Pages

24 June 2001

ചെങ്കനല്‍


 
എന്‍റെ ദു:ഖങ്ങള്‍ പങ്കുവയ്ക്കാന്‍
പ്രിയേ നീയെവിടെ?
തുടിക്കുന്ന നെഞ്ചിന്‍ വേദനകള്‍
നിന്നെക്കുറിച്ചു മാത്രം.
വിതുമ്പുന്ന അധരം ചൊല്ലുന്നതും
നിന്‍റെ പേര് മാത്രം.

അശ്രു പൊഴിക്കുന്നു നേത്രങ്ങള്‍
ഇടറുന്നു ശബ്ദങ്ങള്‍;
നിന്‍റെ സാമീപ്യത്തിനു
കൊതിക്കുന്നു ഞാന്‍.

എരിവേനല്‍പക്ഷിയാ-
യലയുന്നു ഞാന-
കലെയേതോ കോണില്‍ മറഞ്ഞിരിക്കും
നിന്നെയും തേടി.

വിരഹത്താല്‍ കേഴുന്ന മാനസത്തിന്‍
വേദന നീ അറിയുന്നില്ലല്ലോ.
ഇടമുറിയാതെ മിടിച്ചയെന്‍
ഹൃദയതന്ത്രികള്‍ നിലച്ചതും
മിന്നിത്തിളങ്ങിയയെന്‍ നേത്രങ്ങ-
ലശ്രു പൊഴിക്കുന്നതുമ-
കലങ്ങളില്‍ മറഞ്ഞിരുന്നു
നീയറിയുവതെങ്ങനെ?

എന്‍റെ ആത്മാവിലെ
ദീപസ്തംഭമായിരുന്നു നീ.
എന്‍റെ ഹൃദയത്തിന്‍റെ
ആനന്ദസാഗരമായിരുന്നു നീ.

നീയില്ലാതെയെന്‍റെയാ-
ത്മാവെങ്ങനെയാനന്ദിക്കും.
ഏകാന്തതയുടെ വിരസതയില്‍
തപ്തമാനസനായിരിപ്പൂ ഞാന്‍,
നീയെന്‍ ചാരെയണയുന്ന
സുന്ദരമുഹൂര്‍ത്തവും കാത്ത്.

നിമിഷങ്ങളും ദിവസങ്ങളും
മാസങ്ങളും കടന്നുപോയ്,
കടലിന്‍റെ തിരകള്‍ കരയെ
ഉമ്മവച്ചു മടങ്ങും പോലെ.

എന്നില്‍ നിറയുന്ന കൊടുങ്കാറ്റും
നിന്‍റെ ശബ്ദത്തില്‍ നിശ്ചല-
മെന്നിലെരിയുന്ന കനലും
നിന്‍റെ തലോടലില്‍ വജ്രം.
നേത്രാമ്പുകള്‍  നിന്‍റെ
ദര്‍ശനമാത്രയില്‍ പവിഴങ്ങള്‍.

എന്നിട്ടുമിന്നു ഞാന്‍
വിരഹത്താല്‍ കേഴുന്നു,
നിന്‍റെയോര്‍മ്മകളില്‍ മുഴുകി
ദിനരാത്രങ്ങള്‍ തള്ളി നീക്കുന്നു.

എന്‍റെ സ്വപ്നങ്ങളില്‍ മറ്റൊരു
നായികയെങ്ങനെ വരു-
മെന്നുമെന്നും നിന്നെമാത്ര-
മോര്‍ക്കുന്നു ഞാന്‍.
നിന്‍റെ ശാലീനസൌന്ദര്യം
മറ്റാരിലും കണ്ടെത്താ-
നെനിക്ക് സാധിക്കില്ലെ-
ന്നെന്‍റെയാത്മം ചൊല്ലുന്നു.
നിന്‍റെ തരളഗാത്രമിനിയെന്നു
ഞാന്‍ ദര്‍ശിക്കും.
നിന്‍റെ മനോഹരവദന-
മിനിയെന്നു ഞാന്‍ കാണു-
മിനിയെന്നു നീയെന്നരികില്‍
വരുമെന്നെ തഴുകും.
എന്‍റെ കാത്തിരിപ്പ-
വസാനിക്കുന്നതെന്നാവും.
നിന്‍റെ സാമീപ്യം
കൊതിക്കുകയാണ് ഞാന്‍.

