Pages

27 August 2001

പുഴയുടെ ദു:ഖം


ചന്ദ്രിക 
പുഞ്ചിരിച്ചുനിന്ന 
രാത്രിയിലല്ലേ 
ഞാന്‍  നിന്നെ  
ആദ്യമായി  
കണ്ടത് .

പൌര്‍ണമിനാളില്‍ 
നീ നര്‍ത്തനമാടിയപ്പോഴല്ലേ 
ഞാന്‍ 
നിന്‍ സൌന്ദര്യം 
ആദ്യമായി കണ്ടത്.

നിഴലുകള്‍ ചലിക്കുന്ന 
ഇരുളിലല്ലേ 
ആദ്യമായി 
നീ
എനിക്ക് വേണ്ടി 
പാടിയത്.

താരകള്‍ 
കണ്ണുചിമ്മിയ 
നിശീഥിനിയിലല്ലേ 
ഞാന്‍ 
നിന്‍ നഗ്നതയിലേക്ക്‌ 
ഊളിയിട്ടത്.

ഓളങ്ങളാം
നിന്‍ ഞൊറികളില്‍  
എത്രയെത്ര 
ചുംബനങ്ങള്‍ 
ഞാന്‍ നല്‍കി.

അന്ന് നീ പാടിയ 
കവിതകള്‍ക്ക് 
ദേവകുസുമങ്ങളുടെ
സുഗന്ധമുണ്ടായിരുന്നു.

ഞാന്‍ 
പിന്നെയും 
പിന്നെയും
നിന്നിലൊഴുകി.

നാമൊന്നായി,
കാടും മലയും താണ്ടി.
അകലെയേതോ 
കുന്നിന്‍ചെരിവിനെ ലക്‌ഷ്യമാക്കി 
നാമൊഴുകി.
അപ്പോഴെല്ലാം 
നിന്നില്‍ ഞാന്‍ നീന്തിത്തുടിച്ചു .

പിന്നെ,
ഏതോ 
സമതലത്തില്‍ വച്ച് 
നാം പിരിഞ്ഞു.

നമ്മുടെ ലക്‌ഷ്യങ്ങള്‍
വ്യത്യസ്തങ്ങളായി.
ഇനിയൊരിക്കലും 
തമ്മില്‍ 
കാണാനാവാത്തവിധം
നാമകന്നു.

ചന്ദ്രിക
അപ്പോഴും 
പുഞ്ചിരിച്ചുകൊണ്ടിരുന്നു,
താരകള്‍ 
കണ്ണുചിമ്മിക്കൊണ്ടിരുന്നു.
നമ്മുടെ
ഹൃദയങ്ങളില്‍നിന്ന് 
വിരഹത്തിന്‍ കൂരമ്പേറ്റ്
രക്തമൊഴുകിക്കൊണ്ടിരുന്നു .

25 August 2001

വിരഹിണി


ഒരു ദു:ഖരാഗം പോലെ
ഒരു വിലാപകാവ്യം പോലെ
കൊഴിഞ്ഞ പൂവ് പോലെ
നീയൊരു മുല്ലവള്ളി പോലെ
നീയൊരു വിരഹിണി പോലെ.

തേങ്ങും ഹൃദയം പോലെ
ഇടറും ആത്മരാഗം പോലെ
നീര്‍മിഴികള്‍ പോലെ
വിതുമ്പും ചുണ്ടുകള്‍ പോലെ
നീയൊരു തേങ്ങല്‍ പോലെ
നീയൊരു വിരഹിണി പോലെ.

ഒരു വിരഹഗീതം പോലെ
മിഴിനീര്‍മുത്തു പോലെ
കരളിലെ മോഹം പോലെ
നിശ്ശബ്ദസ്വരം പോലെ
നീയൊരു വിരഹിണി പോലെ.

നിന്‍ മിഴികള്‍ ഇന്ദ്രധനുസ്സുകള്‍
നീയൊരു നീഹാരബിന്ദു
നീയൊരു വാടിയപൂ പോലെ
ഒരു പ്രേമഗാനം പോലെ
ഒരു ഇന്ദുകിരണം പോലെ
നീയൊരു സ്വപ്നം പോലെ
നീയൊരു മൃദുസ്മിതം പോലെ.

