Pages

22 September 2011

ഉന്മാദം


എഴുതിത്തീര്‍ന്ന
കഥയാണു നീയെന്നു
പലവട്ടം ഞാന്‍
എന്നെത്തന്നെ
ഓര്‍മിപ്പിച്ചു.
പക്ഷെ, നിന്‍റെ ഓര്‍മ്മകള്‍;
അതെന്നിലേക്ക്
വീണ്ടും വീണ്ടും
എന്തിനു
ഓടിയെത്തുന്നു?

നീ കേള്‍ക്കുന്നുണ്ടോ?
എനിക്ക് ഈ
ജീവിതം മതിയായി.
നീയില്ലാതെ
പ്രണയമെന്താണ്?
നിന്‍റെ സാമീപ്യമില്ലാതെ
ജീവിതമെന്താണ്?
അര്‍ത്ഥശൂന്യതകളുടെ
ഈ ഭാരം
എനിക്ക് താങ്ങുവാന്‍ വയ്യ.

മരണമേ, നീ എന്നെ
എന്‍റെ പ്രണയിനിയുടെ
കരങ്ങളിലെത്തിക്കൂ,
ഞങ്ങളുടെ ആത്മാക്കളെങ്കിലും 
ഒന്നിക്കട്ടെ.
എന്‍റെ കഥ കൂടി
ഇനി നീ എഴുതിത്തീര്‍ക്കുക.
ഒടുവില്‍ ഒരു പൂര്‍ണ്ണവിരാമം
നല്‍കി അവസാനിപ്പിക്കുക.

13 September 2011

സൗഹൃദം


അവന്‍ പറഞ്ഞു:
എനിക്ക് സമയമായി.
ഞാന്‍ പോകുന്നു.

കാമുകി പറഞ്ഞു:
അല്പം തിരക്കിലാണ്.
ഞാന്‍, പിന്നെ വരാം.

സുഹൃത്ത് പറഞ്ഞു:
നില്‍ക്കു, ഞാനും വരുന്നു.
എവിടേയ്ക്കായാലും
നമുക്കൊന്നിച്ച്‌ പോകാം.

രണ്ടുപേരുമറിഞ്ഞില്ല
അവന്‍ പോകുന്നത്
മരണത്തിലേയ്ക്കാണെന്ന്.

##################

02 July 2011

തലമുറ


നിരനിരയായി
നീങ്ങുന്ന
ഉറുമ്പുകളെ നോക്കി
അവള്‍ പറഞ്ഞു:
നമുക്കും ഇതുപോലെ
ഒരുപാടു കുട്ടികള്‍ വേണം.  

08 June 2011

യുദ്ധം കഴിഞ്ഞ്


അകലങ്ങളില്‍ കത്തുന്ന നഗരങ്ങള്‍ കാണാം 
നഗരങ്ങളിലെരിയുന്ന രോദനം കേള്‍ക്കാം
നീറിപ്പുകയുന്ന മാനസങ്ങളെക്കാണാം 
പിടയുന്ന കൊച്ചുകൊച്ചു വേദനകള്‍ കേള്‍ക്കാം

ഉയരെ പൊങ്ങുന്ന പുകപടലങ്ങള്‍ കാണാം
അവയില്‍ അലിഞ്ഞമര്‍ന്ന ജയാപജയങ്ങള്‍ ഗ്രഹിക്കാം
രണഭൂമിയില്‍ വിറയ്ക്കുന്ന ഛെദാംഗങ്ങള്‍ കാണാം 
ശ്മശാനങ്ങളില്‍ കത്തുന്ന ചിതകളും കാണാം  

ചുറ്റിലും ആര്‍ത്തലറുന്ന വിധവകളും നടപ്പൂ
കരഞ്ഞു തളര്‍ന്ന പിഞ്ചു ഹൃദയങ്ങളും കാണ്മൂ 
ഒട്ടിയ വയറിന്‍റെ വിശപ്പും കരയ് വൂ
നാണം മറയ്ക്കാത്ത ദേഹങ്ങളും കാണ്മൂ

പ്രകൃതി പോലും നടുങ്ങിയേ  നില്‍പ്പൂ
മണ്ണില്‍ ചോര കട്ടപിടിച്ചേ കിടപ്പൂ
പുകമറയ്ക്കുള്ളില്‍ സ്വപ്നങ്ങളും അലയ് വൂ
എങ്ങുമായുധങ്ങളും തകര്‍ന്നേ കിടപ്പൂ. 

