Pages

04 January 2002

ചെമ്പനിനീര്‍



ഓര്‍ക്കുന്നുവോ പ്രേമഭാജനമേ, നാമാ-
ദ്യമായിക്കണ്ടുമുട്ടിയ സായംസന്ധ്യ.
ആര്‍ക്കനസ്തമിക്കും നേരം നാമിരുവരും 
ആഴിക്കരികിലൂടെ നടന്നുകൊണ്ടിരുന്നതും 

അലയടിച്ചുവരുന്ന തിരമാലകള്‍ തഴുകി 
തവ തങ്കക്കൊലുസുകള്‍ പുഞ്ചിരിച്ചതും 
നിന്‍ കരിങ്കൂന്തലിലൂടെയെന്‍ വിരലുകളി-
ഴഞ്ഞതും നിന്‍ മടിയില്‍ക്കിടന്നു ഞാന്‍ 

മയങ്ങിയതുമോര്‍മ്മയില്‍ തെളിയുന്നുവോ.
എത്രയോ യുവജോഡികള്‍ നമുക്കരികിലൂടെ-
ക്കടന്നുപോയി; ആരിലും ശ്രദ്ധ പതിപ്പിക്കാതെ 
നാമും നമ്മുടേതു മാത്രമാം ലോകത്തില്‍ 

നമ്മുടെതാം ചിന്തകളില്‍ മുഴുകിയലഞ്ഞു.
നാമാരെയും കണ്ടില്ല , നമ്മെയെല്ലാരും 
കണ്ടെന്നാകിലുമാരെയും ശ്രദ്ധിച്ചില്ല നാം,
നമ്മെയെല്ലാരും ശ്രദ്ധിച്ചിരുന്നെങ്കിലും .

അന്നിരുള്‍ വീഴുന്ന നേരമായിരുട്ടില്‍ 
നീയെന്‍ വലതുകവിളിലേകിയ ചുടു-
ചുംബനമിന്നുമെന്‍ സ്മൃതിപഥത്തിലുണ്ട്.
അന്ന് നാമിരുവരും വേര്‍പിരിഞ്ഞകലും

മുമ്പ് നിനക്ക് ഞാനേകിയ ചെമ്പനിനീര്‍
പുഷ്പമിന്നും അമൂല്യസമ്പത്തായിക്കരുതി 
നീ സൂക്ഷ്മതയോടെ  സൂക്ഷിച്ചിരിക്കുന്നോ?
അടുത്ത പ്രഭാതത്തിലോമനെ, നിന്നെ 

കാണുവാന്‍ വന്നപ്പോളെന്‍റെ കരങ്ങളില്‍ 
ചെമന്ന പനിനീര്‍പ്പൂക്കളെത്രയെണ്ണ -
മുണ്ടായിരുന്നെന്നു നീയോര്‍ക്കുന്നുണ്ടോ?
നാമിരുവര്‍ക്കുമിടയിലെയീയന്തരമിതെത്ര 

കാലം തുടരുമെന്നെനിക്കോ നിനക്കോ അറിയില്ല.
തവദു:ഖാര്‍ത്തമാനസം കാണുവാനെനിക്കില്ലേതും
കരുത്തും കെല്‍പ്പുമെന്നറിക സഖീ, കാണില്ല നിന്നെ.
എങ്കിലും കാണാതെ ഞാന്ജീവിക്കുവതെങ്ങനെ.

നിന്‍ ദര്‍ശനമാണെന്നുച്ച്വാസവായു.
എന്നാണു മല്‍പ്രിയെ, നാമിരുവര്‍ക്കുമിടയിലെ 
വേര്‍പാടിന്‍ ഗോപുരം തകര്‍ന്നടിയുക.
എന്നാണു നിന്നെ ഞാന്‍ ഒരു ചെണ്ട്

ചെമ്പനീര്‍പ്പൂക്കളും നീ ചുണ്ടില്‍ 
ചുംബനകുസുമങ്ങളുമായി വീണ്ടും കാണുക.
ആ ദിവസത്തിന്‍റെ കാരാഗൃഹവാടങ്ങള്‍
തുറക്കപ്പെടാനായി പ്രാര്‍ത്ഥിക്കുന്നു മേ.

No comments:

Post a Comment