മാനസമന്ദാകിനി നീ
ചെമ്പനിനീര്‍ മലര്‍ പോലെ
ഇടറും നാദസ്വരം പോലെ
ക്ഷേത്രദാരുശില്‍പം പോലെ
ഒരു സാലഭഞ്ജിക പോലെ
നീയൊരു ശില്‍പം പോലെ
നീയൊരു വിരഹിണി പോലെ.

കരയുവതെന്തിനിന്നു നീ?,
നിന്‍ ചാരെ ഞാനില്ലയോ.
വിതുമ്പുവതെന്തിനു നിന്‍
ചുണ്ടുക, ളെന്തിനിന്നു
നീ കരയുന്നു?

നീയൊരു മധുചന്ദ്രിക പോലെ
മിന്നും താരക പോലെ
നീയൊരു തേന്‍മൊഴി പോലെ
വെന്തുരുകും മാനസം പോലെ
ഒരു സ്നേഹരാഗം പോലെ
ഒരു സാന്ത്വനസ്പര്‍ശം പോലെ
ആശ്വസതീരം പോലെ
മധുരാനുഭൂതി പോലെ
ജ്വലിക്കും അഗ്നി പോലെ
നീയൊരു വിരഹിണി പോലെ.

നീയൊരു വര്‍ണ്ണസുരഭി പോലെ
ഒരു കുളിര്‍തെന്നല്‍ പോലെ
എന്‍ ഹൃദയതാളം പോലെ
സ്വര്‍ണമരാളം പോലെ
നീയൊരു സ്വപ്നഗായിക പോലെ
സ്വര്‍ഗ്ഗദൂതിക പോലെ
ഒരു വിരഹിണി പോലെ.

