//എന്‍റെ സ്വപ്‌നങ്ങള്‍ മരിച്ചു
എന്‍റെ ആശകള്‍ അസ്തമിച്ചു
ആഴിയുടെ ആഴങ്ങളില്‍
എനിക്ക് എന്നെ നഷ്ടപ്പെട്ടു//
അതൊരു വെളുത്ത
നിശീഥമായിരുന്നു. ആകാശം നിറയെ നക്ഷത്രങ്ങള്‍.
സമസ്തവും
നിശ്ശബ്ദമയം. അയാള്‍ എന്തൊക്കെയോ ഓര്‍ത്തു നടക്കുകയായിരുന്നു.
എത്ര
ദൂരമെന്നറിയില്ല. അയാള്‍ നടന്നുകൊണ്ടേയിരുന്നു. അയാള്‍ ഫ്ലോറിഡയിലെ റെയ്ചല്‍ഡ്രം (സാങ്കല്‍പ്പികം)
തെരുവിലെത്തി.
ഇരുളില്‍ ആരോ ഒരാള്‍
പാടുന്നുണ്ടായിരുന്നു. അതൊരു സ്ത്രീശബ്ദമാണെന്ന് അയാള്‍ വ്യക്തമായി
തിരിച്ചറിഞ്ഞു. അയാള്‍ നിരത്തിലൂടെ മുന്നോട്ടു നടന്നു. ഓരോ അടി നടക്കുന്തോറും ആ
പാട്ട് അയാള്‍ക്ക് വ്യക്തമായിക്കൊണ്ടിരുന്നു. ആ ഗാനം വിഷാദമയമാണെന്ന് അയാള്‍ക്ക്
ബോധ്യമായി. അവളുടെ ശബ്ദം വളരെ മനോഹരമാണെന്ന് അയാള്‍ അറിഞ്ഞു.
അവളോട് വളരെ
അടുത്തെത്തിയപ്പോള്‍ ആ പാട്ടിന്‍റെ വരികള്‍ അയാള്‍ക്ക് പൂര്‍ണ്ണമായും വ്യക്തമായി.
വിശാലമായ മണലാരണ്യത്തിലകപ്പെട്ട യാത്രികന്‍ ദു:ഖത്തോടെ , നിരാശയോടെ
പാടുന്നതുപോലെ അയാള്‍ക്ക് തോന്നി. ആ ഗാനത്തിന്‍റെ വരികള്‍ അയാള്‍ ശ്രദ്ധിച്ചു.
“My dreams died,
My hopes vanished;
I am lost,
Lost fathoms deep.
Dreams are bubbles,
They are to burst.
Hopes are floating,
Anytime they sink.
They love the depths,
They kiss the
depths.”
ആ വരികളിലെ
അഗാധമായ വിഷാദവും ശൂന്യതയും അയാളെ അമ്പരപ്പിച്ചു. അയാള്‍ ഒരു നിമിഷം
നിന്നു. ആ വരികളെത്തന്നെ ചിന്തിച്ചു.
“എന്‍റെ സ്വപ്‌നങ്ങള്‍
മരിച്ചു. എന്‍റെ ആശകള്‍ അസ്തമിച്ചു. ആഴിയുടെ ആഴങ്ങളില്‍ എനിക്ക് എന്നെ
നഷ്ടപ്പെട്ടു. സ്വപ്‌നങ്ങള്‍ ചിതറാനുള്ള കുമിളകളാണ് . ആശകള്‍ മുങ്ങിത്താഴാനുള്ളവയും.
അവ ആഴങ്ങളെ സ്നേഹിക്കുന്നു.”
അവള്‍
പാതയോരത്തെ സിമെന്റ് ബഞ്ചിലിരുന്നു പാടുകയാണ്. സ്വയം മറന്നു, കണ്ണുകള്‍
ഇറുക്കിയടച്ചു, തല ഒരു വശത്തേക്ക് ചരിച്ചു, വലതു കൈകൊണ്ടു തുടയില്‍
മെല്ലെ താളമിട്ടു അവള്‍ പാടുകയാണ്.
“I am dead.
But my heart
Ain’t.
It went on
Tick-Dick
Tick-Dick…”
“ഞാന്‍ മരിച്ചു.
