ഒടിഞ്ഞ ചിറകുകളില്‍,
ചിതറിയ തൂവലുകളില്‍ ,ഒഴിഞ്ഞ കൂടില്‍
നമ്മള്‍,
നമ്മുടെ സ്വപ്‌നങ്ങള്‍ അനാവൃതമാക്കിയിരിക്കുന്നു.
തണുത്ത ഡിസംബര്‍ മാസം.
സമയം സന്ധ്യ
കഴിഞ്ഞിരുന്നു.
രാജീവനും നാണുവും ആ പഴയ വീടിനു മുന്നിലെത്തി. അവര്‍ കൊണ്ടുവന്ന സാധനങ്ങള്‍ തകര്‍ന്ന
തുളസിത്തറയ്ക്ക് സമീപം വച്ചു .
നാണു പോകാനായി തിരിഞ്ഞു. പിന്നെ ,എന്തോ ഓര്‍ത്ത മട്ടില്‍ തിരിഞ്ഞുനിന്നു ശങ്കയോടെ രാജീവനോട് ചോദിച്ചു.
‘സാറിനു ഈ രാത്രി ഇവിടെത്തന്നെ താമസിക്കണമെന്ന്
നിര്‍ബന്ധമാണോ?’
രാജീവന്‍
ചോദ്യഭാവത്തില്‍ നാണുവിനെ നോക്കി.നാണു അത് കണ്ടില്ലെന്നു തോന്നി. രാജീവന്‍ കാരണം ചോദിച്ചു.
‘എന്തേ നാണു അങ്ങനെ പറഞ്ഞെ?’
നാണു ചുറ്റും നോക്കി.
വളരെ ശ്രദ്ധയോടെ രഹസ്യം പറയുന്ന മട്ടില്‍ നാണു മന്ത്രിച്ചു.
‘ഇവിടെ ഒരു
പ്രേതമുണ്ട്.’
രാജീവന്‍ ചിരിച്ചു. ‘അത്
നാണുവിനെങ്ങനെ അറിയാം. നീ ഇവിടെ വന്നിട്ട് അഞ്ചാറു മാസമല്ലേ ആയുള്ളൂ.’
രാജീവന്‍ ഗ്രാമത്തില്‍
വണ്ടിയിറങ്ങിയപ്പോള്‍ അയാളെ കാത്തു നാണു നിന്നിരുന്നു. അവിടെ നിന്നും ആ പഴയ വീട്ടിലേക്കു അര കിലോമീറ്റര്‍
ദൂരമുണ്ടായിരുന്നു. അവര്‍ സംസാരിച്ചുകൊണ്ടിരുന്നതിനിടയില്‍ എപ്പോഴോ നാണു
പറഞ്ഞിരുന്നു, അയാള്‍ അഞ്ചാറു മാസം മുമ്പാണ് ആ ഗ്രാമത്തില്‍ വന്നതെന്ന്.നാണു പോസ്റ്റ്മാനാണ്. രാജീവന്‍ പോസ്റ്റ്മാസ്റ്ററും. നടക്കുന്നതിനിടയില്‍ രാജീവന്‍ കാര്യമായൊന്നും
സംസാരിച്ചിരുന്നില്ല. അയാള്‍ ഗ്രാമം മുഴുവന്‍ കണ്ണുകളില്‍ ആവാഹിക്കുകയായിരുന്നു.
ഗ്രാമത്തിന്‍റെ ഓരോ ശ്വാസത്തെയും
തന്‍റെ ഹൃദയത്തില്‍ നിറയ്ക്കുകയായിരുന്നു.രാജീവനെ ശ്രദ്ധിച്ചപ്പോള്‍ അയാള്‍ മുമ്പ് ഈ
ഗ്രാമത്തിലുണ്ടായി രുന്നവനാണെന്നു നാണുവിനു തോന്നി.
‘ഈ നാട്ടുകാര്‍ക്ക്
മുഴുവനും ഈ കാര്യം അറിയാം. ഒരു രാത്രി ഞാനീ വഴിയിലൂടെ വന്നപ്പോള്‍
കണ്ടതുമാണ്. വെളുത്ത സാരിയുടുത്ത ഒരു പെണ്ണ്. അവളുടെ മുഖം ഞാന്‍ കണ്ടില്ല.