കേഴും കാമുകി പോലെ,
എന്‍പ്രിയ കാമുകി പോലെ.

`````````````````````````````

23 August 2001

വരസാഫല്യം


വിശാലമാണെന്‍ സൌഹൃദവലയം
സ്നേഹമതികളാണെന്‍ തോഴര്‍
എന്നാത്മനൊമ്പരങ്ങള്‍
ഒപ്പിയെടുത്താശ്വസിപ്പിക്കുമവര്‍

ഇരുളിലുഴറുന്നു ഞാന്‍
എകനായേതോ മരുഭൂവില്‍
വെയിലേറ്റു വാടവേ,
ആരുമില്ലാരുമില്ല.
ഞാന്‍ മാത്രം, ഞാന്‍ മാത്രം
അത്യുഗ്രമീ ചൂടില്‍
വിരഹത്തിന്നഗ്നികുടീരത്തില്‍
ഒരഗ്നിസ്തംഭമായാ-
ളിപ്പടരവേ, ഒരാ-
ശ്വസകരം തേടുന്നു ഞാന്‍.

വിരഹത്തീയിലുരുകുമൊരു
നീഹാരപ്രതിമയാണ്‌ ഞാന്‍.
അഗ്നിതന്‍ പീതവര്‍ണ്ണ-
ത്തിലുരുകുമെന്‍ മാനസം.
നീഹാരപ്രതിമതന്‍ വെണ്മ
ഉരുകിയൊലിച്ചുപോയ്‌,
ഞാനൊരു കരിക്കട്ടയായ്.

ഈ വേദനയിലുമാനന്ദം
കൊണ്ടാഹ്ലാദിക്കുന്നു ഞാന്‍.
വിരഹത്തിനുണ്ടൊരു സുഖം
നൊമ്പരങ്ങള്‍ക്കും.
ഓര്‍മ്മകളില്‍ പൊന്‍തൂവലായ്
എനിക്കീ സൗഹൃദം
പ്രോജ്ജ്വലിക്കട്ടെയെന്നും.
നിങ്ങളുടെ സ്നേഹമസൃണമാം
സൌഹൃദാനുഭൂതികള്‍ 
കൂട്ടുകാരെ, നിങ്ങളെന്നില്‍
വികാരപ്രക്ഷോഭമേകി .
ഈ സുഹൃദ് വലയമെത്ര
സ്നേഹസുഗന്ധവാഹിനി.

ഹാ, എന്നുമെനിക്ക്
തുണയാകുന്നുവോ നിങ്ങള്‍.
നിങ്ങളുന്ടെങ്കിലേത്
മരുഭൂവിലും ഞാനുണ്ടാകും.
ശീതവാഹിയായൊരു
മന്ദമാരുതന്‍ വീശും പോലെ-
യാണല്ലോയീ സ്നേഹം.
വിരഹത്തീയിലുരുകുമൊരു
മഞ്ഞുപ്രതിമയെങ്കിലും
കല്ലില്‍ കൊത്തിയ ശില്പമായി
ഞാനൊരുനാള്‍ മാറും.
നിങ്ങള്‍തന്‍ സ്നേഹത്തിന്‍റെ
ആഴമാണതിന്റെ കാരണം സഖേ.

അനശ്വരനാക്കുന്നെന്നെ
ഈ സ്നേഹബിന്ധുക്കള്‍
നവജീവിതകുസുമങ്ങള്‍.
ഈയോര്‍മ്മകളില്‍
ഞാനാനന്ദിചീടുന്നു.
എകനായൊരു മരുഭൂവില്‍
വെയിലേറ്റു തളര്‍ന്നിരിപ്പവേ
വിരഹവേദനയെനിക്കൊരു
സുഖനുഭൂതിയാകുന്നു,
ആനന്ദഭരിതമാകുന്നെന്‍  മനം.  

^^^^^^^^^^^^^^^^^^^^^^

17 August 2001

വെന്തുരുകും മാനസം



ഇന്നു നിന്‍റെയാദ്യരാത്രി,
നീ സന്തോഷിക്കേണ്ട രാത്രി.
നിന്‍റെ കണ്ണുകളില്‍ നിന്നൊ-
രിക്കലും കണ്ണുനീര്‍ വരരുത്.
എന്നെക്കുറിച്ചുള്ള ചിന്തകള്‍
ഒരു ചവറ്റുകുട്ടയിലാക്കി
നീയെറിഞ്ഞു കളയൂ.
ഇനി നാം തമ്മില്‍ കണ്ടാല്‍
പരിചിതഭാവം നടിക്കേണ്ടതുണ്ടോ?
ഇനി മുതല്‍ നാമന്യരല്ലേ.

നിനക്ക് ഞാനാര്?
എനിക്ക് നീയാര്?
നിനക്ക് ഞാനാരുമല്ല.
വെറുമൊരപരിചിതന്‍ മാത്രം.
പക്ഷെ, എനിക്കു നീയെന്‍
ജീവന്‍റെ ജീവനത്രേ.
ഒരു നാളും നിന്നെ ഞാന്‍
