എങ്ങോട്ടാണ് നിന്‍റെ മുടിയിഴകളെ തഴുകിയൊഴുകുന്നത്?
ഏതു സ്വപ്നങ്ങളിലാണ് നിന്‍റെ കരിനീലമിഴികള്‍ തെളിയുന്നത്?
ഏതു സ്വര്‍ഗ്ഗത്തില്‍ നിന്നാണ് നിന്‍റെ മസൃണനാദമെത്തുന്നത്?
ഏതു മന്ദമാരുതനാണ് നിന്‍റെ സന്ദേശവും പേറിയെത്തുന്നത്?
ഏതു മേഘമാണ് നിന്‍റെ കവിതകള്‍ വഹിച്ചുനീങ്ങുന്നത്?
നിന്‍റെ സ്നേഹത്തിന്‍റെ ഗാനം ഞാന്‍ കാതുകളില്‍ കേള്‍ക്കുന്നു .
നിന്‍റെ സൌന്ദര്യം ഞാനെന്‍റെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളുന്നു.
നിന്‍റെ മിഴികളുടെ തിളക്കം ഞാന്‍ കണ്ണുകളില്‍ ഒളിപ്പിച്ചിരിക്കുന്നു.
നിന്‍റെ കവിതകളുടെ വരികള്‍ ആത്മാവില്‍ ഗാനം ചെയ്യുന്നു .
നിന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ വര്‍ണങ്ങള്‍ ചാര്‍ത്തുന്നു.
നിന്‍റെ സാമീപ്യങ്ങളില്‍ ഞാന്‍ അതിരറ്റാഹ്ലാദിക്കുന്നു.
ഇരുണ്ട തീരങ്ങളില്‍, നനഞ്ഞ സന്ധ്യകളില്‍ , ഏകാന്തതകളില്‍,
നമ്മള്‍, നമ്മില്‍ മാത്രമായി ജന്മങ്ങള്‍ ഹോമിച്ചിരിക്കുന്നു.
ഒടിഞ്ഞ ചിറകുകളില്‍, ചിതറിയ തൂവലുകളില്‍ , ഒഴിഞ്ഞ കൂടില്‍
നമ്മള്‍, നമ്മുടെ സ്വപ്‌നങ്ങള്‍ അനാവൃതമാക്കിയിരിക്കുന്നു.
ഇലപൊഴിയുന്ന ശിശിരങ്ങളില്‍ നമ്മള്‍ കൊഴിഞ്ഞു വീണു.
അത്യുഷ്ണങ്ങളില്‍ നമ്മള്‍ വിയര്‍പ്പുചാലുകള്‍ നീന്തി.
ആദ്യമഴയില്‍ നമ്മുടെ ജീവവായു ഉയിര്‍ത്തെഴുന്നേറ്റു.
വസന്തങ്ങളില്‍ നമ്മുടെ പ്രണയം പൂത്തുലഞ്ഞു.
നമ്മുടെ സ്വപ്‌നങ്ങള്‍ സുഗന്ധപൂരിതങ്ങളായി, പ്രഭാപൂര്‍ണങ്ങളായി.
നമ്മുടെ ഗന്ധങ്ങള്‍ക്കു തമ്മില്‍ വേര്‍തിരിവില്ലാതെയായി.
നമുക്കിടയില്‍ കാറ്റിനുപോലും ഇടമില്ലാതെയായി.
പിരിയാന്‍ കഴിയാത്ത വിധം നാം ഒന്നായി.

No comments:
Post a Comment