Pages

09 September 2001

ദു:ഖം


ചുംബനങ്ങള്‍ക്കു ലഹരിയില്ല
പരിരംഭണങ്ങള്‍ക്കു ചൂടില്ല
ഉള്ളതോ വേര്‍പാടിന്‍ ദു:ഖം മാത്രം
കരയുമാത്മാവിന്‍ തേങ്ങല്‍ മാത്രം
നീയില്ലാതെയെന്‍ മാനസത്തില്‍
ഇരുളാണിരുള്‍ മാത്രം
വിരഹത്തീയിലുരുകും മഞ്ഞുപ്രതിമകള്‍ മാത്രം
നൃത്തമാടും നിഴല്‍രൂപങ്ങള്‍ മാത്രം

വിരഹത്തിന്‍ കാണാക്കയങ്ങളില്‍
ഞാന്‍ നിനക്കായ്‌ മുങ്ങിത്താഴ്ന്നു.
ഏകാന്തതയുടെ ഇരുട്ടു മുറിയില്‍
നിനക്കായ്‌ ഞാന്‍ ബന്ധിതനായി.
സ്മരണകളുടെ സൌവ്വര്‍ണ്ണരേഖക -
ളെനിക്ക് നിത്യയൌവ്വനം നല്‍കുന്നു.

ഇരുള്‍കൊണ്ട് മൂടുമീ വ്യോമവു -
മെന്‍ മാനസവുമൊരുപോലെ.
ചിതയെരിയുന്ന ഭൂമിതന്നേതോ
കോണില്‍ കഴുകന്മാര്‍ നിരന്നിരിക്കുന്നു.
തകര്‍ന്ന അസ്ഥിമാടങ്ങള്‍ക്കരികില്‍
ചെന്നായ്ക്കള്‍ നാവുനീട്ടിയിരിക്കുന്നു.
അകലെ വിലാപഗാനമുയരുന്നു.

ആഴക്കടലിന്‍കരയിലിപ്പോള്‍ 
തിരമാലകള്‍ തന്നാരവം മാത്രം.
ദു:ഖം മാത്രം, ദു:ഖം മാത്രം
ലോകമെങ്ങും അന്ധകാരം മാത്രം.
പടരും ദു:ഖത്തിന്നിരുള്‍ മാത്രം.
നിറയും വിരഹത്തിന്നഴല്‍ മാത്രം.

****

No comments:

Post a Comment