അവള്‍ ആരെന്നറിയാന്‍ ഞാനവളുടെ പിന്നിലെത്തി. ആ നിമിഷം തന്നെ അവള്‍
അപ്രത്യക്ഷയായി. ഞാന്‍ പിന്നെ അവിടെ നിന്നില്ല. ഓടി. എവിടെയോ തട്ടി
വീണതോര്‍മ്മയുണ്ട്. എഴുന്നേല്‍ക്കുമ്പോള്‍ നേരം വെളുത്തിരുന്നു. ചുറ്റും
ആളുകളുമുണ്ടായിരുന്നു.’
അയാള്‍
പറഞ്ഞുനിര്‍ത്തി. രാജീവന്‍ അയാളെത്തന്നെ നോക്കിനില്‍ക്കുകയായിരുന്നു. ഇരുളിന്
കട്ടികൂടിക്കൊണ്ടിരുന്നു
രാജീവന്‍റെ ചുണ്ടില്‍ ഒരു
മന്ദഹാസം വിരിഞ്ഞു.
‘സാറേ.’ നാണു
വീണ്ടും പറഞ്ഞു. ‘ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇന്ന് എന്‍റെ വീട്ടില്‍
കൂടാം.’
‘വേണ്ട.”
തറപ്പിച്ചാണ് രാജീവന്‍ അത് പറഞ്ഞത്. നാണു അത്ഭുതത്തോടെ അയാളെ നോക്കി. പക്ഷെ,
മുഖം കാണാനാവാത്ത വിധം ഇരുളിന് കട്ടിയേറിയിരുന്നു .
‘ശെരി , നാണു
പൊയ്ക്കോളൂ.’
രാജീവന്‍ ബാഗ് തുറന്നു സിഗരറ്റെടുത്തു. അപ്പോഴേക്കും നാണു നടന്നു നീങ്ങിയിരുന്നു. അയാളുടെ
കൈവശമുണ്ടായിരുന്ന ടോര്‍ച് അയാള്‍ക്ക് മുന്നില്‍ പ്രകാശം ചൊരിഞ്ഞു. ഇടയ്ക്കിടെ നാണു
തിരിഞ്ഞു നോക്കി. ടോര്‍ച്ചിന്‍റെ വെളിച്ചം കാഴ്ച്ചയില്‍നിന്നു മറയുന്നതുവരെ രാജീവന്‍ അങ്ങോട്ടുതന്നെ നോക്കിനിന്നു.
***
ഇരുളിന് വീണ്ടും
കട്ടിയേറി.
രാജീവന്‍ അവിടെത്തന്നെ
നില്‍ക്കുകയായിരുന്നു. അയാള്‍ പതുക്കെ ആദ്യത്തെ പടവിലേക്ക് വലതുകാലെടുത്തു
വച്ചു. ആ നിമിഷം വീടിന്‍റെ പടിഞ്ഞാറ് വശത്ത് നിന്നിരുന്ന കൂവളവൃക്ഷത്തിന്‍റെ
ഒരു ശിഖരം വലിയ ശബ്ദത്തോടെ ഒടിഞ്ഞു വീണു.
രാജീവന്‍റെ ചുണ്ടില്‍
അപ്പോഴും മായാതെ ഒരു പുഞ്ചിരിയുണ്ടായിരുന്നു. അയാള്‍ രണ്ടാമത്തെ പടിയില്‍
കാലെടുത്തു വച്ചു. കിഴക്കുവശത്ത് നിന്ന് ഹൂങ്കാരശബ്ദം കേട്ടു തുടങ്ങി.അതു
കൊടുങ്കാറ്റിന്‍റെതാണെന്നു രാജീവനറിഞ്ഞു.
അയാള്‍ മൂന്നാമത്തെ
പടിയിലേക്ക് കാലെടുത്തു വച്ചു. ചരല്‍ക്കല്ലുകള്‍ വാരിയെറിഞ്ഞതുപോലെ ആകാശത്തില്‍
നിന്ന് മഴത്തുള്ളികള്‍ താഴെ വീണു.
