Pages

16 July 2001

കാമുകി




നിന്‍റെ ഹൃദയത്തിന്‍റെ സ്പന്ദനങ്ങള്‍ക്കായി
ഞാന്‍ കാതോര്‍ത്തു;
പക്ഷെ,
അവ വിദൂരത്തായിരുന്നു.
നിന്‍റെ അധരങ്ങളില്‍
നിന്നിറ്റു
വീഴുന്ന മന്ത്രണങ്ങള്‍ക്കായി
ഞാന്‍ കൊതിച്ചു;
പക്ഷെ,
അദൃശ്യമായ ഗിരിശൃംഗങ്ങളില്‍ത്തട്ടി
അവ തകര്‍ന്നുപോയി.

നിന്‍റെ
അര്‍ദ്ധനിമീലിതനയനങ്ങളില്‍നിന്നുള്ള
അനുഭൂതി പകരുന്ന
നോട്ടങ്ങള്‍ക്കു വേണ്ടി
ഞാന്‍ കാത്തിരുന്നു;
പക്ഷേയവ
ലക്‌ഷ്യം തെറ്റി
പൃഥ്വിയുടെ;
അല്ല,
ആകാശമണ്ഡലത്തിന്‍റെ
അദൃശ്യമായ
ഏതോ കോണിലേക്ക്
കുതിച്ചുകൊണ്ടിരുന്നു.

നിന്‍റെ
മാര്‍ദ്ദവമേറിയ കരങ്ങളുടെ
തരളമായ,
ശാന്തമായ,
സാന്ത്വനസ്പര്‍ശമേറ്റു
കുളിര്‍ക്കൊള്ളാന്‍
എനിക്കാവില്ലേ?

എന്‍റെ സിരകളില്‍
നിന്നോടുള്ള
സ്നേഹത്തിന്‍റെ ചുവന്നരേണുക്കള്‍
ഒഴുകിക്കൊണ്ടിരുന്നു.
എന്നിട്ടും,
നീയെന്തേ
എന്നെ തിരിച്ചറിയുന്നില്ല.

നിന്‍റെ നിഴലായി,
നിനക്ക് താങ്ങായി,
തണലായി
എന്നും ഞാന്‍
നിനക്കൊപ്പമുണ്ടായിരുന്നു.
കാരണം,
നീയെന്‍റെ
കാമിനിയായിരുന്നു,
കാമുകിയായിരുന്നു,
ജീവിതസഖിയായിരുന്നു,
എന്നാത്മനാദതാളലയമായിരുന്നു.

No comments:

Post a Comment