Pages

19 July 2001

അമൃതവാഹിനി



സ്നേഹിച്ചു സ്നേഹിച്ചു
നിന്നെ ഞാന്‍ വിഗ്രഹമാക്കാം.
പ്രേമിച്ചു പ്രേമിച്ചു
നിന്നെ പൂജിക്കാം.
ഹൃദയകോവിലിലെ
പൂജാബിംബമായി
നിന്നെയാരാധിക്കാം.
നീയാം വിഗ്രഹത്തില്‍
ദിനവും ഹാരങ്ങള്‍
ഞാനര്‍പ്പിക്കും.
ആര്‍ഭാടപൂര്‍ണ്ണമായി
നിന്നെ ഞാന്‍
വസ്ത്രധാരണം ചെയ്യിക്കും.
നിന്‍ തളിര്‍മേനിയില്‍
തിളങ്ങുന്ന, കിലു-
കിലെ കിലുങ്ങുന്ന
സ്വര്‍ണ്ണാഭരണങ്ങള്‍
ഞാന്‍ നിറയ്ക്കും.
നിന്‍റെ വിരലുകളില്‍
രത്നക്കല്ലുകള്‍
നിറച്ചംഗുലീയങ്ങള്‍
ഞാനിടീക്കാം.
നിന്‍റെ അണിവിരലില്‍
എന്‍റെ നാമമെ-
ഴുതിയ ഗഡുകം
ഞാനണിയിക്കാം.

സ്നേഹിച്ചു സ്നേഹിച്ചു
നിന്നെ ഞാനൊരു
മന്ദാരമലരാക്കം.
പ്രേമിച്ചു പ്രേമിച്ചു
നിന്നെ പൂജിക്കാം.
നിന്‍റെ സീമന്തത്തില്‍
സിന്ദൂരതിലകക്കുറി
എന്‍ വിരലാല്‍ ചാര്‍ത്താം.
നിന്‍ പ്രിയനാഥനായി
എന്നും ഞാന്‍
നിന്നോടൊപ്പം വാഴാം.
നിന്‍റെ ദേവനായി
നിന്‍റെ നാഥനായി
ആരാധനാമൂര്‍ത്തിയായി
ഞാന്‍ കുടിയിരിക്കാം.

പ്രേമിച്ചു പ്രേമിച്ചു
നിന്നെ പൂജിക്കാം.
സ്നേഹിച്ചു സ്നേഹിച്ചു
ആത്മശ്രീകോവിലിലെ
പൂജാവിഗ്രഹമാക്കം.
പാലും നെയ്യും
മുല്ലപ്പൂക്കളും
കൊണ്ടു നിന്നെ
ഞാന്‍ പൂജിക്കാം.
അവിലും മലരും
ത്രിമധുരവും ഞാന്‍
നിനക്കു നേദിക്കാം.

നിന്‍ സന്നിധിയില്‍
ഞാന്‍ ഹൃദയമാം
ഉടുക്ക് കൊട്ടാം.
എന്റെയാത്മകഥ
നിന്നെ ഞാന്‍
പാടിക്കേള്‍പ്പിക്കാം.
എന്‍റെ വിരഹ-
നൊമ്പരങ്ങള്‍
നിനക്കു ഞാന്‍
കഥകളായി
പറഞ്ഞുതരാം.
എന്‍റെ മാറില്‍
നിന്‍റെ ശിരസ്സ്‌
ചായിച്ചു, നിന്നെ,
താരകള്‍ കണ്ണുചിമ്മും 
രാവുകളില്‍, ഉറക്കാം.
പ്രണയപരവശനായി
ഞാന്‍ നിനക്ക്
സ്വപ്‌നങ്ങള്‍ നല്‍കാം.

പ്രേമിച്ചു പ്രേമിച്ചു
നിന്നെ പൂജിക്കാം.
സ്നേഹിച്ചു സ്നേഹിച്ചു
ആത്മശ്രീകോവിലിലെ
പൂജാവിഗ്രഹമാക്കാം.
നിന്നെ ഞാനൊരു
മന്ദാര മലരാക്കാം. 
നിന്‍റെ പാദസ്പര്‍ശമേറ്റ 
മണ്‍തരികളെല്ലാം
പെറുക്കിക്കൂട്ടിയവയെ
പൂജ്യവസ്തുവാക്കാം.
പൂജിച്ചവയെ
ദേവിവിഗ്രഹമാക്കാം.

നിന്‍റെ സ്മരണക-
ളയവിറക്കിക്കൊണ്ട -
വയെ ഞാനൊരു
മലര്‍ഹാരമാക്കി
നിന്‍ ഗളത്തില-
ണിയിക്കാം.
നിന്‍റെ നിര്‍മ്മാല്യം
ഞാന്‍ പ്രസാദമാക്കാം.
നിന്നെ ഞാന്‍
ആത്മനിര്‍വൃതിതന്‍
കയങ്ങളില്‍
നീന്തിത്തുടിപ്പിക്കാം.
സ്നേഹിച്ചു സ്നേഹിച്ചു
നിന്നെ ഞാനൊരു
അമൃതവാഹിനിയാക്കാം.

^^^^^^^^^^^^^^^^^^^^^^^^

17 July 2001

ഒരു വട്ടം കൂടി


“നീ ചിരിക്കുന്നതെന്തേ?”

“ആ ചുണ്ടുകളിലെ
പുഞ്ചിരി കണ്ടിട്ട്."

“നിന്‍ നേത്രങ്ങള്‍ 
തിളങ്ങുന്നതെന്തേ?"

