Pages

24 November 2004

വേനലിന്‍റെ സ്വപ്‌നങ്ങള്‍ പുണരുന്നു


കാലം കത്തുന്ന തീയാണു പെണ്ണേ
പ്രണയം സ്വപ്നമരീചികയാണു പൊന്നേ
ഹൃദയം ഉരുകുന്ന മഞ്ഞുപ്രതിമയാണ്
കണ്ണുകള്‍ കരയാനുള്ളതാണ്.  

സ്വപ്നങ്ങള്‍ സ്വര്‍ണ്ണ നിറം ചാലിച്ചെഴുതുന്ന
കഥയാണു പ്രേമം
അതിലിടവേളകളാണ്  വിരഹം
വേദന കഥയുടെ ജീവനാഡി.
 
ഹൃദയങ്ങളില്‍ മോഹം നിറഞ്ഞീടിലും  
ആത്മാവില്‍  വേദന ഒളിഞ്ഞിരിക്കുന്നു
പ്രണയം തിളങ്ങുന്ന വാളാണ് കണ്ണേ
യൌവ്വനം മൃദുവായ പുഷ്പവും

നിന്നില്‍ പൂക്കുന്ന പ്രേമം ഞാനറിയുന്നു
സ്വപ്നങ്ങളില്‍ നിറയുന്നതാരെന്നു കാണുന്നു
നിന്‍റെ ആത്മാവിന്‍ തേങ്ങല്‍ ഞാന്‍ കേള്‍ക്കുന്നു
നീ കരയുന്നതോര്‍ത്തു വിതുമ്പുന്നു    

നിന്‍റെ പ്രണയം ജ്വലിക്കുന്ന അഗ്നികുണ്ഡം
നിന്‍റെ മോഹമലയുന്ന കാര്‍മേഘം
വേദനയും വിരഹവും നിറയുന്ന 
മോഹങ്ങളലിഞ്ഞലിഞ്ഞമരുന്ന 
പാഴ്മരുഭൂമിയാണെന്‍റെ  ഹൃദയം

ദൂരെ, ഇരുളിലൊരു പക്ഷി കരയുന്നു
കൊടുങ്കാട്ടിലൊരൊറ്റയാനലറുന്നു 
ഒരു പാമ്പു പിടയുന്നു
ഇണയുടെ നൊമ്പരം കാറ്റില്‍ സംഗീതമാകുന്നു.

ഞാനാണു നിന്‍ ഹൃത്തിന്നസ്ഥികൂടം 
എന്‍റെ പ്രേമം നിന്‍ ഹൃദയാവരണം
ഒരുപാടു മാറാലകള്‍ തിങ്ങിനിറഞ്ഞ
ഗുഹാന്തരത്തിലൊരു കോണില്‍ സ്വയം 
മറന്നു നെടുവീര്‍പ്പിടുന്ന ദുഖിതയായ
ഗ്രാമീണകന്യകയാണ്  നീ.

ഇരുളില്‍ നിന്‍റെയാത്മാവ്  കരയുമ്പോഴും 
ഒരു ചെറു പാതിരാക്കാറ്റിലുലയുമ്പോഴും   
നിന്‍റെ മിഴികളില്‍ നീരുറയുമ്പോഴും
നെഞ്ചകം വേദനയില്‍ പിടയുമ്പോഴും
ഒരു സാന്ത്വനമായ് ഞാന്‍ വരും.
    
പ്രണയം ഹൃദയത്തിന്‍റെ ഭാഷയാണ്‌
മാനസമെഴുതുന്ന കവിതയാണ്.