Pages

24 December 1999

മധുരപ്രതീക്ഷകള്‍

 date:n.a.


മറന്നില്ല ഞാന്‍ നിന്നെ 
വര്‍ഷങ്ങളേറെക്കഴിഞ്ഞിട്ടും.
മറക്കില്ല ഞാന്‍ നിന്നെയൊരിക്കലും.

നീയെന്‍ ഹൃദയത്തിന്‍ 
സേതുബന്ധനത്തില്‍ കുടുങ്ങീടവേ 
മറവിയെന്ന അനുഗ്രഹമേകാന്‍ 
എന്തേ ഈശ്വരനോര്‍ത്തില്ല.

നിന്നോര്‍മ്മയാല്‍ ഞാന്‍ തപ്ത-
മാനസനായ്ക്കഴിയുവാനോ; ജന്മം
ഈ ധരയില്‍ അലയുവാന്‍,
വിധിച്ചതെനിക്കിതോ ദേവകള്‍.

എന്‍റെയോരോ ഹൃദയസ്പന്ദനവും
നിന്‍റെ പേര് വിളിച്ചോതുന്നു.
എന്‍ തിരുനെറ്റിയില്‍ കുറിച്ചതോ
നിന്‍റെയാ പേര് മാത്രം.

നീയിന്നെന്‍റെ ആത്മാവിന്‍റെ
വിലാപകാവ്യമായിത്തീര്‍ന്നിതാ.
ഏതോ അപൂര്‍ണ്ണഗാനമാണ് നീ.
എന്‍ നെഞ്ചിലെ ചൂടില്‍
നിന്നോര്‍മ്മകളെന്തേ കരിഞ്ഞില്ല.

എന്‍റെ അധരങ്ങളില്‍ നിന്നും
നിന്‍റെ ശബ്ദനാദങ്ങളിതാ
ഉയരുന്നു ചുറ്റിനും കോട്ടപോലെ.
നിന്‍റെ മൃദുമന്ത്രണങ്ങള്‍ ഞാന്‍
കേള്‍ക്കുന്നു; ഞാന്‍ ഭ്രാന്തനായോ?

ഏകാന്തയാമങ്ങളില്‍ ഞാന്‍
നിന്നെയെന്‍റെ കിനാക്കളില്‍ കണ്ടു.
നിര്‍മ്മലേ, നീയെന്നെ തലോടി.

സുപ്തോത്ഥിതഭാവതിലെന്‍
കണിയാണ് നീ, എല്ലാ ദിനവും
നിന്നോടുള്ള പ്രണയമെന്നെ
മത്തനാക്കുന്നു, നിന്‍ മധു
നുകര്‍ന്ന് ഞാന്‍ മത്തനായി.

നീയെന്‍റെ മടിയില്‍ തലചായ്ച്ചു
കിടന്നിരുന്ന സന്ധ്യകളോര്‍മ്മകള്‍.
എന്‍റെ വിരിഞ്ഞമാറില്‍
നിന്‍ വിരലുകള്‍ തഴുകുന്നതും
നീയെന്‍റെ കപോലങ്ങളില്‍
സമര്‍പ്പിച്ച ഓരോ ചുംബനവും
എങ്ങനെയാണ് വിസ്മൃതിയിലാവുക.

എന്നില്‍ നിന്ന് നീ ഏറെ ദൂരെ-
യാണെങ്കിലും, തപ്തനെങ്കിലും
നിന്‍റെ ഓര്‍മ്മകളില്‍ മാത്രമാണ്
ഞാനിപ്പോഴും ജീവിക്കുന്നത്.

നിന്‍റെ വരവിനായ് കാത്തിരിക്കുന്നു
തുടിക്കുമെന്‍ മനം.
ആ പൊന്‍പുലരികള്‍ക്കായ്‌ ഞാന്‍
കാത്തിരിക്കുന്നു; ഓ ജീവനേ
അത്ഭുതം കൂറുന്നു ഞാനെങ്ങനെ
നീയില്ലാതെ ഇത്രയും കാലം
ജീവിച്ചിരുന്നൂ ഈ പൃഥ്വിയില്‍.

