വപ്നസാക്ഷാത്കാരം 

എന്‍റെ ഹൃദയമാണ്
നീ കവര്‍ന്നെടുത്തതെ-
ന്നെ പ്രണയപരാധീന-
നാക്കിയ നീയെതോ 
സ്വപ്നലോകത്തേക്ക്,
നിര്‍വൃതിയുടെ സ്വര്‍ഗ്ഗ-
ത്തിലേക്ക് കൈപിടിച്ച് 
കൂട്ടിക്കൊണ്ടുപോയി.

നിന്‍റെ കണ്ണുകളിലെ സ്വപ്നങ്ങളില്‍ 
നിറഭേദങ്ങള്‍ നിറയുന്നു.
പേരറിയാത്ത അനേകകോടി
പുഷ്പവൃന്ദങ്ങളില്‍ നിന്ന് 
പരന്നൊഴുകും സൌരഭ്യ-
മേതോ മായികലോകത്തിലേ-
ക്കെനിക്കുള്ള ചവിട്ടുപടിയായി.

ഈയൊരു ജന്മത്തില്‍ 
നിന്നെ പൂര്‍ണ്ണമായെനിക്ക് 
കിട്ടിയിരുന്നെങ്കിലെന്നു 
ഞാനാശിക്കുന്നു പ്രിയേ.
എന്‍റെ സ്വപ്നങ്ങളില്‍
നിന്‍റെ വദനം കാണുമ്പോള്‍ 
ഞാന്‍ പുളകിതനാകുന്നു.
ഈ ജന്മം മുഴുവനും 
നീയെന്‍റെതായിരിക്കും 
എന്‍റെതുമാത്രമായിരിക്കും.


***********************************

21 June 2001

നിശ്ശബ്ദസ്വരങ്ങള്‍




ഏതോ സ്വപ്നം കരയുന്നു.
എന്നിലേതോ കനലെരിയുന്നു.
ഓര്‍മ്മകളില്‍ തിളങ്ങുന്ന
വദനത്തില്‍നിന്നും 
കണ്ണുനീര്‍ പൊഴിയുന്നു.
അശ്രുക്കള്‍ നിറഞ്ഞെന്‍
മാനസം ഇരുളുന്നു.

ശബളിതമാം പൂക്കള്‍ 
വിരഹവേദനതന്‍ 
ആധിക്യത്താല്‍ 
പരിധൂസരമാകുന്നു.
ദളങ്ങള്‍ പൊഴിഞ്ഞു 
വികൃതമാം സുമങ്ങള്‍ 
ഒരു കുന്നായ്, ഓര്‍മ്മകളെ 
മോടിയേറുമോര്‍മ്മകളെ 
അപ്രത്യക്ഷമാക്കുന്നു.

നിശ്ശബ്ദമായെന്‍
മനസ്സില്‍ ഇടറും 
സ്വരങ്ങള്‍ മൂളുന്നു,
ഏതോ വിരഹഗാനം.
നെഞ്ചിലെതോ
ഹൃദയത്തിന്‍ താളം
ക്രമരഹിതമായി മിടിയ്ക്കുന്നു.
ആ മിടിപ്പിന്‍ സ്വരങ്ങള്‍
എന്നിലെ വേദനയെ 
പരകോടിയിലെത്തിക്കുന്നു.

ഓര്‍മ്മകളില്‍ തെളിയും 
വദനമോതും സ്വരങ്ങള്‍
നിശ്ശബ്ദമായെന്‍
ഹൃദയഭിത്തികളില്‍ 
പെരുമ്പറ മുഴക്കുന്നു.
തിളങ്ങുന്ന കണ്ണുകളില്‍ 
വേദനതന്‍ ബിന്ദുക്കള്‍ 
ഉരുണ്ടുകൂടിയിരിക്കുന്നു.

ആ നേത്രങ്ങള്‍ 
പറയും വിരഹകഥ 
ഏതോ പ്രണയനാടക -
ത്തിലെ ശോകകരമായ 
അന്ത്യരംഗമാകുന്നു.
യവനിക വീഴും മുമ്പേ 
വിരഹതാപത്താല്‍ 
നീറിപ്പിടഞ്ഞുരുകുന്ന
നായിക ചൊല്ലും പദങ്ങള്‍
നിശ്ശബ്ദമാണെങ്കിലും 
താരാപഥമണ്ഡലത്തിന്‍ 
അഷ്ടകോണുകളെയും 
വിറകൊള്ളിക്കുന്ന 
മേഘജ്യോതിസ്സുകളാകുന്നു.

ആ നിശ്ശബ്ദസ്വരങ്ങള്‍
എന്‍ ഹൃദയത്തെ 
ആനന്ദഭരിതമാക്കും.

****************