രാജീവന്‍ അതു
ശ്രദ്ധിക്കാത്തത് പോലെ വരാന്തയിലേക്ക് കയറി. കാറ്റും മഴയും അതിന്‍റെ
കരുത്തിന്‍റെ പാരമ്യത്തിലെത്തി. രാജീവന്‍ ഒരു നിമിഷം ശങ്കിച്ച് നിന്നു. പിന്നെ,
ഒരൂഹത്തോടെ വലതു ഭാഗത്തോട്ടു നീങ്ങി. ഇരുളില്‍ കൈകൊണ്ടു ചുവരില്‍ പരതി.
അയാളുടെ കൈ സ്വിച്ബോര്‍ഡില്‍ തടഞ്ഞു.
അയാള്‍
സ്വിച്ചമര്‍ത്തി. വരാന്തയില്‍ വെളിച്ചം നിറഞ്ഞു. പൊടുന്നനെ കാറ്റും മഴയും നിന്നു.
ഗ്രാമമൊന്നാകെ
പരിഭ്രാന്തരായി അങ്ങോട്ട് ഓടിവരുന്നുണ്ടായിരുന്നു. ദൂരെനിന്നെ അവര്‍ കണ്ടു, ആ
വീട്ടില്‍ വെളിച്ചം.
രാജീവന്‍ വാതില്‍
തള്ളിത്തുറന്നു. കറകറ ശബ്ദത്തോടെ വാതില്‍പ്പാളികള്‍ അകന്നു മാറി.
കെട്ടിനിന്നിരുന്ന ദുര്‍ഗന്ധം പുറത്തേക്ക് വമിച്ചു. അത് അസഹ്യമായിരുന്നെങ്കിലും രാജീവന്‍
ശ്രദ്ധിച്ചില്ല. അയാള്‍ പതുക്കെ മാറാലയെല്ലാം വകഞ്ഞുമാറ്റി. തന്‍റെ വസ്തുക്കളെല്ലാം അകത്തെയ്ക്കെടുത്തു വച്ചു.
പിന്നെ, വാതിലടച്ചു തഴുതിട്ടു. മുറിയിലെ ഒരു മൂലയില്‍ കിടന്നിരുന്ന
കയറുകട്ടിലില്‍ കയറിക്കിടന്നു. ആ കട്ടിലിനു ഒരു യുവതിയുടെ
ഗന്ധമുണ്ടായിരുന്നു. രാജീവന്‍ ഒരു ചെറിയ മയക്കത്തിലേക്ക് വഴുതി വീണു.
‘വന്നു അല്ലേ.’
വളരെ കാതരമായ ശബ്ദം അയാള്‍ കേട്ടു. ഏതോ ഇരുണ്ട ഗുഹാന്തര്‍ഭാഗത്തുനിന്നാണ്
ആ ശബ്ദം വന്നതെന്ന് അയാള്‍ക്ക് തോന്നി. എന്തെങ്കിലും സംസാരിക്കാന്‍ അയാള്‍ അശക്തനായിരുന്നു.
തന്‍റെ നെഞ്ചില്‍
ഒരു നനുത്ത കൈത്തലം അമരുന്നതും
ചുടുനിശ്വാസം കവിളില്‍ പതിക്കുന്നതും ഇളംചൂടുള്ള ശരീരം അരികിലെത്തുന്നതും അയാളറിഞ്ഞു. അതോടൊപ്പം
തരളമായ ഒരു ചുംബനത്തിന്റെ സുഖം അയാള്‍ ആസ്വദിച്ചു.
‘പതിമൂന്നു
വര്‍ഷം…നീണ്ട പതിമൂന്നു വര്‍ഷമായി ഞാന്‍ നിന്നെ കാത്തിരിക്കുകയായിരുന്നു…ഒടുവില്‍
ഇതാ നീ വന്നിരിക്കുന്നു.’
അയാളുടെ ചെവിയില്‍
ഒരു മൃദുമന്ത്രണം കാറ്റായ് ലയിച്ചു. അയാള്‍ക്ക് എന്തൊക്കെയോ
പറയണമെന്നുണ്ടായിരുന്നു.