പക്ഷെ എന്‍റെ ഹൃദയം സ്പന്ദിച്ചുകൊണ്ടേയിരുന്നു. ടിക്ക്-ഡിക്ക്.” പാട്ടും വരികളും
സന്ദര്‍ഭവുമെല്ലാം മാറുകയാണ്. പക്ഷെ, സ്ഥായിയായ നിരാശാബോധം
നിലനില്‍ക്കുന്നു.
വഴിവിളക്കിന്റെ
പ്രകാശം അവളുടെ മേല്‍ പതിക്കുന്നുണ്ട്. അവള്‍ സുന്ദരിയാണെന്ന് അയാള്‍ കണ്ടു.
അവള്‍ക്കു
മനോഹരമായ ചെമ്പിച്ച മുടിയാണ്ള്ളത്. വഴിവിളക്കിന്റെ പ്രകാശത്തില്‍ അത് തിളങ്ങുന്നുണ്ടെന്നു അയാള്‍ക്ക് തോന്നി. അവളുടെ പൂച്ചക്കണ്ണുകള്‍ തിളക്കമേറിയതും
സ്നേഹനിര്‍ഭരവുമായിരുന്നു. അവളുടെ അധരങ്ങള്‍ക്കു കടുംചുവപ്പു നിറമായിരുന്നു.
വെള്ളയില്‍ കറുത്ത പൂക്കളുള്ള ഫ്രോക്കായിരുന്നു അവള്‍ ധരിച്ചിരുന്നത്.
കുറച്ചു
സമയമായി താനവളെ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അയാളോര്‍ത്തു.അയാള്‍ വാച്ച് നോക്കി. സമയം മൂന്നു മണി കഴിഞ്ഞിരുന്നു.
രാത്രികള്‍ക്ക്
നീളം കൂടുതലുള്ള തണുത്ത ഡിസംബര്‍ മാസമായിരുന്നു അത്. ക്രിസ്മസ്
കഴിഞ്ഞിരുന്നു.രണ്ടു ദിവസം കൂടി കഴിഞ്ഞാല്‍ പുതിയവര്‍ഷം. പകല്‍വെളിച്ചം
വീണുതുടങ്ങാന്‍ ഇനിയും രണ്ടോ മൂന്നോ മണിക്കൂറുകള്‍ ബാക്കിയുണ്ട്.
കറുത്ത മാനത്ത്
നക്ഷത്രങ്ങള്‍ പ്രോജ്ജ്വലതയോടെ മിന്നുന്നു. ചന്ദ്രപ്രകാശത്തിനു മങ്ങല്‍
വന്നുതുടങ്ങിയിരുന്നു.വൃത്താകൃതി പൂണ്ട ചന്ദ്രന്‍. അവിടവിടെ ചില
മേഘക്കീറുകള്‍. ഇടയ്ക്കെപ്പോഴോ ഒരു കൊള്ളിയാന്‍ മിന്നി.
താനൊരു
വിജനമായ ദ്വീപിലാണെന്നും അവിടെ ഒരു തണല്‍മരം മാത്രമേയുള്ളൂ എന്നും അയാള്‍
സങ്കല്‍പ്പിച്ചു.മരത്തിന്റെ അപ്പുറത്തും ഇപ്പുറത്തും താനും അവളും
ചക്രവാളത്തിലേക്ക് നോക്കി ഇരിക്കുകയാണെന്നും അയാള്‍ ചിന്തിച്ചു. തങ്ങൾക്കു ചുറ്റും തികച്ചും
ശൂന്യമായ, നിശ്ശബ്ദമായ അന്തരീക്ഷം.
“I am alone
In a vast desert
Of sorrows.
Nights and days
Went through me.
I was damn alone.”
“ദു:ഖങ്ങളുടെ കടുത്ത മണലാരണ്യത്തില്‍ ഞാന്‍ എകയായിരുന്നു.എന്നിലൂടെ രാവും പകലും കൊഴിഞ്ഞു വീണു.”
അയാള്‍ അവളുടെ
അടുത്തേക്ക് ചെന്ന്, അവളുടെ തോളില്‍ കൈ വച്ചു. അവള്‍ ഞെട്ടി, കണ്ണുതുറന്നു,
അത്ഭുതസ്തബ്ധയായി തന്‍റെ മുന്നില്‍ നില്ക്കുന്ന അപരിചിതനെ നോക്കി.