നിലംപൊത്തിയ സ്തൂപങ്ങള്‍ കാണാം
തകര്‍ന്ന കോട്ടകൊത്തളങ്ങളും കാണാം
മണ്ണായ്ത്തീര്‍ന്ന സ്മാരകങ്ങള്‍ കാണാം
വീഴാന്‍ വെമ്പുന്ന കെട്ടിടസമുച്ചയങ്ങളും കാണാം

മാനത്ത് മൂളുന്ന ഇരംബലുകള്‍ ഇനിയും കേള്‍ക്കാം
പട്ടാളമാര്‍ച്ചിന്‍റെ ബൂട്ടുകള്‍  ഇനിയും കേള്‍ക്കാം
മണ്ണിലുരുളുന്ന  ശിരസ്സിന്‍റെ  പിടച്ചിലും കേള്‍ക്കാം
അടക്കിയ വിലാപവും നീറുന്ന  വേദനകളും കേള്‍ക്കാം. 

യുദ്ധം കഴിഞ്ഞെന്നു നിസ്സംശയം പറയാം
ആരോ ജയിച്ചെന്ന് ആര്‍പ്പും വിളിക്കാം 
തോറ്റതാരെന്നു  ഓര്‍ത്തോര്‍ത്തു തപിക്കാം
നാശങ്ങളില്‍ മനംനൊന്തു കണ്ണീരൊലിക്കാം   
 

04 June 2011

സാന്ദ്രം


എവിടെ നിന്നാണ് നിന്‍റെ ഗന്ധമുള്ള കാറ്റ് ഒഴുകിയെത്തുന്നത്?
എങ്ങോട്ടാണ് നിന്‍റെ മുടിയിഴകളെ തഴുകിയൊഴുകുന്നത്? 
ഏതു സ്വപ്നങ്ങളിലാണ്‌ നിന്‍റെ കരിനീലമിഴികള്‍ തെളിയുന്നത്?
ഏതു സ്വര്‍ഗ്ഗത്തില്‍ നിന്നാണ് നിന്‍റെ മസൃണനാദമെത്തുന്നത്?
ഏതു മന്ദമാരുതനാണ് നിന്‍റെ സന്ദേശവും പേറിയെത്തുന്നത്?
ഏതു മേഘമാണ്‌ നിന്‍റെ കവിതകള്‍ വഹിച്ചുനീങ്ങുന്നത്‌?

നിന്‍റെ സ്നേഹത്തിന്‍റെ ഗാനം ഞാന്‍ കാതുകളില്‍ കേള്‍ക്കുന്നു .
നിന്‍റെ സൌന്ദര്യം ഞാനെന്‍റെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളുന്നു.
നിന്‍റെ മിഴികളുടെ തിളക്കം ഞാന്‍ കണ്ണുകളില്‍ ഒളിപ്പിച്ചിരിക്കുന്നു.
നിന്‍റെ കവിതകളുടെ വരികള്‍ ആത്മാവില്‍ ഗാനം ചെയ്യുന്നു .
നിന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ വര്‍ണങ്ങള്‍ ചാര്‍ത്തുന്നു.
നിന്‍റെ സാമീപ്യങ്ങളില്‍ ഞാന്‍ അതിരറ്റാഹ്ലാദിക്കുന്നു.