ആ ശബ്ദം , അതു
തന്നെ കീഴ്പെടുത്തുകയാണെന്ന് രാജീവനറിഞ്ഞു.
അതേ നിമിഷം,
വാതിലില്‍ മുട്ടു കേട്ടു. തന്‍റെ അരികില്‍നിന്നും എന്തോ ഒന്ന് അകന്നുപോകുന്നത് രാജീവന്‍ നേര്‍ത്ത
നിദ്രയിലും തിരിച്ചറിഞ്ഞു.
***
പിന്നെയും കുറച്ചു
സമയമെടുത്തു രാജീവനു കട്ടിലില്‍ നിന്നുമെഴുന്നേല്‍ക്കാന്‍. അയാള്‍ മെല്ലെ നടന്നു
വാതിലിനടുത്തെത്തി സാക്ഷയെടുത്തു. വാതിലിനു പുറത്തു ജനക്കൂട്ടത്തെ കണ്ടു
അയാള്‍ ഞെട്ടി. ചോദ്യഭാവത്തില്‍ അവരെ നോക്കിക്കൊണ്ട് അയാള്‍ വരാന്തയിലേക്കിറങ്ങി.
അവര്‍ക്കിടയില്‍ അയാള്‍ നാണുവിനെ കണ്ടു.
‘എന്തേ?’
‘നല്ല കാറ്റും
മഴയും ആയിരുന്നു.’
‘അതുകൊണ്ട്?’
‘ഈ വീട് നല്ല
പഴക്കമുള്ളതാണ്. ഈ കാറ്റിനേം മഴേം പിടിച്ചുനില്‍ക്കാനുള്ള ശേഷി ഇതിനില്ല.’
‘എന്നിട്ടും ഈ
വീട് ബാക്കിയുണ്ടല്ലോ.’
‘ദൂരേന്നെ വെട്ടം
കണ്ടു. അതുകൊണ്ട് കൂടിയാ വന്നു നോക്കാമെന്ന് വിചാരിച്ചത്.’
രാജീവന്‍ അവരെ നോക്കി
പുഞ്ചിരിച്ചു.
‘എന്തെങ്കിലും
അലോസരമുണ്ടായോ?’. നാണു ചോദിച്ചു.
‘ഇല്ല. ആകെ
പൊടിപിടിച്ചു കിടക്കുന്നതുകൊണ്ടുള്ള അസ്വാസ്ഥ്യം മാത്രമേയുള്ളൂ.’
അവരെല്ലാം അയാളെ
ഉറ്റുനോക്കുകയായിരുന്നു. പലര്‍ക്കും തോന്നി, ഇയാളെ മുമ്പ് കണ്ടിട്ടുണ്ടെന്ന്. അവര്‍
ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ഓര്‍മ്മകളുടെ ചില്ലുകൂട്ടില്‍
പരതുകയായിരുന്നു.
കൂട്ടത്തില്‍ ഒരാള്‍
ചോദിച്ചു. ‘ഇയാള്‍ടെ പേരെന്താ?’
രാജീവന്‍റെ ചുണ്ടിലെ
ചിരി മാഞ്ഞു. കണ്ണുകള്‍ അഗ്നികുണ്ഡങ്ങളായി. ചുണ്ടുകള്‍ വിറകൊണ്ടു. അയാള്‍ മന്ത്രണം
കണക്കെ പറഞ്ഞു. ‘രാജീവന്‍.’
ഗ്രാമമൊന്നാകെ
നടുങ്ങി.
പതിമൂന്നു
വര്‍ഷം മുമ്പ് വരെ ഗ്രാമത്തിന്‍റെ ഏടുകളില്‍ ആ പേരുണ്ടായിരുന്നു. അന്ന് ആ
പേരിനൊപ്പം ഉണ്ടായിരുന്നത് ഇപ്പോഴത്തെ അഗ്നിയല്ല. പ്രേമവും കുസൃതിയും അങ്ങനെ
അങ്ങനെ പലതുമായിരുന്നു.
‘ഒരാള്‍പോലും ഈ
പരിസരത്ത് നില്‍ക്കരുത്. നില്‍ക്കുന്നവനൊക്കെ അതിന്‍റെ ഫലം അനുഭവിക്കും.’ രാജീവന്‍
അലറുകയായിരുന്നു.