മറക്കുകില്ല, വെറുക്കുകില്ല.
സാഹചര്യങ്ങളാണ് നമ്മെ
വേര്‍പെടുത്തിയത്, നീ
ദു:ഖിക്കുന്നുവെന്നറികിലും
സ്നേഹത്തിന്‍ ഭാഷയില്‍
ഞാന്‍ പറയുകയാണ്‌ നിന്നൊ-
ടെന്നെ നീ മറക്കുക,
എനിക്ക് നിന്‍ മനസ്സില്‍
സ്ഥാനം നല്‍കാതിരിക്കുക.

നിന്നെ കുറ്റപ്പെടുത്തുകില്ല
എന്നെ നീ ശാസിക്കുമെങ്കിലും.
നിന്‍റെയോര്‍മ്മകളില്‍ ഞാനി-
നിമേല്‍ വാഴരുതെങ്കിലും
നിന്‍ ഹൃദയത്തിന്നറയ്ക്കുള്ളില്‍
കുടികൊള്ളാനിച്ഛിക്കുന്നു . 
ഭൂതകാലത്തിന്‍റെ സ്മരണകള്‍
കാലമാമശ്വത്തിന്‍
കാല്‍ക്കല്‍ സമര്‍പ്പിച്ചു നീ
ദൂരെ, ദൂരെ മാറിനില്‍ക്കൂ.

നിമിഷങ്ങള്‍ കൊഴിയുകയാണ്,
നീയെന്റേതല്ലാതാവുകയാ-
ണി വേര്‍പാട് ഞാനെങ്ങനെ
താങ്ങുമെന്നോമനെ.
നീയില്ലാതെ ഞാനെന്തിനീ
ഭൂമിയില്‍ വാണിടണം .
എന്‍റെ കാമിനിയെന്നില്‍നിന്നു-
മകന്നകലെ മറഞ്ഞുപോയ്‌,
ഞാന്‍ മാത്രം ബാക്കിയായ്.
യുഗങ്ങള്‍ പോലോരോ
നിമിഷങ്ങളും; മുള്‍മെത്തയി -
ലാണു ഞാനിപ്പോള്‍ കിടക്കുന്ന-
തെന്റെ ഹൃദയം വ്രണപ്പെട്ടു;
മുറിവില്‍ ചോര ചീറ്റുന്നു.

കഴിഞ്ഞ കാലമൊരു
മാന്ത്രികക്കനിയായിരുന്നു.
നടന്നതൊന്നുമേ
വിശ്വസിക്കുന്നില്ല ഞാന്‍;
പക്ഷെ, നീയന്യന്റെ
പത്നിയാണെന്ന സത്യ-
മംഗീകരിക്കുന്നു ഞാന്‍.
എന്‍റെ ഹൃദയം വേദനയാല്‍
കാതരമായ് പിടയുന്നു.
നീയില്ലാത്ത നിമിഷങ്ങള്‍
എനിക്കസഹ്യമായിത്തീരുന്നു.
എന്‍റെ ദു:ഖങ്ങള്‍ നീ-
യൊരിക്കലുമറിയാതിരുന്നെങ്കില്‍.

നിന്നെയെന്‍ സ്വന്തമാക്കാന്‍
ഞാനാഗ്രഹിച്ച നാളുകള്‍
നിമിഷങ്ങള്‍പോല്‍
കടന്നുപോയ്, നീര്‍ക്കുമിളക-
ളവ പൊട്ടിത്തകര്‍ന്നുപോയ്.
നിന്നെയിനിമേല്‍
കാണരുതെന്നുന്ടെങ്കിലും
കാണാതെങ്ങനെ ജീവിക്കും ഞാന്‍.
എന്‍റെ ജീവവായു നീയായിരുന്നു.
എന്‍ ഹൃദയതാളം നീയായിരുന്നു.

പക്ഷേ, യിതാ ഞാന്‍ വിട
ചോദിക്കുന്നു, നീയില്ലാത്ത
ഒരു ലോകത്തേക്ക് ഞാന്‍
പോകുന്നു, ഒരു നാള്‍ നീ-
യെന്നോടൊപ്പം ചേരും.
ആ നൂതനലോകത്തില്‍
നാമൊന്നായിത്തീരും;
ബന്ധങ്ങള്‍ ബന്ധനങ്ങ-
ളല്ലാത്തയാ ലോകത്തില്‍.

നീ ആനന്ദിക്കേണ്ട സമയം
സമാഗതമായിരിക്കുന്നു, ഒപ്പം
നിന്നെ വേദനിപ്പിക്കുന്നു ഞാന്‍.
സ്വയം ഹനിക്കപ്പെടുകയാണ്,
ഇനി നാം തമ്മില്‍ കാണുന്നത്
മറ്റൊരു ലോകത്തില്‍ വച്ചായിരിക്കും.

ഇന്ന് നിനക്ക് കാളരാത്രിയോ സുഖരാത്രിയോ?
എനിക്കിന്ന് വേര്‍പാടിന്റെ രാത്രി.
നീയിന്നു നിന്‍ പുരുഷന്റെ മാറില്‍