ഇരുണ്ട തീരങ്ങളില്‍, നനഞ്ഞ സന്ധ്യകളില്‍ , ഏകാന്തതകളില്‍,
നമ്മള്‍, നമ്മില്‍ മാത്രമായി ജന്മങ്ങള്‍ ഹോമിച്ചിരിക്കുന്നു. 
ഒടിഞ്ഞ ചിറകുകളില്‍, ചിതറിയ തൂവലുകളില്‍ , ഒഴിഞ്ഞ കൂടില്‍ 
നമ്മള്‍, നമ്മുടെ സ്വപ്‌നങ്ങള്‍ അനാവൃതമാക്കിയിരിക്കുന്നു.

ഇലപൊഴിയുന്ന ശിശിരങ്ങളില്‍ നമ്മള്‍ കൊഴിഞ്ഞു വീണു.
അത്യുഷ്ണങ്ങളില്‍ നമ്മള്‍ വിയര്‍പ്പുചാലുകള്‍ നീന്തി.
ആദ്യമഴയില്‍ നമ്മുടെ ജീവവായു ഉയിര്‍ത്തെഴുന്നേറ്റു.
വസന്തങ്ങളില്‍ നമ്മുടെ പ്രണയം പൂത്തുലഞ്ഞു.

നമ്മുടെ സ്വപ്‌നങ്ങള്‍ സുഗന്ധപൂരിതങ്ങളായി, പ്രഭാപൂര്‍ണങ്ങളായി.  
നമ്മുടെ ഗന്ധങ്ങള്‍ക്കു തമ്മില്‍ വേര്‍തിരിവില്ലാതെയായി.
നമുക്കിടയില്‍ കാറ്റിനുപോലും ഇടമില്ലാതെയായി.
പിരിയാന്‍ കഴിയാത്ത വിധം നാം ഒന്നായി.

03 June 2011

ഭ്രമണം


ഞാന്‍ ഓര്‍മകളുടെ ഭ്രമണപഥത്തില്‍ അലഞ്ഞു.
സ്വപ്നങ്ങളുടെ തീഗോളങ്ങള്‍ എന്നെ വലയം ചെയ്തു.
വാചാലമായ അന്ധകാരത്തില്‍ നീ,
നീ മാത്രം തരളമായ ഗാനം പോലെ ഒഴുകുന്നു.

01 June 2011

വിടരാന്‍ കൊതിച്ച പൂവ്


ബസ്സിനായി കാത്തുനിന്ന നിന്നെ
ഞാനാദ്യമായി കാണുകയായിരുന്നു.
നിന്‍റെ കണ്ണുകളിലെ നിസ്സംഗതയില്‍ ,
കൈയ്യിലിരുന്ന കുഞ്ഞിന്‍റെ
മുഖത്തെ ദൈന്യതയില്‍,
നിന്നെ പരിഹസിച്ച ജനത്തിന്‍റെ
സദാചാര മുഖം മൂടികളില്‍,
നിന്നെ പിഴച്ചവളെന്നു വിധിച്ച 
സാമൂഹ്യ വ്യവസ്ഥിതികളില്‍,
പതിമൂന്നില്‍ ബലാല്‍സംഗത്തിനിരയായ 
നിന്‍റെ കുരുന്നു സ്വപ്നങ്ങളില്‍ ,
നിന്നെ നോക്കി പരിതപിച്ചുനിന്ന
എന്‍റെ നിസ്സഹായതയില്‍,
കൊഴിഞ്ഞു വീണ പൂവിന്‍റെ
അഴുകിയ ജഡം ഞാന്‍ കാണുന്നു.

നീയെന്ന പൂവിനെ ആരും ഇനി നോവിക്കാതിരിക്കട്ടെ.
കീറിയ നിന്‍റെ വസ്ത്രങ്ങളില്‍ 
ഒളിച്ച മാംസം ആരും മോഹിക്കാതിരിക്കട്ടെ.
നിനക്ക് ചുറ്റും കഴുകനെപ്പോലെ 
ആരും പറക്കാതിരിക്കട്ടെ.