ആള്‍ക്കൂട്ടം
പതുക്കെ നീങ്ങിത്തുടങ്ങി. അന്തരീക്ഷത്തില്‍ അവ്യക്തമായ് പിറുപിറുക്കലുകള്‍
നിറഞ്ഞു. ഒടുവില്‍ നാണു മാത്രമായി.നാണു അയാളെ കുറച്ചുനേരം കൂടി നിര്‍ന്നിമേഷനായി
നോക്കിനിന്നു. പിന്നെ, തിരിഞ്ഞു നടന്നു.
***
രാജീവന്‍ വീണ്ടും
കട്ടിലില്‍ കിടന്നു. അയാള്‍ക്ക് വീണ്ടും ആ
ഗന്ധം അനുഭവപ്പെട്ടു, ഒരു യുവതിയുടെ ഗന്ധം. നിമിഷങ്ങള്‍ക്കുള്ളില്‍ അയാള്‍ നേര്‍ത്ത
നിദ്രയ്ക്കടിപ്പെട്ടു.
‘ഞാന്‍ നിന്നെ
കാത്തിരിക്കുകയായിരുന്നു.’ ആ നനുത്ത ശബ്ദം അയാള്‍ അരികില്‍ കേട്ടു. ഇരുളില്‍
കുപ്പിവളകളുടെ കിലുക്കം. നെഞ്ചില്‍ കൈവിരലുകള്‍ ഓടിനടക്കുന്നത് അയാളറിഞ്ഞു.
‘എന്തേ ഒന്നും
മിണ്ടാത്തത്?’
പതിമൂന്നു
വര്‍ഷമായി താന്‍ കേള്‍ക്കാന്‍ കൊതിച്ച ശബ്ദം. അയാളുടെ ഹൃദയത്തില്‍ ആനന്ദം
അലയടിച്ചു. എന്നിട്ടും അയാള്‍ ശബ്ദിച്ചില്ല.
ആ കൈകള്‍
നെഞ്ചില്‍നിന്നും കഴുത്തിലേക്കു ഇഴഞ്ഞു. കഴുത്തില്‍ നിന്നും ചുണ്ടുകളെ ഉരുമ്മി
കവിളിലൂടെ കാറ്റായൊഴുകി മുടിയിഴകളിലെത്തി.
അയാള്‍ എന്തോ
പറയാനായി വായ് തുറന്നു. പക്ഷെ, ശബ്ദം കിട്ടിയില്ല.
ചൂടുള്ള
നിശ്വാസങ്ങള്‍ അയാളുടെ മുഖത്ത് പതിച്ചു. തന്‍റെ അധരത്തില്‍ ഒരു ചുംബനം
താളമാകുന്നത് അയാളറിഞ്ഞു. എതിര്‍ക്കാന്‍ അയാള്‍ അശക്തനായിരുന്നു. ആ ചുണ്ടുകള്‍
പരല്‍മീന്‍ പോലെ അയാളുടെ മുഖത്താകെ ഓടിനടന്നു. ഒരായിരം ചുംബനങ്ങളില്‍
അയാളുടെ മുഖം അലിഞ്ഞു.
‘മൃദുലേ.’ ഏതോ
ഒരു നിമിഷത്തില്‍ രാജീവന്‍ മന്ത്രിച്ചു. അവളുടെ ചെവിയില്‍ അത് മാറ്റൊലിക്കൊണ്ടു. ആ
നിമിഷത്തില്‍ അവളുടെ കരങ്ങള്‍ അവന്‍റെ ശിരസ്സില്‍ അമര്‍ന്നു. അവളുടെ ചുണ്ടുകള്‍ ഗാഡചുംബനത്തില്‍ വേപഥുക്കൊണ്ടു .
‘ഈ
നിമിഷം…ഇതിനായിട്ടാണ് ഞാന്‍ മടങ്ങി വന്നത്.’ അതേ നിമിഷത്തില്‍ അവനുണര്‍ന്നു
അവളെ പുണര്‍ന്നു.
