Pages

30 April 2003

അപരിചിതന്‍


"ആരുമറിയാതെ ഞാന്‍ വന്നു,
ഞാനറിയാതെ നീ പോയ്മറഞ്ഞു."









I
       സ്റ്റോപ്പില്‍ ബസ് നിര്‍ത്തി.
       അവിടെ ഇറങ്ങാന്‍ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
       ഒരു അപരിചിതന്റെ മുഖഭാവത്തോടെ അയാള്‍ ചുറ്റും നോക്കി.
       ബസ് പോയിക്കഴിഞ്ഞിരുന്നു.
       അയാള്‍ ആസ്വാദ്യതയോടെ ശ്വാസമെടുത്തു. ഗ്രാമത്തിന്റെ ഗന്ധം.
       അയാള്‍ക്ക്‌ മുപ്പതു വയസ്സ് പ്രായമുണ്ട്. ചുവപ്പില്‍ വെള്ളവരകളുള്ള ഷര്‍ട്ടും ഇളം നീല ജീന്‍സുമായിരുന്നു അയാളുടെ വേഷം.
       ചുവപ്പ്, ആരതിയുടെ ഇഷ്ടനിറം. 
       അയാള്‍ ഒരു നിമിഷം ആരതിയെ ഓര്‍ത്തു.
       ക്ലീന്‍ ഷേവ്, കാറ്റില്‍ പാറിപ്പറക്കുന്ന തലമുടി.ദൂരയാത്രയുടെ ക്ഷീണം മുഖത്ത് വ്യക്തമായിരുന്നു.
       കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തന്‍റെ ഗ്രാമത്തിനു വന്ന മാറ്റങ്ങളെ അയാള്‍ കൌതുകത്തോടെ നോക്കിക്കണ്ടു.
       ഒട്ടൊരു ശങ്കയോടെ അയാള്‍ നടത്തമാരംഭിച്ചു. 
       പഴയ ചെമ്മണ്‍പാത ഇന്നില്ല, പകരം ടാറിട്ട റോഡാണ്. നിരത്തിനിരുവശവും ഉണ്ടായിരുന്ന മുള്‍വേലികളും അപ്രത്യക്ഷമായിരിക്കുന്നു. അവിടെയെല്ലാം ഒരാള്‍പൊക്കമുള്ള മതിലുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു.
       അയാള്‍ നടന്നു അമ്പലത്തിനു മുന്നിലെത്തി. ഒരു നിമിഷം കണ്ണടച്ച് നിന്നശേഷം മുന്നോട്ടു നടന്നു.അമ്പലക്കുളത്തിന്‍റെ അടുത്തെത്തി.
       അയാള്‍ ഒരു നനുത്ത പുഞ്ചിരിയോടെ കവിളില്‍ തലോടി. അയാള്‍ ആരതിയെ ഓര്‍ത്തു; അവളുടെ ആദ്യ ചുംബനത്തെയും.
       അയാള്‍ നെടുതായി നിശ്വസിച്ചു.വീണ്ടും നടന്നു. പിന്നെ, എന്തോ ഓര്‍ത്തിട്ടെന്ന പോലെ തിരിഞ്ഞ് അയാള്‍ അമ്പലക്കുളത്തിനടുത്തേക്ക് നടന്നു.
       അവിടെ അയാള്‍ എന്തോ അന്വേഷിച്ചു. കണ്ടെത്തിയപ്പോള്‍ സംതൃപ്തിയോടെ തലകുലുക്കി. അതൊരു ചാമ്പമരമായിരുന്നു.

II

       "ഞാന്‍ നിന്നെ പ്രേമിച്ചോട്ടെ?"
       അവന്‍ ചോദിച്ചു.
       അവള്‍ ചിരിച്ചു. അവളുടെ കവിളില്‍ നുണക്കുഴി വിടരുന്നത് അവന്‍ കണ്ടു. അവന്‍ പതുക്കെ അവളുടെ കവിളില്‍ തലോടി.
       "എനിക്കൊരു ചുംബനം തരുമോ?"
       അവള്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.
       "ഒന്ന്."
       അവള്‍ രണ്ടു നിമിഷം അവന്‍റെ കണ്ണുകളില്‍ത്തന്നെ നോക്കി.പിന്നെ, നനുത്ത പുഞ്ചിരിയോടെ അവന്‍റെ അടുത്തേക്ക് ചെന്നു.
       അവളുടെ ശരീരം അവനെ മുട്ടി.
       അവന്‍റെ കൈകള്‍ അവളെ വലയം ചെയ്തു.
       അവളുടെ ചുണ്ടുകള്‍ അവന്‍റെ കവിളില്‍ അമര്‍ന്നു.


III


       അമ്പലക്കുളത്തിനടുത്ത് അവര്‍ ഒരു ചാമ്പത്തൈ നട്ടു.


