Pages

26 August 2002

തെറ്റ്



നിന്‍റെ  ഉദരത്തിലുരുവായതോ 
ഞാന്‍ ചെയ്ത തെറ്റ് ?
ഒരു പുരുഷന്‍റെ കാമ - 
ദാഹത്തിന്നിരയായ 
നിന്നിലെ നിന്നിലൊരു
ഭ്രൂണമായ്‌വ്വളര്‍ന്നതോ
ഞാന്‍ ചെയ്ത തെറ്റ് ?
പത്തുമാസം നിന്‍റെ 
ഗര്‍ഭഗൃഹത്തില്‍ക്കഴിഞ്ഞതോ,
നിന്‍റെ മുലകള്‍ ചുരന്ന 
പാല്‍ കുടിച്ചതുമോ ,
നിന്‍റെ തണലില്‍ വളര്‍ന്നതോ 
ഞാന്‍ ചെയ്ത തെറ്റ് ?
പൊട്ടിക്കരഞ്ഞുകൊണ്ട് 
ഞാന്‍ പെറ്റുവീണ,
നിന്‍റെ മാതൃത്വം സഫലമാക്കിയ 
ആ ധന്യനിമിഷമോ
എന്‍റെ ശാപമുഹൂര്‍ത്തം ?

എന്താണ് ഞാന്‍ ചെയ്ത തെറ്റ് ?
പത്തുമാസം എന്‍റെ ഭാരം 
നിന്നെക്കൊണ്ടു ചുമപ്പിച്ചതോ ?
അതോ, പേറ്റുനോവെന്ന  
വേദനയനുഭവിക്കാന്‍
നിന്നെ ഇടയാക്കിയതോ 
യൌവ്വനയുക്തയായി 
പാറിപ്പറന്ന നിന്നെ 
മാതൃത്വത്തിന്റെ 
ബന്ധനത്തിലേക്ക്
വലിച്ചിഴച്ചതോ ഞാന്‍
ചെയ്ത തെറ്റ്?

ഒരു ശലഭമായി പാറിപ്പറക്കേണ്ടി -
യിരുന്ന നിന്നെ മാതൃത്വത്തിന്‍റെ
ചങ്ങലകളാല്‍ ബന്ധനസ്ഥയാക്കി 
നിന്‍റെ ആനന്ദകരമായ 
ആ കാലഘട്ടത്തെ വെറും 
സ്വപ്നങ്ങളാക്കി  മാറ്റിയതുമോ 
ഞാന്‍ ചെയ്ത തെറ്റ് ?
അതോ ഒന്നുമറിയാതെ 
കാലചക്രത്തിരിച്ചിലിനിടയില്‍    
നിന്‍റെ ഉദരത്തില്‍ കടന്നു 
നിന്‍റെ സന്തതിയായതോ?

ആദ്യമായി നിന്നെ 
അമ്മേയെന്നു വിളിച്ചതോ 
ഞാന്‍ ചെയ്ത തെറ്റ് ?
നിന്നില്‍ അഭയം കണ്ടെത്തിയതോ 
ഞാന്‍ ചെയ്ത തെറ്റ് ?
നിന്‍റെ മടിയില്‍ തലചായ്ച്ചു-
റങ്ങിയതോ ഞാന്‍ ചെയ്ത തെറ്റ് ?
എന്താണ് ഞാന്‍ ചെയ്ത തെറ്റ് ?
എന്താണ് ഞാന്‍ ചെയ്ത തെറ്റ് ?

No comments:

Post a Comment