‘അടുത്ത നിമിഷം
മുതല്‍ നമ്മള്‍ ആത്മാവില്‍ ഒന്നാകും. ഭൂമിയില്‍ നിന്നും ഒരായിരം കാതമകലെ
അജ്ഞേയമായ മറ്റൊരു ദേശത്ത് നാം ഒന്നിക്കും.’ ഒരു മൃദുസ്വനം തന്‍റെ കാതുകളെ
തഴുകുന്നത് അവന്‍ കേട്ടു.
ഗ്രാമമൊന്നാകെ
ഒരു കൊടുങ്കാറ്റു നിറഞ്ഞു. പതുക്കെ പതുക്കെ ഇരുളില്‍ അത് അലിഞ്ഞില്ലാതെയായി.
ഗ്രാമം കോടമഞ്ഞില്‍ അദൃശ്യമായി.
***
ബ്രാഹ്മമുഹൂര്‍ത്തം.
നാണു ഉണര്‍ന്നു
കുളിച്ചിരുന്നു. അസ്ഥിക്കുള്ളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പിനെ അയാള്‍
വകവെച്ചില്ല. അയാള്‍ ചിന്തിച്ചുകൊണ്ടിരുന്നത് തലേന്നത്തെ കാര്യമായിരുന്നു.
ആരോ പറഞ്ഞത് അയാള്‍
ഓര്‍ത്തു.
‘ രാജീവനും മൃദുലയും
തമ്മില്‍ പ്രേമമായിരുന്നു. അത് ഇവിടത്തെ ഓരോ പുല്‍ത്തരിപോലും അറിഞ്ഞിരുന്നു.’
മറ്റൊരാള്‍
കൂട്ടിച്ചേര്‍ത്തു. ‘അവരുടെ ബന്ധം ഇഷ്ടപ്പെടാത്ത ഒരേയൊരു വ്യക്തിയെ ഈ
നാട്ടിലുണ്ടായിരുന്നുള്ളൂ, മൃദുലയുടെ അച്ച്ചന്‍ സുദര്‍ശനന്‍പിള്ള.’
‘രാജീവന്‍
അനാഥനായിരുന്നു.’
പ്രായമായ ഒരാള്‍
കഥയവസാനിപ്പിച്ചു. ‘ആ വീട്ടില്‍ വച്ചാണ് മൃദുലയെ സുദര്‍ശനന്‍പിള്ള കഴുത്ത് ഞെരിച്ചു കൊന്നത്. രാജീവനെ നാട്ടില്‍ നിന്നും തല്ലിയോടിക്കുകയും ചെയ്തു.’
നാണു പിന്നെയും
എന്തൊക്കെയോ ചോദിച്ചുകൊണ്ടിരുന്നു. ചിലതിനു മറുപടി കിട്ടി. ചിലതിനു കുറെ മൂളലുകളായിരുന്നു
ഉത്തരം. ചിലത് ആകാശത്തില്‍ അലഞ്ഞു തിരിഞ്ഞു, ഗതി കിട്ടാത്ത പ്രേതാത്മാക്കള്‍
പോലെ.
‘പക്ഷെ,
വ്യക്തമായ ഒരു കാരണം പറയൂ.’
അവസാനമെന്നപോലെ നാണു ചോദിച്ചു. ഒരു പക്ഷെ, അവരെക്കുറിച്ച് ഇനിയൊരു ചോദ്യം
തന്നില്‍നിന്നുണ്ടാവില്ല എന്നയാള്‍ അനുമാനിച്ചു.
ഏറെനേരം ആ
ചോദ്യത്തിനു ഉത്തരമുണ്ടായിരുന്നില്ല. നാണു ഓരോ മുഖങ്ങളിലേക്കും നോട്ടമയച്ചു. ആ
മുഖങ്ങളില്‍ അപരിചിതത്വം നിറഞ്ഞിരുന്നു. രാജീവനെയും മൃദുലയെയും അവര്‍
മറന്നതുപോലെ തോന്നി.
ആരോ ഒരാള്‍
അയാളുടെ ചെവിയില്‍ പറഞ്ഞു. 'മരിക്കുമ്പോള്‍ മൃദുല ഗര്‍ഭിണിയായിരുന്നു.’