യുഗങ്ങളേറെക്കഴിഞ്ഞതുപോലെ.
പക്ഷേ, ഓരോ യുഗവും ഞാന്‍
നിന്നെ മാത്രം ധ്യാനിച്ച കാമുകന്‍.
നിന്‍റെയോര്‍മ്മകള്‍ നല്‍കിയതാണീ
പുതുജീവന്‍, ജീവിച്ചിരിക്കുന്നു
ഞാന്‍ നിന്നെ വരവേല്‍ക്കാന്‍.

നിന്‍ ചുംബനത്തിന്‍ ലഹരി
അകന്നു പോയെന് ചുണ്ടില്‍നിന്നും
നിന്‍ പരിരംഭണത്തിന്‍ സുഖം
അകന്നുപോയെന്‍ ദേഹത്തില്‍
നിന്നും, ആത്മാവകന്നപോല്‍.

നിന്നെ പുണരാന്‍ ത്രസിക്കുമെന്‍
കൈകളില്‍ നിന്‍ ദേഹത്തിന്നിളം
ചൂടിപ്പോഴും തങ്ങിനില്‍പ്പുണ്ടോ?
നിന്‍ നേത്രങ്ങളിലെ ശാന്തത
ഇപ്പോഴും എന്‍റെ ചുണ്ടുകളിലുണ്ടോ?

*****

ഓ പ്രിയനേ, ഋതുക്കള്‍ നമുക്കായി
കൊഴിഞ്ഞുവീണതറിഞ്ഞില്ലേ നീ.
വസന്തങ്ങൾ നമുക്കായി പൂ ചൊരിഞ്ഞതും
വർഷങ്ങൾ മഴയായി പൊഴിഞ്ഞതും
എത്ര ദ്രുതഗതിയിലായിരുന്നു.

ഓ പ്രിയനേ, നിന്റെ ഒര്മകളെന്നെ
ആനന്ദത്തിന്റെ വീഞ്ഞ് കുടിപ്പിച്ചു.
നിന്റെ ചുംബനത്തിന്റെ ലഹരി
എന്റെ തലയ്ക്കു പിടിച്ചിരിക്കുന്നു.

നിന്റെ പക്കലെത്താൻ എന്നുള്ളം
സദാ ത്രസിച്ചുകൊണ്ടിരിക്കുന്നു.
നിന്നിൽ നിന്നകന്ന ഓരോ നിമിഷവും
എനിക്ക് ഏകാന്തതടവറയിലെ
യുഗങ്ങളെപ്പോലെയായിരുന്നു.

നിന്റെ മാറിൽ തലചായ്ക്കാൻ
ഞാൻ എത്രയും പെട്ടെന്ന് നിൻ
സവിധത്തി ലെത്തും, നിന്റെ ദൃഢമായ
ആലിംഗനങ്ങൾക്കായി എന്റെ
മൃദുലമായ ദേഹം വിറകൊള്ളുന്നു.

നിൻ  ഘനഗംഭീരശബ്ദം
ഞാൻ ചുറ്റിനും കേൾക്കുന്നിതാ.
ഏകാന്ത യാമങ്ങളിൽ ഞാൻ
നിന്നെയെൻ കിനാക്കളിൽ കണ്ടു.
സത്തമാ, നീയെന്നെ പുണർന്നു .

എൻ മാറിടത്തിന്റെ തുടിപ്പുകൾ
നിന്റെ നാമം വിളിച്ചോതുന്നു.
നീ എന്നിൽനിന്നും എത്രയോ
അകലെയാണ്, പക്ഷേ , നിന്റെ
ആത്മാവ് എന്നരികിൽത്തന്നെ
നങ്കൂരമിട്ട കപ്പൽകണക്കുണ്ട്.

നിന്റെ ചാരെ ഞാനണയുന്ന
പൊൻ പുലരികൾക്കായ്‌ ഞാൻ
കാത്തിരിക്കുന്നു; എന്റെ നാഥാ,
ആ പുലരികൾ ദ്രുതഗതിയിൽ
ചാരെ അണഞ്ഞെങ്കിൽ.
മധുരപ്രതീക്ഷകളായ് അവ
എന്നെ ആനന്ദഭരിതയാക്കുന്നു.


***********************************

No comments:

Post a Comment