Pages

24 December 1999

നിശാഗന്ധികള്‍

 date: n.a.


ഉയരുന്നു അന്ധകാരം
വന്‍ കോട്ടമതില്‍ പോലെ.
ഇരുളില്‍ സര്‍വ്വവും
ശ്യാമളവര്‍ണ്ണം, അസാദ്ധ്യം
ഒരു വസ്തുവെ കാണാന്‍.

നിലയ്ക്കാതെ നിർഗ്ഗളിക്കും
നിർഘോഷങ്ങളിൽ
നിഖിലചേതസ്സും
ഭീയാലാനകം മുഴക്കവേ
നിദ്രാവിഹീനരാം
നരിജാലങ്ങൾ
ഊളിയിട്ടു ; ചിറകടിച്ചു,
പറന്നുകൊണ്ടിരിക്കുന്നു
മൂങ്ങകളും വവ്വാലുകളും.
എവിടെനിന്നോ കേൾക്കുന്നു
കാലൻകോഴികളുടെ കൂവൽ.

സംവേശരഹിതനായ്
ഞാനിരിക്കുകയാണ്
എൻ കാമിനിതൻ മരന്ദ-
മൊഴുകും സ്മരണകളിൽ.
അഗ്നിയായ് നീയെന്നിൽ
ആളിപ്പടർന്നിറങ്ങുന്നു,
എന്നോ അതിഥിയായ്
മാത്രം കടന്നുവന്ന നീ.

തീച്ചൂളയിലിരിക്കുന്നു ഞാൻ
നിന്നോർമ്മകളിൽ നീറി-
പ്പിടയുന്നു ഞാൻ, അനിശം.
ഒരു പല്വലത്തിൽ നിന്നും
ഉയരുന്നില്ല മന്ദമാരുതൻ പോലും!
എൻ കരളിനാശ്വാസമേകുവാൻ
ഇല്ലയെങ്ങുനിന്നും ഗീതങ്ങൾ.

നികടത്തായ് നീയുണ്ടെങ്കിൽ
നിർശോകനായ് നിന്നേനെ
നിന്റെയീ നിർജ്ജരൻ.
വിഷധരങ്ങൾ  ചീറ്റുമീ
വിഷമേറ്റു  വീഴുന്നു ഞാൻ,
വിഷഹാരിയായ് വിണ്ടലകന്യകേ
വനവൃക്ഷങ്ങളോളം വേണി
വരാംഗത്തിലുള്ളവളേ ,
വീചികൾ ഹൃദയത്തിലുയർത്തി
വരൂ, നീ വരൂ.

നിഗ്രഹിച്ചു ഞാന്‍ സ്വപ്നങ്ങളെ,
അവ രക്തഭീജനെപ്പോല്‍
ഉയിര്‍ക്കുന്നു വീണ്ടും.
സൂര്യേന്ദുവിൻ  തിമിരവും
നിന്‍ കുന്തളത്തെ തോല്‍ക്കും.
നിന്‍ മിഴികളിലെ നീലിമ
വിഹായസ്സിനെ ജയിക്കും.
നിന്‍ സുന്ദരവദനകാന്തി
എന്‍ സങ്കല്‍പങ്ങളെ ജയിക്കും.

പിണങ്ങിപ്പിരിയാനും  മാത്ര-
മായോ നമ്മള്‍ ചേര്‍ന്നത്‌.
നിന്‍റെ മാനസസാര്‍വ്വഭൗമന്‍,
നിന്‍റെ മാനസകണ്ഠീവരൻ ഞാൻ.
ഇന്നു നീ അകലെ, ഞാനോ
ആതങ്ക വിവശനായ്‌
ആളീ , നിന്നെയോർത്തിരിക്കുന്നു .

ഗൗരവർണ്ണേ, പ്രിയതമേ,
വനപ്രിയനാദസ്വരൂപിണി
എങ്ങനെ നിന്നെ ഞാൻ
മറന്നിടും, നിന്റെ പ്രണയ
സൗരഭ്യം നീയെന്നിൽ
ചാർത്തിയതെങ്ങനെ
ഞാൻ വിസ്മൃതിയിലാക്കും.

നിശയുടെ വേദനപൂർണ്ണ
യാമങ്ങൾ എന്നുള്ളിൽ
നിറഞ്ഞുനിൽക്കുമ്പോൾ
ചുറ്റിനും ഘോരഘോഷങ്ങൾ
എന്നെ ചുട്ടുപൊള്ളിക്കവേ
ശ്വേതവർണ്ണേ നിൻവദനം
നീഹാരകണികയായ്
ജലതരംഗങ്ങളായ്
എന്നെ തണുപ്പിക്കുന്നു.

വിരഹവേദനയാൽ
സമസ്തവും മേചകമായി .
ഇരുളിൽ എവിടെയോ
നിശാഗന്ധികൾ പൂത്തുവിടർന്നു .
സൃഗാലവൃന്ദം അവയ്ക്ക് ചുറ്റും
നിനദമുയർത്തിയിരിക്കവേ
എൻഹൃത്തിൽ ഊർമികൾ
സ്മരണകൾതൻ തിരകൾ
പാരാവാരതരംഗങ്ങൾ
നിറഞ്ഞു നിൽക്കവേ
മറ്റൊരു നിശാഗന്ധിയായ്
ഞാനുമീയന്ധകാരത്തിൽ
വസിരമായി ലയിച്ചു.

##################### 

No comments:

Post a Comment