ഒരു
ചെറുപ്പക്കാരന്‍ പറഞ്ഞു. 'രണ്ടാഴ്ചയ്ക്കു ശേഷം സുദര്‍ശനന്‍പിള്ള ഹൃദയസ്തംഭനം മൂലം
മരിച്ചു. എന്തോ കണ്ടു ഭയന്നതുപോലെയായിരുന്നു ആ മുഖം. അവള്‍ ആദ്യമായും
അവസാനമായും പ്രതികാരം ചെയ്തതാണത് . അതിനുശേഷം എത്രകാലമായി,
ഇതുവരെ അവള്‍ ആരെയും ഉപദ്രവിച്ചിട്ടില്ല.’
ആ
നിമിഷത്തിലാണ് ഗ്രാമമാകെ ഒരു കൊടുങ്കാറ്റു ആഞ്ഞടിച്ചത്. അതിന്‍റെ
ഹൂങ്കാരാരവം അവരെയാകെ കിടിലം കൊള്ളിച്ചു. മരങ്ങളാകെ ഇളകിയാടി. ഗ്രാമം
അസ്വസ്ഥതയോടെ കൊടുങ്കാറ്റിനെ നോക്കിക്കണ്ടു.
കുറച്ചു
നിമിഷങ്ങള്‍.
കൊടുങ്കാറ്റു
ശാന്തമാവുകയായിരുന്നു. അസ്വസ്ഥതകള്‍ അലിഞ്ഞില്ലാതെയാവുകയായിരുന്നു.
കോടമഞ്ഞും നിശ്ശബ്ദതയും അതിനുമീതെ നിറഞ്ഞു.
നാണു വീണ്ടും ഒരു
ചോദ്യത്തിനു തയ്യാറെടുത്തു. വേണ്ടായെന്നു മനസ്സിലുറപ്പിച്ചതാണ് . പക്ഷെ,
ചോദിക്കേണ്ടി വന്നിരിക്കുന്നു.
അയാള്‍ക്ക്
ചോദിക്കേണ്ടി വന്നില്ല. അതിനു മുമ്പേ ഒരാള്‍ പറഞ്ഞു.’എല്ലാ കഥകള്‍ക്കും വിരാമമായി.
ഇനി ഈ കഥ ഗ്രാമത്തിന്‍റെ ചരിത്രത്തില്‍ അലിയാനുള്ളതാണ്.’
നാണുവിനു പിന്നെയും
എന്തോ ചോദിക്കണമെന്നുണ്ടായിരുന്നു . അയാള്‍ അത് വേണ്ടെന്നു വച്ചു. ഇനി താന്‍ രാജീവനെ
കാണുമോ എന്നുപോലും അയാള്‍ക്ക് സംശയമായിരുന്നു. അയാള്‍ക്ക് ആ വീട്ടിലേക്കു ഒരിക്കല്‍
കൂടി പോകണമെന്ന് തോന്നി. പക്ഷെ, ഈ രാത്രി അയാള്‍ക്കതിനു ധൈര്യം വന്നില്ല .
തലയ്ക്കു
മുകളിലൂടെ ഒരു നരിച്ചീര്‍ പറന്നകന്നപ്പോഴാണ് നാണുവിനു പരിസരബോധമുണ്ടായത്,
നടന്നു താന്‍ ആ
വീടിനു മുന്നിലെത്തിയെന്നു നാണു കണ്ടു.
ആകാശത്തിലെ
ചുവപ്പുരാശി ഇനിയും മാഞ്ഞിട്ടില്ല. ഗ്രാമം സുഖകരമായ ആലസ്യത്തില്‍നിന്നും
ഇനിയും ഉണര്‍ന്നിട്ടില്ല.
‘രാജീവാ’. നാണു
വിളിച്ചു. അതിനു മറുപടിയുണ്ടായിരുന്നില്ല. അത് അഷ്ടദിക്കുകളിലേക്കും
അലിഞ്ഞുചേര്‍ന്നു.
ഇനിയൊരിക്കലും
മറുപടി ഉണ്ടാവുകയില്ലെന്നറിഞ്ഞുകൊണ്ട് നാണു പലയാവര്‍ത്തി ആ പേര് ഉരുവിട്ടു.
*****




No comments:
Post a Comment