Pages

09 September 2004

നിന്‍റെ ഹൃദയത്തിന്‍റെ താളം


ഓ , കൊച്ചു ഹൃദയമേ
നിന്‍റെ ഹൃദയത്തിന്‍റെ താളം  ,
മിടിയ്ക്കാതെ മിടിയ്ക്കുന്ന 
നിന്‍റെ ഹൃദയത്തിന്‍റെ താളം 
ഇന്നിതാ നിലച്ചിരിക്കുന്നു.

കൂലംകുത്തിയും ശാന്തമായും
ഒഴുകുന്ന പുഴയുടെ
ഭാവതാളങ്ങളായിരുന്നു  നിന്‍റെ 
ഹൃദയത്തിന്‍റെ രാഗം 

ചിലപ്പോള്‍ അമര്‍ഷമായ് 
ചിലപ്പോള്‍ ശാന്തമായ്
ചിലപ്പോള്‍ വേദനയായ്
ചിലപ്പോള്‍ മൃദുവായ്

ആരെയും വേദനിപ്പിച്ച
കൊച്ചുഹൃദയമേ,
നിന്‍റെ ആത്മരാഗമി-
ന്നിതാ നിലച്ചിരിക്കുന്നു. 

 മഹാരോഗത്തിന്‍റെ വേദനയിലും
നീ പുഞ്ചിരിച്ചു,
നിന്നെ പോറ്റുന്നവര്‍ക്കു
സാന്ത്വനമേകി, എങ്കിലും

അടുത്ത നിമിഷങ്ങളില്‍ നീ
പിടഞ്ഞു, അസഹനീയമാം
വേദനയുള്‍ക്കൊണ്ട്
നീ കേണു കരഞ്ഞു.

വാക്കുകള്‍ മെനഞ്ഞെടുക്കാന്‍ 
നീ ശ്രമിച്ചു,ശബ്ദങ്ങളായി
അവ പുറപ്പെട്ടു.
നിന്‍റെ  ചലനങ്ങളില്‍ നീ-



യേവര്‍ക്കും സന്തോഷമായി.
ഉള്ളിലെ വേദനയറിഞ്ഞും 
നീയവരുടെ സ്മിതം കണ്ടു.
വേദന പറയാനറിയാതെ നീ



കരഞ്ഞു, രോഗങ്ങളില്‍
നീ വിറച്ചു, കാണുന്നവരുടെ
കരള്‍ത്തടങ്ങളില്‍ നീ
ഗദ്ഗദച്ചാലുകള്‍  നിറച്ചു.  

ഓ , കൊച്ചുഹൃദയമേ വേദനയുടെ
മാറ്റൊലിയുറവയുള്‍ക്കൊണ്ട 
നിന്‍റെ ഹൃദയത്തിന്‍റെ താളം
ഇന്നിതാ നിലച്ചിരിക്കുന്നു.