“ആ കണ്ണുകളിലൊളിക്കും
 പ്രേമം കണ്ടിട്ട്."

“നിന്റെ ചുണ്ടുകള്‍ 
വിറകൊള്ളുവതെന്തേ?"

“ആ ചുണ്ടുകളില്‍ 
ചുംബിക്കുവാന്‍."

“നിന്‍റെ കരങ്ങള്‍ 
ത്രസിക്കുവതെന്തേ?"

“ആ ശരീരം പുണര്‍ന്നു 
നിര്‍വൃതിയടയാന്‍."

"നീ നാണിക്കുവതെന്തേ?" 

നിര്‍ലജ്ജമായ നിന്‍ ചുംബനത്തിന്‍
ലഹരി നിറയുന്നതുകൊണ്ട്."

"നീ താമരമൊട്ടുപോല്‍ 
കൂമ്പുവതെന്തേ?"

"ആ ദൃഡമേനി
എന്‍ തളിര്‍മേനിയെ
ആലിംഗനത്തില്‍ 
ഞെരിക്കുന്നതുകൊണ്ട്."

"നിന്‍റെ തനു
ത്രസിക്കുവതെന്തേ?"

"ഒരു വട്ടം കൂടി 
ആലിംഗനത്തിലമരാന്‍."

ഒരു മുത്തം



ഒരു മുത്ത-
മെന്‍ ചുണ്ടില്‍ 
നീ തരു.
കരളിനെ 
ആനന്ദ-
ഭരിതമാക്കു-
മൊരുമ്മ
നീയെനിക്ക് 
തരൂ.
നിന്റെയുമ്മകള്‍
എന്‍റെ
അഭൂതപൂര്‍വ്വമാം 
ശേഖരത്തിലെ 
രത്നങ്ങളാകും.
എന്നുമെന്നു-
മെന്‍ ചുണ്ടില്‍
നീ മുത്തമേ-
കിക്കൊണ്ടിരിക്കൂ.
അതില്‍ 
ഞാനാനന്ദ-
നിര്‍വൃതി നേടട്ടെ .

നീയെവിടെ?


നീയെവിടെ?
നിന്‍റെ സാമീപ്യമെവിടെ?
സംഗമരാത്രികളുടെ മാധുര്യമെവിടെ?
ഈ രാത്രിയില്‍ 
ഏകനായി 
നീയില്ലാത്ത കിടപ്പറയില്‍ 
ഞാനിരിക്കവേ,
ത്രസിക്കുന്നെന്‍ തനു
ആദ്യരജനിതന്നോര്‍മ്മകളില്‍.

നീയെവിടെ?
ഈ ഏകാന്തരജനിയുടെ 
മദ്ധ്യയാമങ്ങളില്‍ 
നിദ്രാവിഹീനനായി 
ഞാന്‍ 
നിന്നെയും കാത്തിരിക്കുന്നു.
എന്തിനെന്നുറക്കം
നീ കവര്‍ന്നു.

നീയെവിടെ?
എന്‍റെ ഓര്‍മ്മകളില്‍ 
രാത്രിതന്‍ കാളിമ പകര്‍-
ന്നേതോ ഇരുളില്‍ 
നീ
മറഞ്ഞിരിക്കുന്നുവോ?

16 July 2001

കാമുകി




നിന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനങ്ങള്‍ക്കായി
ഞാന്‍ കാതോര്‍ത്തു;
പക്ഷെ,
അവ വിദൂരത്തായിരുന്നു.
നിന്‍റെ അധരങ്ങളില്‍
നിന്നിറ്റു
വീഴുന്ന മന്ത്രണങ്ങള്‍ക്കായി
ഞാന്‍ കൊതിച്ചു;
പക്ഷെ,
അദൃശ്യമായ ഗിരിശൃംഗങ്ങളില്‍ത്തട്ടി
അവ തകര്‍ന്നുപോയി.

നിന്‍റെ
അര്‍ദ്ധനിമീലിതനയനങ്ങളില്‍നിന്നുള്ള
അനുഭൂതി പകരുന്ന
നോട്ടങ്ങള്‍ക്കു വേണ്ടി
ഞാന്‍ കാത്തിരുന്നു;
പക്ഷേയവ
ലക്‌ഷ്യം തെറ്റി
പൃഥ്വിയുടെ;
അല്ല,
ആകാശമണ്ഡലത്തിന്‍റെ
അദൃശ്യമായ
ഏതോ കോണിലേക്ക്
കുതിച്ചുകൊണ്ടിരുന്നു.

നിന്‍റെ
മാര്‍ദ്ദവമേറിയ കരങ്ങളുടെ
തരളമായ,
ശാന്തമായ,
സാന്ത്വനസ്പര്‍ശമേറ്റു
കുളിര്‍ക്കൊള്ളാന്‍
എനിക്കാവില്ലേ?

എന്‍റെ സിരകളില്‍
നിന്നോടുള്ള
സ്നേഹത്തിന്‍റെ ചുവന്നരേണുക്കള്‍
ഒഴുകിക്കൊണ്ടിരുന്നു.
എന്നിട്ടും,
നീയെന്തേ
എന്നെ തിരിച്ചറിയുന്നില്ല.

നിന്‍റെ നിഴലായി,
നിനക്ക് താങ്ങായി,
തണലായി
എന്നും ഞാന്‍
നിനക്കൊപ്പമുണ്ടായിരുന്നു.
കാരണം,
നീയെന്‍റെ
കാമിനിയായിരുന്നു,
കാമുകിയായിരുന്നു,
ജീവിതസഖിയായിരുന്നു,
എന്നാത്മനാദതാളലയമായിരുന്നു.