ഏതോ സ്വപ്നം കരയുന്നു.
എന്നിലേതോ കനലെരിയുന്നു.
ഓര്‍മ്മകളില്‍ തിളങ്ങുന്ന
വദനത്തില്‍നിന്നും
കണ്ണുനീര് പൊഴിയുന്നു.
അശ്രുക്കള്‍ നിറഞ്ഞെന്
മാനസം ഇരുളുന്നു.
ശബളിതമാം പൂക്കള്‍
വിരഹവേദനതന്‍
ആധിക്യത്താല്‍
പരിധൂസരമാകുന്നു.
ദളങ്ങള്‍ പൊഴിഞ്ഞു
വികൃതമാം സുമങ്ങള്
ഒരു കുന്നായ്, ഓര്‍മ്മകളെ
മോടിയേറുമോര്മ്മകളെ
അപ്രത്യക്ഷമാക്കുന്നു.
നിശ്ശബ്ദമായെന്
മനസ്സില്‍ ഇടറും
സ്വരങ്ങള്‍ മൂളുന്നു,
ഏതോ വിരഹഗാനം.
നെഞ്ചിലെതോ
ഹൃദയത്തിന് താളം
ക്രമരഹിതമായി മിടിയ്ക്കുന്നു.
ആ മിടിപ്പിന് സ്വരങ്ങള്‍
എന്നിലെ വേദനയെ
പരകോടിയിലെത്തിക്കുന്നു.
ഓര്‍മ്മകളില്‍ തെളിയും
വദനമോതും സ്വരങ്ങള്‍
നിശ്ശബ്ദമായെന്
ഹൃദയഭിത്തികളില്‍
പെരുമ്പറ മുഴക്കുന്നു.
തിളങ്ങുന്ന കണ്ണുകളില്‍
വേദനതന്‍ ബിന്ദുക്കള്‍
ഉരുണ്ടുകൂടിയിരിക്കുന്നു.
ആ നേത്രങ്ങള്‍
പറയും വിരഹകഥ
ഏതോ പ്രണയനാടക -
ത്തിലെ ശോകകരമായ
അന്ത്യരംഗമാകുന്നു.
യവനിക വീഴും മുമ്പേ
വിരഹതാപത്താല്‍
നീറിപ്പിടഞ്ഞുരുകുന്ന
നായിക ചൊല്ലും പദങ്ങള്‍
നിശ്ശബ്ദമാണെങ്കിലും
താരാപഥമണ്ഡലത്തിന്
അഷ്ടകോണുകളെയും
വിറകൊള്ളിക്കുന്ന
മേഘജ്യോതിസ്സുകളാകുന്നു.
ആ നിശ്ശബ്ദസ്വരങ്ങള്
എന്‍ ഹൃദയത്തെ
ആനന്ദഭരിതമാക്കും.
****************

No comments:
Post a Comment