                 *****

മൃഗതൃഷ്ണ



നിന്‍റെ നീമിലിത നയനങ്ങളില്‍
ഒരു സ്വപ്നം വിറച്ചിരുന്നു
നിന്‍റെ അധരങ്ങളില്‍
ഒരു ചുംബനം ദാഹിച്ചിരുന്നു 
നിന്‍റെ വേര്‍പ്പുതുള്ളികളില്‍
ഞാനെന്‍റെ രേതസ്സിന്‍റെ
ഗന്ധമറിഞ്ഞിരുന്നു
നിന്‍റെ  ശ്വാസങ്ങളില്‍ രതിയുടെ
മാദകത്വം നിറഞ്ഞിരുന്നു
നമുക്കിടയില്‍ പ്രണയം
അഗ്നിജ്ജ്വാലയായ് പടര്‍ന്നിരുന്നു


31 May 2011

ഇരുള്‍


കൊലച്ചതിയുടെ-
ക്കൊടുംച്ചതിയുടെ-
പ്പെരുംചൂരുമാ-
യൊരു രാത്രി
കൂടിക്കടന്നു വന്നു.

ഇരുളാനിരുളെ-
ങ്ങുമേതു വഴിയിലു-  
മപകടം പതുങ്ങുന്നു.

മാനം കവരും
വഴിയിടകള്‍ തെരുവുകള്‍;
പെണ്ണബല-
യാണത് സത്യം.

രാത്രിഞ്ചരന്മാര്‍
പതുങ്ങുന്നി-
രുളില്‍ കത്തി-
മുനകള്‍ തിളങ്ങുന്നു.
ചോരയ്ക്ക് ദാഹിക്കുന്നു
കയ്യും കഠാരയും.

മാംസവാണിഭം , കവര്‍ച്ച ,
കൊലകള്‍ ;ഇരുള്‍
ക്രൂരമാകുന്നു.
കടുംചോരയുടെ നവ്യ
ഗാഥകളെഴുതി
ഇരുള്‍ സ്വയമൊ-
ടുവിലോടുങ്ങുന്നു.

30 May 2011

രൂപം

  1. ഹൃദയം
          ഏതോ വിരഹാര്‍ത്തന്‍ പാടുന്ന 
          പ്രേമഗീതമാണ് നീ;
          ഹൃദയഹേമന്തവും.

          മഴ പെയ്തൊഴിഞ്ഞ മാനത്തു
          വിരിയുന്ന എഴഴകാണ് നീ;
          സ്വപ്നസുഗന്ധവും.  

    2.  ആത്മാവ്

          ഇതൊരു ഭഗ്നകവിതയുടെ അസ്ഥിമാടം
          ഇതിനകത്ത് ഒരു മൃതകവിയുടെ
          ജീര്‍ണിച്ച ഹൃദയം സ്പന്ദിക്കുന്നു.  

തടവറ


മനസ്സ് മരവിച്ചു തുടങ്ങിയത്
എപ്പോഴാണെന്ന്
ഞാനറിഞ്ഞില്ല.
ചുണ്ടുകള്‍ക്കിടയില്‍നിന്നും
ചിരി മാഞ്ഞതും
അറിഞ്ഞില്ല.
സൌഹൃദ പുഷ്പങ്ങളൊന്നൊന്നായി
കൊഴിഞ്ഞു വീണതും  
അറിയാതെ പോയി.
ഇപ്പോള്‍ ഏകാന്തതയുടെ
ഇരുട്ടറയില്‍ ബന്ധിതനായി
ഘനശൂന്യതയിലേക്ക് നോക്കി
പരിതപിക്കുകയാണ് ഞാന്‍.

27 May 2011

എന്‍റെ പ്രണയിനി

നീ മാനത്തലയുന്ന കാറ്റായിരുന്നു
നിന്‍റെ ചിറകുകളില്‍ പ്രണയത്തിന്‍റെ സ്വപ്നങ്ങളായിരുന്നു

വേര്‍പിരിയല്‍


നിന്‍റെ സ്വപ്നങ്ങളില്‍
ഇനി ഞാന്‍ വരില്ല.
എന്‍റെ സ്വപ്നങ്ങളില്‍
നിന്നെ കാണുകയുമില്ല.