Pages

19 July 2001

അമൃതവാഹിനി



സ്നേഹിച്ചു സ്നേഹിച്ചു
നിന്നെ ഞാന്‍ വിഗ്രഹമാക്കാം.
പ്രേമിച്ചു പ്രേമിച്ചു
നിന്നെ പൂജിക്കാം.
ഹൃദയകോവിലിലെ
പൂജാബിംബമായി
നിന്നെയാരാധിക്കാം.
നീയാം വിഗ്രഹത്തില്‍
ദിനവും ഹാരങ്ങള്‍
ഞാനര്‍പ്പിക്കും.
ആര്‍ഭാടപൂര്‍ണ്ണമായി
നിന്നെ ഞാന്‍
വസ്ത്രധാരണം ചെയ്യിക്കും.
നിന്‍ തളിര്‍മേനിയില്‍
തിളങ്ങുന്ന, കിലു-
കിലെ കിലുങ്ങുന്ന
സ്വര്‍ണ്ണാഭരണങ്ങള്‍
ഞാന്‍ നിറയ്ക്കും.
നിന്‍റെ വിരലുകളില്‍
രത്നക്കല്ലുകള്‍
നിറച്ചംഗുലീയങ്ങള്‍
ഞാനിടീക്കാം.
നിന്‍റെ അണിവിരലില്‍
എന്‍റെ നാമമെ-
ഴുതിയ ഗഡുകം
ഞാനണിയിക്കാം.

സ്നേഹിച്ചു സ്നേഹിച്ചു
നിന്നെ ഞാനൊരു
മന്ദാരമലരാക്കം.
പ്രേമിച്ചു പ്രേമിച്ചു
നിന്നെ പൂജിക്കാം.
നിന്‍റെ സീമന്തത്തില്‍
സിന്ദൂരതിലകക്കുറി
എന്‍ വിരലാല്‍ ചാര്‍ത്താം.
നിന്‍ പ്രിയനാഥനായി
എന്നും ഞാന്‍
നിന്നോടൊപ്പം വാഴാം.
നിന്‍റെ ദേവനായി
നിന്‍റെ നാഥനായി
ആരാധനാമൂര്‍ത്തിയായി
ഞാന്‍ കുടിയിരിക്കാം.

പ്രേമിച്ചു പ്രേമിച്ചു
നിന്നെ പൂജിക്കാം.
സ്നേഹിച്ചു സ്നേഹിച്ചു
ആത്മശ്രീകോവിലിലെ
പൂജാവിഗ്രഹമാക്കം.
പാലും നെയ്യും
മുല്ലപ്പൂക്കളും
കൊണ്ടു നിന്നെ
ഞാന്‍ പൂജിക്കാം.
അവിലും മലരും
ത്രിമധുരവും ഞാന്‍
നിനക്കു നേദിക്കാം.

നിന്‍ സന്നിധിയില്‍
ഞാന്‍ ഹൃദയമാം
ഉടുക്ക് കൊട്ടാം.
എന്റെയാത്മകഥ
നിന്നെ ഞാന്‍
പാടിക്കേള്‍പ്പിക്കാം.
എന്‍റെ വിരഹ-
നൊമ്പരങ്ങള്‍
നിനക്കു ഞാന്‍
കഥകളായി
പറഞ്ഞുതരാം.
എന്‍റെ മാറില്‍
നിന്‍റെ ശിരസ്സ്‌
ചായിച്ചു, നിന്നെ,
താരകള്‍ കണ്ണുചിമ്മും 
രാവുകളില്‍, ഉറക്കാം.
പ്രണയപരവശനായി
ഞാന്‍ നിനക്ക്
സ്വപ്‌നങ്ങള്‍ നല്‍കാം.

പ്രേമിച്ചു പ്രേമിച്ചു
നിന്നെ പൂജിക്കാം.
സ്നേഹിച്ചു സ്നേഹിച്ചു
ആത്മശ്രീകോവിലിലെ
പൂജാവിഗ്രഹമാക്കാം.
നിന്നെ ഞാനൊരു
മന്ദാര മലരാക്കാം. 
നിന്‍റെ പാദസ്പര്‍ശമേറ്റ 
മണ്‍തരികളെല്ലാം
പെറുക്കിക്കൂട്ടിയവയെ
പൂജ്യവസ്തുവാക്കാം.
പൂജിച്ചവയെ
ദേവിവിഗ്രഹമാക്കാം.

നിന്‍റെ സ്മരണക-
ളയവിറക്കിക്കൊണ്ട -
വയെ ഞാനൊരു
മലര്‍ഹാരമാക്കി
നിന്‍ ഗളത്തില-
ണിയിക്കാം.
നിന്‍റെ നിര്‍മ്മാല്യം
ഞാന്‍ പ്രസാദമാക്കാം.
നിന്നെ ഞാന്‍
ആത്മനിര്‍വൃതിതന്‍
കയങ്ങളില്‍
നീന്തിത്തുടിപ്പിക്കാം.
സ്നേഹിച്ചു സ്നേഹിച്ചു
നിന്നെ ഞാനൊരു
അമൃതവാഹിനിയാക്കാം.

^^^^^^^^^^^^^^^^^^^^^^^^

No comments:

Post a Comment