IV


“പ്രഭു, ഇനി നീ എന്‍റെ മകളുടെ പുറകെ നടക്കരുത്.”
 ആരതിയുടെ അച്ഛന്‍ മാധവമേനോന്‍ പറഞ്ഞു. അയാളുടെ ശബ്ദം പേടിപ്പെടുത്തും വിധം വിറച്ചിരുന്നു.
അവന്‍ ശിരസ്സ്‌ കുനിച്ചു.
“ഞാന്‍ പറഞ്ഞത് മനസ്സിലായോ നിനക്ക്?”
അവനൊന്നും മിണ്ടിയില്ല. എങ്കിലും അവന്‍റെ കണ്ണുകളില്‍ ഒരു കാമുകന്‍റെ എതിര്‍ക്കാനുള്ള അഭിവാഞ്ജ സ്ഫുരിച്ചിരുന്നു.
“ഇനി നിനക്ക് പോകാം. അവളുടെ വിവാഹം ഞാന്‍ നിശ്ചയിച്ചു.”
“ഇല്ല, അവള്‍ വിവാഹം കഴിക്കുന്നെങ്കില്‍ അത് എന്നെ മാത്രമായിരിക്കും.”
അവന്‍റെ വാക്കുകളില്‍ നിറയെ നിശ്ചയദാര്‍ഡ്യമായിരുന്നു.
മാധവമേനോന്‍ ക്രുദ്ധനായി അവനെ നോക്കി. എന്നിട്ട് ചോദിച്ചു.
ആരതിയെ വിവാഹം ചെയ്യാന്‍ എന്ത് യോഗ്യതയാണ് നിനക്കുള്ളത്? അവളെ പോറ്റാനുള്ള കഴിവ് നിനക്കുണ്ടോ? അവളുമായി വിവാഹം നിശ്ചയിച്ചിരിക്കുന്ന മഹേഷ്‌ അമേരിക്കയില്‍ ജോലി ചെയ്യുന്നു. അവനു കോടികളുടെ ആസ്തിയുണ്ട്, നിനക്കോ?”
അവന്‍റെ ശിരസ്സ്‌ താണു.


V



 “എന്നെ വിവാഹം ചെയ്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും.”
 അവള്‍ പറഞ്ഞു. അവള്‍ കരയുന്നുണ്ടായിരുന്നു.
 അവന്‍ അവളെ നോക്കുക മാത്രം ചെയ്തു.
 “എന്തെ ഒന്നും മിണ്ടാത്തത്. എന്നോട് സ്നേഹമില്ലേ?”
ഒരു ഇളംകാറ്റ് അവരെ തലോടി കടന്നുപോയി.
അയാള്‍ മനസ്സിലെന്തോ ഉറപ്പിച്ചതുപോലെ തലകുലുക്കി.
അവള്‍ അവന്‍റെ നെഞ്ചിലേക്ക് ചാഞ്ഞു. അവന്‍ അവളുടെ നെറുകയില്‍ ചുംബിച്ചു.


VI


         അവന്‍ നാട് വിട്ടു.

VII


            പ്രഭു നെടുതായി നിശ്വസിച്ചു.
            അഞ്ചു വര്‍ഷം.
            അവന്‍ ഓര്‍ത്തു. നീണ്ട അഞ്ചുവര്‍ഷങ്ങള്‍.
            എന്തിനാണിപ്പോള്‍ ഒരു മടക്കം.
            അറിയില്ല. അവന്‍ തന്നോട് തന്നെ പറഞ്ഞു.
            മരത്തില്‍ നിന്നും ഒരു ചാമ്പങ്ങ പറിച്ചുതിന്നുകൊണ്ട് അയാള്‍ മുന്നോട്ടു നടന്നു. വഴി വിജനമായിരുന്നു.
            അവന്‍ നടന്നു ആരതിയുടെ വീടിനു മുന്നിലെത്തി. അയാള്‍  ഒരു നിമിഷം ശങ്കിച്ചു നിന്നു. പിന്നെ, ഗേറ്റ് തുറന്നു അകത്തേക്ക് നടന്നു.
            കൂട്ടില്‍ ഒരു അല്‍സേഷ്യന്‍ കുറച്ചു.
            അയാള്‍ വരാന്തയിലെത്തി. കോളിങ്ങ് ബെല്‍ അമര്‍ത്തി.അകത്തു കിളി ചിലച്ചു.വാതില്‍ തുറന്നു മാധവമേനോന്‍ പുറത്തേക്ക് വന്നു.
            നാല് കണ്ണുകളും തമ്മിലിടഞ്ഞു.
            അവന്‍ അത്ഭുതത്തോടെ മാധവമേനോനെ നോക്കി. അയാള്‍ക്ക്‌ മുപ്പതു വയസ്സെങ്കിലും കൂടിയതായി അവനു തോന്നി. രോമമെല്ലാം നരച്ചിരിക്കുന്നു. നടുവിന് ചെറുതായി വളവുണ്ട്. കണ്ണുകള്‍ കുഴിഞ്ഞിരിക്കുന്നു. കവിള്‍ ഒട്ടിയിട്ടുണ്ട്.
            അവന്‍ ഖേദത്തോടെ മുഖം തിരിച്ചു. വരേണ്ടിയിരുന്നില്ല എന്ന് തോന്നി.
            “നീയോ?”
            ഏതോ ഗുഹയുടെ അകത്തുനിന്നാണ് ആ ശബ്ദം വന്നതെന്ന് അവനു തോന്നി.
            “ആരതിയെ കാണാന്‍ വന്നതാണ്. അവള്‍ ഇവിടെയുണ്ടോ, അതോ ഭര്‍ത്താവിന്‍റെ വീട്ടിലാണോ?”
            മാധവമേനോന്‍റെ കണ്ണുകളില്‍ രണ്ടു മിഴിനീര്‍ തിളങ്ങി. അയാള്‍ കണ്ണ് തുടച്ചു. എന്നിട്ട് അവനെ അകത്തേക്ക് ക്ഷണിച്ചു.
            “വരൂ.”
            അവന്‍ അയാള്‍ക്ക്‌ പിന്നാലെ അകത്തേക്ക് പ്രവേശിച്ചു.
            മാധവമേനോന്‍ ചുവരിലെ ഒരു ഫോട്ടോയിലേക്ക് കൈ ചൂണ്ടി…
            …..
            …
            .

No comments:

Post a Comment