അവളുടെ
കണ്ണുകളില്‍ നീര്‍കണങ്ങള്‍ തുളുമ്പാന്‍ വെമ്പിനില്‍ക്കുന്നത് അയാള്‍ കണ്ടു. അയാള്‍ ചില
നിമിഷങ്ങള്‍ അവളുടെ കണ്ണുകളില്‍ത്തന്നെ ഉറ്റുനോക്കി. പിന്നെ, അവള്‍ക്കു എതിര്‍ക്കാന്‍
കൂടി സമയമനുവദിക്കാതെ അവളുടെ ചുണ്ടുകളില്‍ ഗാഡമായി ചുംബിച്ചു. കുറെ നേരത്തേക്ക് അവര്‍
ഇരുവരും അനങ്ങിയില്ല. എപ്പോഴോ അയാളവളെ മുക്തയാക്കി.
അവള്‍
സ്തബ്ധയായി അയാളെ നോക്കി നിന്നു.
“ആരാണ് നിങ്ങള്‍.”
“ഫ്രെഡറിക്ക്.”
“നിങ്ങള്‍ എന്തിനെന്നെ ചുംബിച്ചു?”
“നീ അതര്‍ഹിക്കുന്നത് കൊണ്ട്.”
കുറച്ചു സമയത്തേക്ക് അവരൊന്നും
മിണ്ടിയില്ല. പിന്നെ, അയാള്‍ ചോദിച്ചു.
“നിന്‍റെ പേരെന്താണ്?”
“മരിയ കരോളിന.”
“നീ ആരാണ്? നിന്‍റെ വീട്? തൊഴില്‍?
മാതാപിതാക്കള്‍? ഈ ഏകാന്തതയുടെ പിന്നിലെ
രഹസ്യം? നിന്‍റെ ഗാനങ്ങളുടെ ആഴവും അര്‍ത്ഥവും? എന്തിനു നീ
വിഷാദരാഗങ്ങള്‍ മാത്രം മൂളുന്നു?”
അയാളുടെ
ചോദ്യങ്ങള്‍ കൂരമ്പുകളായി അവളുടെ ഹൃദയത്തില്‍ തറച്ചു. അയാള്‍ ചോദിച്ചുകൊണ്ടേയിരുന്നു.
അവള്‍
നിസ്സംഗതയോടെ ആ ചോദ്യങ്ങളെല്ലാം കേട്ടുകൊണ്ടെയിരുന്നു. പക്ഷെ, ഒന്നിനും മറുപടി
പറഞ്ഞില്ല.
അയാള്‍
മറുപടിയ്ക്കായി കാത്തുനിന്നു.
“നിങ്ങളെങ്ങോട്ട്
പോകുന്നു?”
ഒടുവില്‍ അവള്‍
ചോദിച്ചു.
ആ ചോദ്യം
അയാളെ ഞെട്ടിച്ചു.
എങ്ങോട്ട്?
അതിനു
പൂര്‍ണ്ണവും സംതൃപ്തവുമായ ഒരുത്തരം അയാള്‍ക്കുണ്ടായിരുന്നില്ല. എങ്കിലും അവളെ
തൃപ്തയാക്കാന്‍ അയാള്‍ പറഞ്ഞു.
“ഞാന്‍ മരിക്കാന്‍
പോകുന്നു.”
അവളുടെ മറുപടി
പൊട്ടിച്ചിരിയായിരുന്നു.
“വളരെ
നല്ലതാണ്. വളരെ, വളരെ നല്ലത്.”
അവള്‍
ഉദ്ദേശിക്കുന്നതെന്തെന്നറിയാതെ അയാള്‍ കുഴങ്ങി.
“മരണം
മനോഹരമാണ്. ഞാനും അതാഗ്രഹിക്കുന്നു.”
അയാള്‍
വിസ്മയത്തോടെ അവളെ നോക്കി.
“വരൂ, നമുക്ക്
പോകാം.” കരോളിന മന്ത്രിച്ചു.
അവളെഴുന്നേറ്റു.
“എങ്ങോട്ട്?”
“മരിക്കാന്‍.”
അയാള്‍
ശബ്ദിച്ചില്ല. അവളുടെ കണ്ണുകളില്‍ നോക്കി രണ്ടു നിമിഷം നിന്നു. പിന്നെ, മുന്നോട്ടു
നടന്നു. അവള്‍ പിന്നാലെയും.
*****