മദനോത്സവലഹരിയില്‍ നീരാടുമ്പോള്‍
നീയോര്‍ക്കുമോയെന്റെ വേദന.
ഇന്നെങ്ങനെ ഞാനുറങ്ങും.
നീയിന്നെന്‍റെതല്ലാതാകുന്നു,
എങ്ങനെ ഞാനിതു സഹിക്കും.
നിന്നാദ്യനിശീഥിനിയില്‍ ചുംബന-
ചൂടുപകരാനരികില്‍ ഞാനില്ലല്ലോ.

ദു:ഖത്തിന്‍  കരാളമാമിരുളില്‍
ഞാനിരുന്നു നീറിപ്പിടയുന്നു.
നീ നിന്‍ ഭര്‍ത്താവിന്‍ നഗ്നമായ,
രോമാവൃതമായ മാറില്‍
തലചായ്ചിരിപ്പൂ.
എനിക്ക് തുണയിന്നാരുമില്ല,
എന്‍റെ ദു:ഖമറിയാനാരുമില്ല,
നീ സന്തോഷിക്കൂ, നീ മദിക്കൂ.
എന്‍റെ കരളുരുകിത്തീരുമ്പോഴും
എന്‍റെ ആത്മാവ് പിടയുമ്പോഴും
നീ ഉത്സവലഹരിയിലാനന്ദിക്കൂ.
നിനക്കെന്നും നന്മകള്‍ മാത്രം,
എനിക്കോ ദു:ഖങ്ങളും തുണ.

ഓര്‍ക്കുന്നുണ്ടാവുമോ നീയാ
സന്ധ്യകള്‍, വര്‍ഷങ്ങള്‍ക്കുമുന്നില്‍
മരിക്കാത്ത സ്വപ്നങ്ങളാകുന്ന,
ചുടുനിശ്വാസമുതിര്‍ക്കുന്ന സന്ധ്യകള്‍.
എന്‍ മാറില്‍ തലചായ്ച്ചു നീ
പാടിയ അനുരാഗഗാനങ്ങ-
ളൊക്കെയും മറന്നുപോയോ നീ.
മറന്നിട്ടില്ല ഞാന്‍, മറക്കുകയുമില്ല
ഇനിയെന്നെങ്കിലും നിന്നെ
കാണുമ്പോള്‍ ഞാന്‍ പാടുമവ;
നിന്നെ വേദനിപ്പിക്കാനല്ല;
എന്‍ ഹൃദയത്തിന്നാശ്വാസമേകുവാന്‍.

നീ വരണമാല്യം ചാര്‍ത്തിയ
പുരുഷനുമൊപ്പം സസുഖം വാഴുക.
നിന്‍റെയോര്‍മ്മകളില്‍ വിരഹിയായി
ഞാനൊരു മൂകസന്ന്യാസിയാകും.
എങ്കിലുമൊരിക്കലും ഞാന്‍ ശപിക്കില്ല
എന്നധരങ്ങളനുഗ്രഹിക്കയെയുള്ളൂ.
എന്തുകൊണ്ടെന്നോ?, ഞാന്‍
നിന്നെയത്രയധികം സ്നേഹിക്കുന്നു.
ഒരിക്കലും നിന്‍മുഖം മറക്കുവാ-
നെനികാവില്ലയെന്നോമനെ.

നിശീഥിനിപോലും കരയുന്നു
നമ്മുടെ വേര്‍പാടിന്നോര്‍മ്മയാല്‍.
നീ കരയരുത്, എല്ലാം മറക്കുക.
നീ പുതിയൊരു ജീവിതത്തിലാ-
ണെന്നൊരിക്കലും മറക്കാതിരിക്കുക.
എന്നെയുമെന്നോര്‍മ്മകളെയും 
ആളുന്ന തീക്കുണ്ഡത്തിലെറിയുക,
ഞാന്‍ കത്തിചാമ്പലാകട്ടെ,
ഒരു പിടിചാരമാകട്ടെയെന്നോര്‍മ്മകള്‍.
ഈ അഗ്നിയൊരിക്കലും കെടുത്തരുത്
നിന്‍റെ കണ്ണുനീര്‍ വീഴ്ത്തിയണയ്ക്കരുത്.
ആളട്ടെ, ആളിക്കത്തിക്കത്തി
വിഹായസ്സോളമുയരട്ടെ ജ്വാലകള്‍.
നിന്നെയെന്നില്‍നിന്നകറ്റിയ
ദേവകളാ തീചൂടിനാല്‍
പൊള്ളിവിറയ്ക്കട്ടെ, വരും
ജന്മത്തിലെങ്കിലും നാ-
മൊന്നാകാനനുഗ്രഹിക്കട്ടെയവര്‍.

ഈ രാത്രി നിനക്ക് സുഖ-
കരമായോരനുഭൂതിയാകട്ടെ.
നിന്‍ നവജീവിതകാല്‍വയ്പാകട്ടെ.
ആശംസകള്‍, ഭാവുകങ്ങള്‍.

**************************