Pages

05 November 2002

കുറെ നനുത്ത പ്രഭാതങ്ങളുടെ ഓര്‍മ്മയ്ക്ക്‌


ഒരു നനുത്ത പ്രഭാതത്തിലല്ലേ   
നാമാദ്യമായി കണ്ടുമുട്ടിയത്‌;
എനിക്കെതിരെ നീയും നിനക്കെതിരെ ഞാനും,
ഒന്നും മിണ്ടാതെ ഒളികണ്ണാല്‍ നോട്ടങ്ങള്‍ പായിച്ച് 
നാം കടന്നുപോയി.
പിന്നെയും എത്രയെത്ര നനുത്തപ്രഭാതങ്ങള്‍ 
നമ്മളിലൂടെ കടന്നുപോയി.
എന്നിട്ടും നാം തമ്മില്‍ ഒന്നും ഉരിയാടിയില്ല.
പ്രേമകടാക്ഷങ്ങള്‍പോലും  നാം പരസ്പരമെറിഞ്ഞില്ല.
എന്നിട്ടും എന്‍റെയുള്ളിലൊരു 
ദേവിശില്പമായി നീ വളര്‍ന്നു.
അറിയാതെയറിയാതെ 
നിന്നെ ഞാന്‍ പ്രേമിക്കുകയായിരുന്നു.
നിന്‍റെ സുന്ദരമായ രൂപം 
എന്‍റെ  നിദ്രകളില്‍ സ്വപ്നങ്ങളായി ഉണരുകയായിരുന്നു.
സ്നേഹസ്മൃദുസ്മേരങ്ങള്‍  മാത്രമേ 
എന്നിട്ടും ഞാന്‍ നിനക്കേകിയുള്ളൂ.
ഒന്നര വര്‍ഷത്തിന്റെ 
അഞ്ഞൂറ് നനുത്തപ്രഭാതങ്ങള്‍ 
എന്‍റെ പ്രണയത്തിലോടി മറഞ്ഞു.
ഈ രണ്ടാം വര്‍ഷത്തിലെ 
നനുത്തപ്രഭാതങ്ങളിലും ഞാന്‍
നിനക്കായി കാത്തിരിക്കുന്നു 
നിന്‍റെ പ്രണയവും തേടി.
വരുന്ന ഓരോ ഫെബ്രുവരി പതിന്നാലിന്റെയും  
നനുത്തപ്രഭാതങ്ങളില്‍ ഞാന്‍
കാത്തുനില്‍പ്പുണ്ടാകും  
നിന്‍റെ പ്രണയവും തേടി.
********************