Pages

01 September 2001

വിരഹഗീതങ്ങള്‍


നിതാന്തനിശ്ശബ്ദമാമീ വിജനതയിലേതോ
കവിയൊരു വിരഹഗീതം പാടുന്നു.
ഇരുള്‍ മൂടിയ നിശീഥിനിയിലെവിടെയോ 
സൃഗാലവൃന്ദം ഓലിമുഴക്കുന്നു.
പടിഞ്ഞാറെ ചക്രവാളത്തിനുമപ്പുറം 
വളര്‍ന്നയേതോ മാമലയില്‍ ഉരുള്‍പൊട്ടുന്നു.
ഏതോ ആറ്റിന്‍കരയില്‍ അഗ്നി 
ആരുടെയോ ചിതയെരിക്കുന്നു.
അകലെയേതോ ക്ഷേത്രത്തിലാരോ
മരണത്തിന്‍ ശംഖൊലി മുഴക്കുന്നു.
ഏതോ അടര്‍ക്കളത്തില്‍ യുദ്ധാ-
രംഭത്തിന്‍ പടഹധ്വനിയുയരുന്നു.
പിന്നെയും പുഴയേതോ ലക്‌ഷ്യത്തിലേക്ക്‌
കരിഞ്ഞ ഓര്‍മ്മകളുമായൊഴുകുന്നു.
കുന്നിന്‍ചെരിവിലെ പള്ളിയില്‍നിന്നും 
വാടിത്തളര്‍ന്ന ഓട്ടുമണി കരയുന്നു.
പുഴയുടെ കരയിലിരുന്നേതോ കാമുകന്‍ 
തന്‍ പ്രിയയെയോര്‍ത്തു വിലപിക്കുന്നു.
എവിടെയോയൊരു ക്ഷേത്രാങ്കണത്തിലെ 
ആല്‍മരത്തിലിലകള്‍ പൊഴിയുന്നു.
അകലെ മഞ്ഞുമൂടിയ ഹിമശൃംഗങ്ങളിലെ 
മഞ്ഞിന്‍പാറകലുരുകിയൊലിക്കുന്നു.

നിശീഥിനിതന്നിരുളിലെ വിജനതയി-
ലൊരു കവി വിരഹഗീതം പാടുന്നു.
മഞ്ഞുമൂടിയ ഹിമസാനുക്കള്‍ക്കപ്പുറം 
തപസ്സിലേര്‍പ്പെട്ട മുനികള്‍ നിലംപതിക്കുന്നു.
പിന്നെയും പിന്നെയും മരച്ചില്ലകളിലിരുന്നൊരു
പ്രാവേതോ ഓര്‍മ്മകളില്‍ കണ്ണീരൊഴുക്കുന്നു.
വനത്തിന്‍റെ ഭീകരതയിലൊരിണക്കുയില്‍ 
കാട്ടാളന്‍റെ അമ്പേറ്റു പിടയുന്നു.
തന്‍പ്രിയന്‍റെ വിരഹത്തിലൊരു സര്‍പ്പം 
കല്ലില്‍ തലതല്ലിക്കരയുന്നു.
ചിതയെരിയുന്ന ഭൂമിയില്‍ ഒഴുകിയെത്തിയ 
പുഴ രണ്ടായിപ്പിരിഞ്ഞൊഴുകുന്നു.
ആരെയോ തേടിയൊരു വേനല്‍പക്ഷി
ആകാശത്തില്‍ ചുറ്റിത്തിരിയുന്നു.
ഏതോ ശോകാന്തനാടകത്തിലൊരു
നായിക മനമുരുകിക്കേഴുന്നു.
മേഘാവൃതമായ ഇരുണ്ടരാത്രിയില്‍
ഒരൊറ്റനക്ഷത്രം കണ്ണുചിമ്മുന്നു.
അകലെയേതോ ചക്രവാളസീമയില്‍ 
ഒരു ചക്രവാകപ്പക്ഷി ചിലയ്ക്കുന്നു.
കാനനത്തിന്റെ അതിര്‍ത്തിയിലൊ -
രൊറ്റക്കൊമ്പന്‍ അലറുന്നു.
തണുത്ത രാത്രിയിലെവിടെയോ 
കുറെ നീലക്കുറിഞ്ഞികള്‍ വിടരുന്നു.
അതിനടുത്തേതോ ചെരിവില്‍ 
വാടിയ ശംഖുപുഷ്പങ്ങള്‍ കൊഴിയുന്നു.
പുഴയുടെ കരയിലിരുന്നു പാടും
കവിയുടെ വിരഹം ഗദ്ഗദമായിപ്പടരുന്നു .

No comments:

Post a Comment