ആര്ത്തിരമ്പുമീ സമുദ്രത്തിന്
കരയിലന്നു നീയച്ഛന്റെ
അരികിലൊതുങ്ങി നടന്നി-
ട്ടെന്നെ നോക്കി പുഞ്ചിരിച്ചപ്പോ-
ളെന്റെ മനസ്സില്‍ മണിവില്ലില്
കുലച്ച മലര്‍ശരം കൊണ്ടെന്ന
കാര്യമെന്തേ നീയറിഞ്ഞില്ല.
അന്നാദ്യമായ് ഞാന്‍ നിന്നെ
കണ്ടനുരാഗവിവശനായതും
പിന്നെയും പിന്നെയും നിന്റെ
ഓമനത്വമുള്ള മുഖത്തേക്ക്
നോക്കിക്കൊണ്ടിരുന്നതും
എന്റെ മനസ്സിലോരജ്ഞാത
വികാരമുടലെടുത്തതും ഞാന്‍
നിന്നില്‍നിന്നു മറച്ചുവച്ചു.
ആദ്യാനുരാഗത്തിന്റെയൊരു
സുഖാനുഭൂതിതന് മധുരിമ
ഞാനന്നു നുണഞ്ഞിറക്കി.
പിന്നെയെപ്പോഴോ നീയെന്നെ
നോക്കി കണ്ണടച്ചുകാണിച്ചതും
വായുവില്‍ ഒരു ചുംബനമെറിഞ്ഞതും
ഇരുളില്‍ ലയിക്കുമ്പോളെന്ന-
പോലെ നീയാ നഗരത്തിന്
തിരക്കിലലിഞ്ഞു ചേര്‍ന്നതു-
മെങ്ങനെയാണ് ഞാന്‍ മറക്കുക.
എന്റെ മനസ്സില്‍ നിന്നേക്കുറിച്ചൊരു
സങ്കല്പം രൂപം കൊള്ളുകയായിരുന്നെ-
ന്നെന്തേ നീയറിയാതിരുന്നു.
നീയെന്നുമീ ആഴിക്കരയില്‍
സായന്തനസൂര്യനെക്കാണാന്
വരുമെന്നു ഞാനറിഞ്ഞതും
പിന്നെയെല്ലാ സന്ധ്യകളിലും
ഞാന്‍ കടലിന്റെ സൌന്ദര്യത്തെക്കാളും
നിന്റെ സൌന്ദര്യമാസ്വദിക്കുന്നതും
ഒരു നിമിഷമെന്നെക്കാണാന്
വൈകുമ്പോള്‍ നിന്റെ മുഖത്തെയാ-
കംഷയുമംബരപ്പും കണ്ടുകണ്ടു
ഞാനൊരു കാര്യം മനസ്സിലാക്കിയതും
അക്കാര്യമൊരിക്കല് നീയെന്നോടു
തുറന്നു സമ്മതിച്ചതുമുമ്മവച്ചതും
പ്രണയത്തിന്റെ തടാകത്തില്‍
നാം നീന്തിത്തുടിച്ചതുമിന്നലെ
യെന്നപോലെ ഞാനോര്‍ക്കുന്നു.
പ്രണയത്തിന്റെ നീലക്കുറിഞ്ഞി-
പ്പൂക്കള്‍ ഞാന്‍ നിന്റെ മുടിച്ചുരുളി-
ലൊളിപ്പിച്ചപ്പോള് നിന്റെ കവിളുകള്‍
തുടുത്തതും ഞാനോര്‍ക്കുന്നു.
ഇരുണ്ടയീരാത്രിയില് ഞാനീ
പഴയകഥകള്‍ നിന്നോടു ചൊല്ലുമ്പോ-
ളെന്തേ നീ പുളകിതയാകുന്നു.
നിന്നെ പ്രേമിച്ച ഞാനൊരു
ഭാഗ്യവാനെന്നൊരു തോന്നലെന്റെ
മനസ്സിലുടലെടുക്കുന്നു ;
ശരി തന്നെയോ പ്രിയതമേ?
കടന്നു പോകാനെത്ര രാവും
പകലുമിരിക്കുന്നു, നമ്മളെന്നും
നാമായ്, പ്രണയസരോവരത്തില്‍
നീന്തിത്തുടിക്കുമരയന്നങ്ങളായി
കല്പാന്തകാലത്തോളമൊരേ
മനസ്സായ് ജീവിക്കണം.
മനസ്സായ് ജീവിക്കണം.
ഇന്ന് നീയെന്റെ ഭാര്യയാണ്,
ഞാന്‍ നിന്റെ ഭര്‍ത്താവു-
മിതു നമ്മുടെയാദ്യരാത്രിയും.
^^^^^^^^^^^^^^^^^^^^^^^^^^^^^^

No comments:
Post a Comment