അകലങ്ങളില്‍നിന്നു നീ-
യരികില്‍ വരൂവെന്‍റെ
ഹൃദയത്തില്‍ നീ
വീണ്ടും സന്തോഷം നിറയ്ക്കൂ-
യെന്‍റെയാത്മാവിലെ മണിദീപിക
തെളിയ്ക്കൂ നീ വീണ്ടും.
താളത്തിലെന്‍റെ
ഹൃദയതന്ത്രികള്‍ മിടിയ്ക്കുവാന്‍
നിന്‍റെ സാമീപ്യത്തിനുമാത്രമേ
കഴിയൂയെന്നോമനെ,-
യെന്‍റെ ആത്മാവിന്‍റെ
രോദനങ്ങളവസാനിക്കാന്‍
മന്ദസ്മേരവുമായ് നീ-
യെന്നരികില്‍ വരൂ.

നിന്‍റെ പാദപദനശബ്ദത്തിനായ്‌
ഞാന്‍ കാത്തിരിക്കുന്നു.
ആ നെഞ്ചിലെ താളത്തിനായ്
ഞാന്‍ കാതോര്‍ത്തിരിക്കുന്നു.
ആ മുഖത്തിന്‍റെ ദര്‍ശനത്തിനാ-
യെന്നുള്ളം കൊതിക്കുന്നു.
ആ മിഴികളുടെ തിളക്കം
കാണാന്‍ ഞാനാഗ്രഹിക്കുന്നു.

പുഞ്ചിരിയൂറുന്നധരങ്ങളുമായി,
വിടര്‍ന്ന മിഴികളുമായി,
പ്രണയത്തിന്‍റെ
സ്നേഹസാന്ത്വനസ്പര്‍ശവുമായി
നീയെത്രയും പെട്ടെന്നെന്‍
സമീപത്തെത്തിയിരുന്നെങ്കി-
ലെന്‍റെ സ്വപ്നങ്ങളെല്ലാം
വര്‍ണചിറകുകളോടെ
വാനില്‍ പാറിപ്പറക്കു-
മാകാശപ്പറവകളെപ്പോലെ  .

എന്‍റെ ഹൃദയത്തിലെരിയുന്ന
ചെങ്കനലിനെ കെടുത്താന്‍
നിന്‍റെ തൂമന്ദഹാസത്തിനും
സ്നേഹസ്പര്‍ശത്തിനും മാത്രമേ
സാധിക്കുകയുള്ളൂയെന്നെന്‍
മാനസമാവര്‍ത്തിക്കുന്നു.
നിന്‍റെ വിരഹത്തിന്‍ ദു:ഖത്താല്‍
തപിച്ചെരിഞ്ഞതാണെന്‍റെ
ഹൃദയത്തിലെരിയുന്ന
വേദനയുടെ ചെങ്കനല്‍.
കരളിന്നാശ്വാസമേകുമീ
തരളസാന്ത്വനസ്പര്‍ശം
ഒരുനാളും നിലയ്ക്കാതെ
നിലനിന്നിരുന്നെങ്കില്‍.
ജീവിതാന്ത്യം വരെയും നീ-
യെന്നോടൊപ്പമീ ധരയി-
ലെന്‍മാനസചോരയാ-
യെന്‍ പ്രിയപത്നിയാ-
യെന്‍ ജീവശ്വാസമായ്,
ഹൃദയത്തിനുടമയാ-
യെന്‍റെയാത്മാവിന്‍റെ
അന്ധകാരമവസാനിപ്പിക്കും നാളമായ്;
കൂടെചേരുമോയെ-
ന്നമൃതവാഹിനിയായ്.

നിനക്കായ്‌ മാത്രം
മിടിക്കുമെന്‍ ഹൃദയവീചികള്‍.
നിന്‍റെ സന്തോഷത്തില്‍
ത്രസിച്ചാനന്ദിക്കുമെന്നാത്മം.
എന്‍റെ ഹൃദയമണിക്കോവില്‍
നിനക്കായ്‌ മാത്രം തുറക്കുന്നു.
ഹൃദയമണിയറയുടെയ-
റകള്‍ നിന്‍റെ മാത്രം സ്വന്തം.
ആത്മവിപഞ്ചികയുടെ
തന്ത്രികള്‍ നിനക്കു മീട്ടാന്‍ മാത്രം.

നീവരും ശബ്ദവിന്യാസം
കേള്‍ക്കുവാന്‍ കാതുകൂര്‍പ്പിച്ചു,
നിന്‍റെ രൂപം കാണാന്‍
കണ്ണുതുറന്നിരിക്കുന്നു ഞാന്‍.
ഈ മാനസത്തിലെരിയും
ചെങ്കനലണയാന്‍ നിന്‍റെ സാമീപ്യ-
മാണെനിക്കേറ്റവുമത്യാവശ്യ-
മെന്‍ പ്രിയസഖി.

*******************************

No comments:

Post a Comment